വയനാട്ടില്‍ വിജയിച്ച പദ്ധതി; നടപ്പിലായാല്‍ പാല്‍ ഉത്പാദനമുയരും ഗുണമേന്മയും

പ്രാദേശിക ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ ശേഖരണ സമയം പുന:ക്രമീകരിക്കുമ്പോള്‍ രണ്ട് കറവകള്‍ക്കിടയില്‍ 12 മണിക്കൂര്‍ ഇടവേള ഉറപ്പാക്കുന്ന വിധം രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന ക്രമത്തില്‍ മാറ്റണമെന്നതാണ് കര്‍ഷകരില്‍ നിന്നും പൊതുവില്‍ ഉയരുന്ന ആവശ്യം.

By ഡോ. എം. മുഹമ്മദ് ആസിഫ്

കൂടുതല്‍ പാല്‍ ഉത്പാദനത്തിന് സഹായിക്കുന്നവിധം സംസ്ഥാനവ്യാപകമായി പ്രാദേശികക്ഷീരസഹകരണസംഘങ്ങള്‍ വഴിയുള്ള പാല്‍ ശേഖരണസമയം മാറ്റുന്നത് പരിഗണനയിലാണെന്ന തീരുമാനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചത് ഈയിടെയാണ്. കറക്കുന്ന പശുക്കളില്‍ രണ്ട് കറവകള്‍ക്കിടയിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം കൂട്ടുന്ന രീതിയില്‍ പാല്‍ശേഖരണ സമയം പുന:ക്രമീകരിക്കുമെന്ന ആശയത്തിന് വലിയ സ്വാഗതമാണ് ക്ഷീരകര്‍ഷകസമൂഹത്തില്‍ നിന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.  ഈ തീരുമാനം നടപ്പിലായാല്‍ ക്ഷീരകേരളത്തിന്റെ തലവര തന്നെ മാറുമെന്നത് തീര്‍ച്ച,കാരണം സാമൂഹികമായും സാമ്പത്തികമായും ഉല്‍പ്പാദനപരമായും അത്രത്തോളം മാറ്റങ്ങള്‍ കേരളത്തില്‍ പാലുല്‍പ്പാദനരംഗത്ത് കൊണ്ടുവരാന്‍ ഈ ഒരൊറ്റ തീരുമാനത്തിന് കഴിയും. പ്രാദേശിക ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ ശേഖരണ സമയം പുന:ക്രമീകരിക്കുമ്പോള്‍ രണ്ട് കറവകള്‍ക്കിടയില്‍  12 മണിക്കൂര്‍ ഇടവേള ഉറപ്പാക്കുന്ന വിധം രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന ക്രമത്തില്‍ മാറ്റണമെന്നതാണ് കര്‍ഷകരില്‍ നിന്നും പൊതുവില്‍ ഉയരുന്ന ആവശ്യം.

പാലുത്പാദനമുയരും  ഗുണമേന്മയും

കേരളത്തിലെ നിലവില്‍ രാവിലത്തെ ഒന്നാമത്തെ കറവയും ഉച്ച കഴിഞ്ഞുള്ള രണ്ടാമത്തെ കറവയും തമ്മിലുള്ള സമയവ്യത്യാസം 8 മണിക്കൂറാണ്. ഭൂരിഭാഗം ക്ഷീരസംഘങ്ങളില്‍നിന്നും രാവിലെ 7.30 നകം മില്‍മയുടെ പാല്‍വണ്ടികള്‍ വന്ന് രാവിലെ ശേഖരിച്ച പാല്‍ മില്‍മയുടെ തന്നെ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് കറക്കുന്ന പാല്‍ ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച് മില്‍മയുടെ വാഹനം 1.30 നും 3.30നും ഇടയില്‍ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഈ രീതിയില്‍ കാലാകാലങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളിലെ സംഭരണ സമയത്തിനനനുസരിച്ച് കറവനടത്താനും കറവകള്‍ക്കിടയിലെ ഇടവേള ചുരുക്കാനും ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധിതരായി തീരുന്നു എന്ന് വേണം പറയാന്‍. പാദത്തിനൊത്ത ചെരിപ്പ് വാങ്ങുന്നതിന് പകരം ചെരിപ്പിനൊത്ത് പാദം മുറിക്കുന്ന സമീപനമാണിത്. ഈ രീതി കാരണം പശുക്കള്‍ക്ക് ആരോഗ്യപരമായും ഉത്പാദനപരമായും സംഭവിക്കുന്ന കഷ്ടതകള്‍ ഏറെയാണ്. ഒരു ദിവസം രാവിലത്തെയും ഉച്ചക്കത്തെയും രണ്ട് കറവകള്‍ക്കിടയിലെ ഇടവേള എട്ട് മണിക്കൂറാണെങ്കില്‍ അടുത്ത കറവ പിറ്റേ ദിവസം രാവിലെ 15-16 മണിക്കൂറുകള്‍ക്ക് ശേഷമാണ്. അത്യുല്‍പ്പാദനമുള്ള പതിനഞ്ച് ലിറ്ററിന് മേല്‍ കറവയുള്ള പശുക്കളില്‍ ഇതുണ്ടാക്കുന്ന ശാരീരികസമ്മര്‍ദ്ദം ചെറുതല്ല. മാത്രമല്ല അകിടില്‍ കറവ നടക്കാതെ നിറഞ്ഞ് തുളുമ്പുന്ന പാല്‍ അകിടുവീക്ക രോഗങ്ങള്‍ക്ക് എളുപ്പം വഴിയൊരുക്കും.ഇത് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവുമേറെ.

രണ്ട് കറവകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ അത് പശുക്കളുടെ പ്രതിദിന പാലുല്‍പ്പാദനത്തിലും പാലിന്റെ പാലിന്റെ ഗുണനിലവാരത്തിലും മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കും. പ്രസവം കഴിഞ്ഞ് രണ്ട് മാസത്തില്‍ പരമാവധി കറവയിലെത്തിയ ഒരു പശുവിന് രാവിലെ എട്ട് ലിറ്ററും തുടര്‍ന്ന് എട്ട് മണിക്കൂര്‍ കഴിഞ്ഞ് കറക്കുമ്പോള്‍ നാല് ലിറ്ററുമാണ് കറവയെന്ന് കരുതുക. എന്നാല്‍ കറവസമയത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ എന്ന ഇടവേള കൊണ്ടു വരുമ്പോള്‍ പാലുല്‍പ്പാദത്തില്‍ ഉയര്‍ച്ചയുണ്ടാവും. രണ്ടാമത്തെ കറവയില്‍ ആദ്യത്തെ കറവയില്‍ കിട്ടിയതിനോടുത്ത അളവ് തന്നെ പാല്‍ ലഭിക്കും. അതായത് നിലവില്‍ എട്ട് മണിക്കൂര്‍ ഇടവിട്ട് കറക്കുമ്പോള്‍ രാവിലെ എട്ടും വൈകിട്ട് നാല് ലിറ്ററും അടക്കം ആകെ 12 ലിറ്റര്‍ ആണ് ഉല്‍പ്പാദനം എന്നിരിക്കട്ടെ. കറവ ഇടവേള പന്ത്രണ്ട് മണിക്കൂര്‍ ആവുമ്പോള്‍ രാവിലത്തെയും വൈകിട്ടത്തെയും ഉത്പാദനം യഥാക്രമം ഏഴും ആറും ലിറ്ററായി ഉയര്‍ന്ന് ആകെ ഉത്പാദനം 13 ലിറ്റര്‍ വരെയാവും. ദിവസം മൊത്തം ഒരു ലിറ്ററിന്റെ ഉത്പാദന വ്യത്യാസം. പാലളവ് മാത്രമല്ല പാലിലെ ശരാശരി കൊഴുപ്പിലും വര്‍ധനയുണ്ടാവും. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഉത്പാദന മികവുള്ള പശുക്കളില്‍ കറവ ഇടവേള കൂട്ടുമ്പോള്‍ പാലളവ് ഇനിയും ഉയരും. ദിവസം ഒന്നോ രണ്ടോ ലിറ്ററോ പാല്‍ കൂടിയാല്‍ തന്നെ അത് ക്ഷീരകര്‍ഷകരെ സംബന്ധിച്ച് സാമ്പത്തികനേട്ടമാണ്. മലബാര്‍ യൂണിയനില്‍ വയനാട് അടക്കം ചില മേഖലകളില്‍ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത് വന്‍ വിജയമായിരുന്നു. പാലിന്റെ ആകെ ഉത്പാദനവും ഗുണനിലവാരത്തിലുമെല്ലാം മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിഷ്‌കാരം സഹായിച്ചെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയപ്പോള്‍ വ്യക്തമായതാണ്.

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവും സമ്മര്‍ദ്ദമകലും

പാല്‍ശേഖരണം സമയം രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന രൂപത്തില്‍ മാറ്റിയാല്‍ ക്ഷീരകര്‍ഷകര്‍ക്ക് അത് നല്‍കുന്ന ആശ്വാസം ചെറുതല്ല. നിലവിലെ രാവിലെ 6.30 നും 7.30 നും ഇടക്കുള്ളതും വൈകിട്ട് മൂന്ന് നാല് മണിക്കുള്ളിലുള്ളതുമായ പാല്‍ സംഭരണ സമയം ക്ഷീരകര്‍ഷകര്‍ക്കുണ്ടാക്കുന്ന സമ്മര്‍ദ്ദം ഏറെയാണ്. കറവസമയം ഈ പാല്‍ ശേഖരണ രീതിക്കനുസരിച്ചായതിനാല്‍ മറ്റൊരു ജോലിക്കും പോവാന്‍ സാഹചര്യമില്ല. എന്തിനേറെ ഒരു വിവാഹമോ വീട്ടുകൂടലോ എന്തിന് ഒരു മരണവീട്ടില്‍ പോലും പോയി മനസമാധാനത്തോടെ സമയം ചിലവിടാന്‍ ക്ഷീരകര്‍ഷകനാവാത്തതിന്റെ മുഖ്യകാരണം അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച കുറഞ്ഞ കറവ ഇടവേളയും പാല്‍ സംഭരണ സമയ ക്രമവുമാണ്. പല ക്ഷീര കര്‍ഷക പരിശീലന ക്ലാസുകളിലും പോലും പോവുമ്പോള്‍ ഒരു പന്ത്രണ്ടുമണി കഴിയുമ്പേഴേക്കും കര്‍ഷകര്‍ അസ്വസ്ഥരാവുന്നത് കാണാം, ചിലര്‍ പരിശീലനങ്ങളില്‍ ഒരുക്കിയ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ നില്‍ക്കാതെ വേഗം വീട്ടിലേക്ക് തിരിക്കും. കാരണം മറ്റൊന്നുമല്ല, കറവയെ കുറിച്ചും പാല്‍ വൈകിട്ട് മൂന്ന് മൂന്നര മണിക്കുള്ളില്‍ ക്ഷീര സംഘങ്ങളില്‍ എത്തിക്കേണ്ട ടെന്‍ഷന്‍ തന്നെ.  

ഈ സാഹചര്യങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റമുണ്ടാവണം. നാടിനെ നല്ല പാലൂട്ടുന്ന ക്ഷീരകര്‍ഷകരും മനുഷ്യരാണ്, അവര്‍ക്ക് നമ്മള്‍ എല്ലാവരുടെയും പോലെ സാമൂഹ്യ ജീവിതത്തിനുള്ള അവസരം നല്‍കേണ്ടതുണ്ട്. സമ്മര്‍ദ്ദമില്ലാതെ തൊഴില്‍ ചെയ്യാനും പാലുല്‍പ്പാദനത്തില്‍ ഏര്‍പ്പെടാനും അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും ഒരുക്കി നല്‍കേണ്ടത് അവരുടെ സേവനത്തിന്റെ ഗുണം നല്ല പാലായി കുടിച്ച് അനുഭവിക്കുന്ന പൊതു സമൂഹത്തിന്റെ കടമയാണ്. കറവസമയവും പാല്‍ ശേഖരണ സമയവും പുന:ക്രമീകരിച്ച്  കഴിഞ്ഞാല്‍ അഞ്ചോ ആറോ പശുക്കളെ മാത്രം വളര്‍ത്തുന്നവര്‍ക്ക് മറ്റു ജോലികള്‍ക്ക് കൂടി പോയി കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. രാവിലെ കറവ കഴിഞ്ഞ് ജോലികള്‍ക്ക് പോകുന്ന വഴി പാല്‍ ക്ഷീരസംഘത്തില്‍ അളന്ന്, ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വൈകിട്ടത്തെ പാല്‍ 6.30 നകം ക്ഷീരസംഘങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. പാല്‍ ശേഖരണ സമയത്തിന്റെ പുന:ക്രമീകരണ തീരുമാനം നടപ്പാക്കണമെങ്കില്‍ സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ സഹകരണം അനിവാര്യമാണ്. പാല്‍ ശീതീകരിക്കുന്നതിനുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍(ബി.എം.സി) സംവിധാനം വ്യാപകമാക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങളും വേണ്ടതുണ്ട്. പാലുത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈര്‍ഘ്യം കൂട്ടാനുമായി പാല്‍ ശേഖരണ സമയം മാറ്റുന്നതിനുള്ള വിപ്ലവകരമായ തീരുമാനം പ്രായോഗികമാക്കാനുള്ള നടപടികള്‍ ഇനി വൈകരുത്.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs