ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

12 സെന്റിലുള്ള 1700 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ മുകളില്‍ പച്ചക്കറികളും ചക്കയും മാങ്ങയും പേരയും നെല്ലുമൊക്കെ വിളഞ്ഞു നില്‍ക്കുന്നു.

By നൗഫിയ സുലൈമാന്‍
2025-03-31

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ് കൃഷിയിലൂടെ  ലോക റെക്കോഡുകള്‍ സ്വന്തമാക്കിയൊരാള്‍ ഒരുപക്ഷേ ജയപ്രീത മാത്രമായിരിക്കും. പാലക്കാട് കരിമ്പ ഇടക്കുറിശിയിലാണ് ജയപ്രീതയുടെ വീട്. കൃഷിയില്‍ പറയാന്‍ മാത്രം മുന്‍പരിചയമൊന്നുമില്ലെങ്കിലും ജയപ്രീത വീടിന്റെ  പരിസരത്തും ടെറസിലും വിവിധ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും  വിളയിച്ചെടുക്കുന്നു.

ലോക റെക്കോഡും കൃഷിയിലൂടെ

പക്ഷേ ഭര്‍ത്താവ് പ്രിനേഷ് നല്ലൊരു കര്‍ഷകനാണ്. എന്നാല്‍ വെറുതേ ഇരിക്കുന്ന നേരങ്ങളില്‍ യുട്യൂബില്‍ കണ്ട് രസിച്ച കൃഷിക്കാരുടെ വിഡിയോകളാണ് ഇവരെ കര്‍ഷകയുടെ കുപ്പായമണിയിച്ചത്. ഇങ്ങനെ കണ്ട കൃഷി വിഡിയോകളില്‍ ഒരു സ്ത്രീയുടെ മട്ടുപ്പാവ് കൃഷി കണ്ട് ഇഷ്ടം തോന്നി. ആ ഇഷ്ടമാണ് കൃഷിയുടെ ലോകത്തിലേക്കെത്തിക്കുന്നത്.  12 സെന്റിലുള്ള 1700 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ മുകളില്‍ പച്ചക്കറികളും ചക്കയും മാങ്ങയും പേരയും നെല്ലുമൊക്കെ വിളഞ്ഞു നില്‍ക്കുന്നു. മട്ടുപ്പാവിലെ തോട്ടത്തിലെ ചെറിയ ചെടിച്ചട്ടിയില്‍ നട്ട രണ്ട് മാസം പ്രായമുള്ള പേരയില്‍ ഏകദേശം ഒരു കിലോ വലുപ്പമുള്ള പേരയ്ക്കയാണ് കായ്ച്ചത്. ചെറിയ മരത്തില്‍ ഇത്രയും വലിപ്പമുള്ള ഫലമുണ്ടായതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ് ലഭിച്ചത്. ഏറ്റവും വലിയ നടീല്‍ മധുരചേമ്പിന് ടൈം വേള്‍ഡ് റെക്കോഡും കലാം വേള്‍ഡ് റെക്കോഡുമാണ് കിട്ടിയത്.

''വെറുമൊരു ഇഷ്ടത്തിന് തുടങ്ങിയതാണ്. ഇഷ്ടം മാത്രമല്ല വിഷമടിക്കാത്ത പച്ചക്കറികളും കിട്ടുമല്ലോ അതുമൊരു വലിയ കാര്യമല്ലേ'' ജയപ്രീത കൃഷി വര്‍ത്തമാനങ്ങള്‍ പറഞ്ഞു തുടങ്ങി. ഏതാനും വര്‍ഷം മുന്‍പ് മക്കള്‍ സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ രണ്ട് പാക്കറ്റ് വിത്തു കൊണ്ടുവന്നിരുന്നു. വെള്ളരിയും ചീരയുമൊക്കെയായിരുന്നു. ആ വിത്തുകള്‍ ഗ്രോബാഗില്‍ നട്ടു. നന്നായി പിടിക്കുകയും ചെയ്തു. ചാണകമല്ലാതെ വേറൊന്നും വളമായി നല്‍കിയിരുന്നില്ല. നല്ല വിളവ് കിട്ടിയതോടെ അതൊരു പ്രചോദനമായി. വലിയ പരിചരണമൊന്നും ഇല്ലാതെ ഇത്രയും വിളവ് കിട്ടുമെങ്കില്‍ കുറച്ചു ശ്രദ്ധയൊക്കെ നല്‍കി കൃഷി ചെയ്താലോയെന്നൊരു ചിന്തയും യുട്യൂബിലെ കര്‍ഷകരുടെ വിശേഷങ്ങളുമൊക്കെയായപ്പോള്‍ കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചു. 100 ഗ്രോബാഗില്‍ തുടക്കമിട്ടു. പിന്നീട് എണ്ണം കൂട്ടുകയായിരുന്നു. ഇപ്പോള്‍ 1200 ചട്ടികളില്‍ പല തരം കൃഷി ചെയ്യുന്നുണ്ട്. ഗ്രോബാഗുകളില്‍ ഒഴിവാക്കി ഇപ്പോള്‍ പൂര്‍ണമായും ചട്ടികളാണ് ഉപയോഗിക്കുന്നത്.

50 മണ്‍ചട്ടികള്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ചിരുന്നു. പക്ഷേ അതൊക്കെ വാര്‍ക്ക വീടിന്റെ മുകളില്‍ വയ്ക്കുന്നത് അത്ര നല്ലതല്ല, അവയ്ക്ക് നല്ല കനമാണ്. വീടിന് മുകളിലുള്ളവയെല്ലാം പ്ലാസ്റ്റിക് ചട്ടികളാണ്. ടെറസിന് മുകളിലേക്ക് മണ്ണെത്തിക്കുകയാണ് ശ്രമകരമായ പണി. മറ്റു കൃഷി പണികളൊന്നും ബുദ്ധിമുട്ടേറിയതല്ല. ആദ്യനാളുകളില്‍ മറ്റുള്ളവരില്‍ നിന്നു വിത്തും തൈകളും വാങ്ങിക്കുമായിരുന്നു. കര്‍ഷകതിലകമൊക്കെ കിട്ടിയ ഒരു കര്‍ഷകയെ പരിചയമുണ്ട്, അവരെനിക്ക് വിത്തുകള്‍ അയച്ചു തന്നിട്ടുണ്ട്. ഇപ്പോ പലയിടങ്ങളിലുള്ള നിരവധി കര്‍ഷകരുമായി സൗഹൃദമുണ്ട്. അവരില്‍ നിന്നൊക്കെ വിത്തുകള്‍ വാങ്ങിയിരുന്നു. ഇപ്പോ കൂടുതലും തൈയില്‍ നിന്നു തന്നെ വിത്തുണ്ടാക്കി പുതിയവ നടുന്നതാണ് പതിവ്. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് വിത്തുകള്‍ വില്‍ക്കുകയും സൗജന്യമായും നല്‍കുന്നുമുണ്ടെന്നു പറയുന്നു ജയപ്രീത.

വ്യത്യസ്തയുടെ കൗതുകം

വ്യത്യസ്ത തരം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ വളരുന്ന കൊച്ചു കൃഷിയിടമാണ് ജയപ്രീതയുടെ വീടിന്റെ ടെറസ്. പയര്‍, പടവലം, കോവല്‍, കുമ്പളം, മത്തന്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, സവാള, വെണ്ട, വിവിധതരം വഴുതനകള്‍, മുന്തിരിമുളക്, കാന്താരി മുളക്, പച്ചമുളക് വ്യത്യസ്തയിനം പച്ചമുളകുകള്‍, ബ്ലാത്താങ്കര, പൊന്നാങ്കണ്ണി, പാലക് ചീര, മയില്‍പ്പീലി, കെയില്‍ ചീര തുടങ്ങി ഏഴുതരത്തിലുള്ള ചീരകള്‍, മുരിങ്ങ, അമരപ്പയര്‍, ചുരയ്ക്ക തുടങ്ങി ഒട്ടുമിക്ക പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മാവ്, പ്ലാവ്, മൂന്നു തരം സപ്പോട്ട, ഞാവല്‍, മുസംബി, മൂന്നിനം പേരയ്ക്ക, ചാമ്പ, അമ്പഴം, ഷമാം, സ്റ്റാര്‍ഫ്രൂട്ട്, ജബോട്ടിക്കാബ, മാതളം, സ്‌ട്രോബറി, ഡ്രാഗണ്‍ഫ്രൂട്ട് ഇങ്ങനെ നീളുന്ന ഫലവൃക്ഷങ്ങളുടെ പേരുകള്‍. ഇവയൊക്കെ പെയിന്റ് ബക്കറ്റിലാണ് നട്ടിരിക്കുന്നത്. ഇടയ്ക്കിടെ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കുന്നതിനാല്‍ മരങ്ങള്‍ക്ക് അധികം ഉയരം ഉണ്ടാകില്ല. വിവിധതരം കിഴങ്ങുകളും ചോളവുമൊക്കെയുണ്ട്. മൂന്നിനം മധുരക്കിഴങ്ങ്, കൂവ, മഞ്ഞള്‍, ഇഞ്ചി എന്നിവയും നട്ടിട്ടുണ്ട്. താമര, ആമ്പല്‍, ബൊഗെയ്ന്‍വില്ല, ചെണ്ടുമല്ലി തുടങ്ങിയവയൊക്കെയുള്ള പൂച്ചെടികളുടെ കൃഷിയും ജയപ്രീതയുടെ വീടിന്റെ മുറ്റത്ത് കാണാം. ജൈവപച്ചക്കറികളും പൂച്ചെടികളും വിത്തുകളും തൈയുമൊക്കെയായി വിപണിയിലും ഇടം പിടിച്ചിട്ടുണ്ട്. ജീരകശാല, രക്തശാലി, ഉമ തുടങ്ങിയ നെല്ലിനങ്ങളും കൃഷി ചെയ്യുന്നുണ്ട്.

പാലക്കാടന്‍ ചൂടിനോട് പൊരുതി കൃഷി

ബ്രോക്കോളി, ലെറ്റിയൂസ് പോലുള്ള കൃഷി ചെയ്‌തെടുക്കാന്‍ കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയുന്നു ജയപ്രീത. പാലക്കാട് നല്ല ചൂടല്ലേ. അതൊരു വലിയ പ്രശ്‌നമാണ്. ഇത്തരം സസ്യങ്ങള്‍ക്ക് നല്ല വെയില്‍ വേണ്ടതാണ്, പക്ഷേ വെയില്‍ കൂടുതല്‍ കൊണ്ടാല്‍ അവയൊക്കെ വാടി പോകും. അതുകൊണ്ട് അത്തരം ചെടികള്‍ക്ക് മൂന്നു നേരം നനയ്ക്കും. ചിലസമയങ്ങളില്‍ തണുത്ത വെള്ളം കുപ്പിയിലെടുത്ത് ശീതകാല പച്ചക്കറികളില്‍ സ്‌പ്രേ ചെയ്തു കൊടുക്കും. പഴമരങ്ങളില്‍ മൂന്നു വര്‍ഷത്തിലേറെ പ്രായമുള്ളവയുണ്ട്. മാവ് കഴിഞ്ഞ വര്‍ഷം കായ്ച്ചു, പ്ലാവില്‍ ഇത്തവണ ചക്ക ആറെണ്ണമുണ്ടായി, പേരയ്ക്ക എപ്പോഴുമുണ്ടാകും. പനിയും ചുമയുമൊക്കെ വന്നാല്‍ ഉപയോഗിക്കുന്നതിന് മരുന്നിന് വേണ്ടിയാണ് ചില ഔഷധസസ്യങ്ങള്‍ നട്ടത്. 25 ഔഷധസസ്യങ്ങളുണ്ട്. മൂന്നു തരം തുളസി, ശതാവരി, ആടലോടകം, രാമച്ചം, ബ്രഹ്മി, വയമ്പ്, കല്ലുരുക്കി, ശംഖുപുഷ്പം, മുഞ്ഞ, മുറിക്കൂടി, മുക്കൂറ്റി, മുയല്‍ചെവിയന്‍, ചെറൂള, നീലയമരി, കറുക, കറ്റാര്‍വാഴ തുടങ്ങി നിരവധി ഔഷധസസ്യങ്ങളുണ്ട്.  

ഇരപിടിയന്‍ സസ്യം, 950 രൂപ കൊടുത്ത് ഓണ്‍ലൈനില്‍ നിന്നാണ് ഞാന്‍ വാങ്ങിയതാണ്. അതില്‍ നിന്നു കുറേ തൈകളുണ്ടാക്കി ഞാനിപ്പോ 200 രൂപയ്ക്കാണ് അവ വില്‍ക്കുന്നത്. ആമ്പലും താമരയും 75ഓളം ചട്ടിയിലുണ്ടായിരുന്നു. ഇപ്പോ അതില്‍ പലതും വിറ്റു. താമരയുടെ കിഴങ്ങ് വാങ്ങുന്നരും ചെടി ചട്ടിയോടെ വാങ്ങുന്നവരുമൊക്കെയുണ്ട്. വിത്തും തൈകളും വില്‍ക്കുന്നതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇവിടെ തന്നെയുള്ള ചെടികളില്‍ നിന്നു വിത്തെടുത്തു തൈയാക്കി വില്‍ക്കുകയാണ്. പച്ചക്കറികള്‍ക്കും ആവശ്യക്കാരേറെയുണ്ട്. ആവശ്യക്കാര്‍ വീട്ടിലേക്ക് വരികയാണ് പതിവ്. പരിചയക്കാരും സ്‌കൂളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ ആളുകള്‍ വാങ്ങാറുണ്ട്. നല്ല വിലയും കിട്ടും, ജൈവവും ഫ്രഷുമാണല്ലോ അത്തരം പച്ചക്കറികള്‍ക്ക് ഡിമാന്റുണ്ട്. മഞ്ഞളും കൂവയുമൊക്കെ പൊടിയാക്കിയും വില്‍പ്പനയുണ്ട്.  

ജൈവരീതിയില്‍ കൃഷി  

''കുമ്മായപ്പൊടിയും ചകിരിച്ചോറും ചേര്‍ത്തെടുത്ത മണ്ണ് പത്ത് ദിവസം സൂക്ഷിക്കും'' കൃഷിയൊരുക്കലിനെക്കുറിച്ച് വിശദമാക്കുകയാണ് കര്‍ഷക. കുമ്മായപ്പൊടി, വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപ്പൊടി, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്ത ശേഷം വിത്ത് പാകും. വിത്ത് മുളപ്പിച്ചതും നട്ടു കൊടുക്കാറുണ്ട്. രണ്ട് മൂന്നു ആഴ്ചയ്ക്ക് ശേഷം സ്ലറി നല്‍കും. ചാണകം, വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപ്പൊടി എന്നിവയുടെ സ്ലറിയാണ് നല്‍കുന്നത്. ഒരു കപ്പിന് പത്ത് കപ്പ് വെള്ളം എന്ന അളവില്‍ സ്ലറി നേര്‍പ്പിച്ചെടുത്ത് തൈകള്‍ക്ക് നല്‍കും. പച്ചക്കറി അവശിഷ്ടങ്ങളും കഞ്ഞിവെള്ളവും ബക്കറ്റില്‍ സൂക്ഷിച്ചുവയ്ക്കും, രണ്ട് ദിവസം കൂടുമ്പോള്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാറുണ്ട്. രാവിലെ നനയ്ക്കും, വളമിടീല്‍ വൈകുന്നേരം. ഫിഷ് അമിനോ ആസിഡ് മാത്രം രാവിലെ കൊടുക്കുകയുള്ളൂ. രാവിലെയും വൈകുന്നേരവും മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ തോട്ടത്തിലേക്ക് പോകാനെനിക്ക് ഇഷ്ടമാണ്. അതാണ് എന്റെ സന്തോഷം. എവിടെ പോയാലും വൈകുന്നേരത്തോടെ ഞാന്‍ വീടെത്തും. കൃഷിത്തോട്ടത്തിലെ സസ്യങ്ങളെ കാണാതെ, അവയോട് സംസാരിക്കാതെയിരിക്കാന്‍ സാധിക്കില്ലെന്നാണ് ജയപ്രീത പറയുന്നത്.

കൃഷി വിപുലമാക്കല്‍  

കൃഷി വിപുലമാക്കണം, നഴ്‌സറി ആരംഭിക്കണമെന്നൊക്കെയാണ് ജയപ്രീതയുടെ ആഗ്രഹങ്ങള്‍. അതിനുവേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നകലെയല്ലാതെ 12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. ആ മണ്ണില്‍ നഴ്‌സറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണിവര്‍. കൃഷിയ്ക്ക് പുറമേ കേക്ക് നിര്‍മാണവും വില്‍പ്പനയുമുണ്ട്. വിപുലമായ രീതിയില്‍ ചെയ്യുമ്പോള്‍ കുറച്ച് സ്ത്രീകള്‍ക്ക് തൊഴില്‍ കൊടുക്കാനാകുമല്ലോ. അങ്ങനെയൊരു ലക്ഷ്യം കൂടി മനസിലുണ്ടെന്നു പറയുകയാണ് ജയപ്രീത. വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങി വിപുലമായ കൃഷിയാണ് ഭര്‍ത്താവ് ചെയ്യുന്നത്. കരിമ്പയ്ക്ക് അടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിലാണ് അദ്ദേഹം ചെയ്യുന്നത്. തച്ചമ്പാറയിലെ സ്വന്തം സ്ഥലമായ 50 സെന്റില്‍ തെങ്ങും കവുങ്ങുമൊക്കെ നട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണപിന്തുണയുണ്ട്. മട്ടുപ്പാവ് കൃഷിയുടെ ആദ്യനാളുകളില്‍ അമ്മയ്ക്ക് വേറെ പണിയില്ലേ എന്നു ചോദിച്ചവരാണ് മക്കള്‍. പക്ഷേ ഇപ്പോ പഴങ്ങളൊക്കെ ഉണ്ടായി കിടക്കുന്നത് കണ്ടും രുചിച്ചും അവര്‍ക്ക് ഇതൊക്കെ ഇഷ്ടമാണെന്നു ജയപ്രീത. ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥി അശ്വിന്‍, പ്ലസ് ടുക്കാരിയായ അശ്വതി, ഏവിയേഷന്‍ കോഴ്‌സ് ചെയ്യുന്ന അശ്വിനി എന്നിവരാണ് മക്കള്‍.

Leave a comment

ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്

Related News

Leave a comment

© All rights reserved | Powered by Otwo Designs