ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക
ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക. ഗുര്‍ദാസ്പൂരിലെ ബട്ടാല എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് ഈ ആടുകള്‍ക്ക് ബീറ്റല്‍ എന്ന പേരു ലഭിച്ചത്. പഞ്ചാബിലെ ഗോത്രവര്‍ഗ്ഗമായ സാന്‍സി ആദിവാസി സമൂഹമാണ് പരമ്പരാഗതമായി ബീറ്റല്‍ ആടുകളുടെ പ്രധാന പരിരക്ഷകര്‍. പാക്കിസ്ഥാനിലും പ്രശസ്തമായ ബീറ്റല്‍ ആടുകള്‍ക്ക് ലാഹോറി ആടുകളെന്ന പേരുമുണ്ട്. അമൃതസാരി എന്ന് അറിയപ്പെടുന്നതും ബീറ്റല്‍ തന്നെ. പൂജ്യം ഡിഗ്രി വരെയെത്തുന്ന തണുപ്പിനെയും 50 ഡിഗ്രി വരെ ഉയരുന്ന ചൂടിനെയും അതിതീവ്രവര്‍ഷക്കാലത്തെയുമെല്ലാം അതിജീവിക്കാനുള്ള കാലാവസ്ഥാപ്രതിരോധശേഷി ബീറ്റല്‍ ആടുകള്‍ക്കുണ്ട്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുല്പാദനത്തിന്റെയും കാര്യത്തില്‍ ജമുനാപാരി ആടുകള്‍ക്ക് പിന്നിലാണെങ്കിലും പ്രത്യുല്‍പാദനക്ഷമതയിലും വൈവിധ്യമാര്‍ന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാള്‍ മികവ് ബീറ്റല്‍ ആടുകള്‍ക്കാണ്. എണ്ണക്കറുപ്പിന്റെ അഴക് എണ്ണക്കറുപ്പിന്റെ ഏഴഴകാണ് പഞ്ചാബി ബീറ്റല്‍ ആടുകളുടെ മേനിക്കുള്ളത്. തിളക്കമുള്ള തവിട്ടുകലര്‍ന്ന കറുപ്പ് നിറത്തിലും തവിട്ടിലും കറുപ്പിലും പടര്‍ന്ന വെളുത്ത പാടുകളോടെയും ബീറ്റല്‍ ആടുകളെ കാണാം. ഏകദേശം ഒരടിയോളം വലിപ്പത്തില്‍ താഴേക്ക് തൂങ്ങി വളര്‍ന്ന വീതിയുള്ള നീളന്‍ ചെവികളും മുന്നോട്ട് തള്ളിനില്‍ക്കുന്ന നാസികപാലവും റോമന്‍ മൂക്കും, വലിയ ഒരു കോണ്‍ പോലെ നീണ്ട അകിടുകളും ബീറ്റല്‍ ആടുകളുടെ കരിവര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടും. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന നീളന്‍ കൊമ്പുകളാണ് ബീറ്റല്‍ ആടുകളുടെ മറ്റൊരു സവിശേഷത. ബീറ്റല്‍ പെണ്ണാടുകളെ 11 - 12 മാസം പ്രായമെത്തുമ്പോള്‍ ഇണചേര്‍ക്കാം. 16 - 17 മാസം പ്രായമെത്തുമ്പോള്‍ ആദ്യപ്രസവം നടക്കും. രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ ഒറ്റ പ്രസവത്തില്‍ സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ശരാശരി 3 കിലോയിലധികം ജനനതൂക്കമുണ്ടാവും. നല്ലതുപോലെ പാല്‍ നല്‍കി വളര്‍ത്തിയാല്‍ മികച്ച വളര്‍ച്ചാനിരക്കുള്ള കുഞ്ഞുങ്ങള്‍ മൂന്നു-നാല് മാസങ്ങള്‍ കൊണ്ട് 20 കിലോയോളം ശരീരതൂക്കം കൈവരിക്കും. പ്രസവം കഴിഞ്ഞ ആടുകളില്‍ കറവക്കാലം ഏകദേശം 6 മാസത്തോളം നീണ്ടുനില്‍ക്കും. ദിവസം ശരാശരി 2.5 മുതല്‍ 3 ലിറ്റര്‍ വരെ പാല്‍ ലഭിക്കും. പ്രസവം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോള്‍ വീണ്ടുമിണചേര്‍ക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മില്‍ 10 മുതല്‍ 11 മാസം ഇടവേളയുണ്ടാകും. പൂര്‍ണവളര്‍ച്ച കൈവരിച്ച ബീറ്റല്‍ മുട്ടനാടുകള്‍ക്ക് ശരാശരി 70 മുതല്‍ പരമാവധി 120 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും. പെണ്ണാടുകള്‍ക്ക് 50 മുതല്‍ 70 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഭക്ഷണം ധാരാളം നല്ല വളര്‍ച്ചയും തൂക്കവും ഉള്ളതുകൊണ്ട് തന്നെ അതിനനുസരിച്ചു ധാരാളം തീറ്റ കഴിക്കുന്നവയുമാണ് ബീറ്റല്‍ ആടുകള്‍. മുതിര്‍ന്ന ഒരാടിന് പ്രതിദിനം അഞ്ചുകിലോഗ്രാം വരെ തീറ്റപ്പുല്ല്, വൃക്ഷയിലകള്‍ എന്നിവയടങ്ങിയ പരുഷാഹാരവും ശരീരതൂക്കത്തിന്റെ ഒരു ശതമാനമെന്ന കണക്കില്‍ പിണ്ണാക്കും തവിടും ധാന്യപ്പൊടികളും അടങ്ങുന്ന സാന്ദ്രീകൃതതീറ്റയും ശരീരസംരക്ഷണത്തിന് വേണ്ടി മാത്രം നല്‍കേണ്ടതുണ്ട്. പെണ്ണാടുകള്‍ക്ക് പാലുല്പാദനത്തിന്റെ തോതും, മുട്ടനാടുകള്‍ക്ക് ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കുന്നതും അനുസരിച്ച് കൂടുതല്‍ തീറ്റ നല്‍കണം. തീറ്റച്ചിലവ് പൊതുവെ കൂടുതല്‍ ആണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മികച്ച ശരീരതൂക്കം കൈവരിക്കുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങളുടെ വില്പനയിലൂടെയും പാല്‍ വിപണനത്തിലൂടെയും മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയും എന്നത് ഉറപ്പാണ്. തദ്ദേശീയമായ വര്‍ഗമേന്മ കുറഞ്ഞ ആടുകളുടെ വര്‍ഗോദ്ധാരണത്തിനായി രാജ്യമെങ്ങും ബീറ്റല്‍ ആടുകളെ വ്യാപകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഇനങ്ങളുമായി പ്രജനനം നടത്തി ഗുജറാത്തി ബീറ്റല്‍, ഹൈദരബാദി ബീറ്റല്‍ തുടങ്ങിയ നിരവധി ഉപഇനങ്ങള്‍ ഇന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട് മലബാറി പെണ്ണാടുകളും ബീറ്റല്‍ ആടുകളും തമ്മില്‍ ശാസ്ത്രീയ രീതിയിലുള്ള വര്‍ഗ്ഗസങ്കരണം കേരളത്തില്‍ ഏറെ വിജയിച്ച ഒരു പ്രജനനമാര്‍ഗമാണ്. മലബാറി പെണ്ണാടുകളും ബീറ്റല്‍ മുട്ടനാടുകളും തമ്മിലുള്ള പ്രജനനം വഴിയുണ്ടാവുന്ന ആദ്യതലമുറയിലെ കുഞ്ഞുങ്ങള്‍ പൊതുവെ വളര്‍ച്ചാനിരക്കിലും പ്രത്യുല്‍പാദനക്ഷമതയിലും മലബാറിയേക്കാള്‍ മികച്ചതും രോഗപ്രതിരോധഗുണത്തില്‍ ബീറ്റലിനേക്കാള്‍ ഏറെ മികവുള്ളവയുമായിരിക്കും.
©2025 All rights reserved | Powered by Otwo Designs
Leave a comment