എലിപ്പനി തടയാം; ശ്രദ്ധിക്കാന്‍ഏഴ്പ്രതിരോധ പാഠങ്ങള്‍

കൃഷി, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ എലിപ്പനി പകരാന്‍ കൂടുതല്‍ സാധ്യതയുണ്ട്

By ഡോ എം.മുഹമ്മദ് ആസിഫ്
2023-06-18

മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലികളുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന രോഗാണുക്കള്‍ തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് മനുഷ്യരില്‍ രോഗബാധയുണ്ടാവുന്നത്. രോഗാണുമലിനമായ വെള്ളം കണ്ണിലോ മൂക്കിലോ വീഴുന്നതും വെള്ളം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗാണുവിന് നേരിട്ട് ശരീരത്തിന്റെ ഉള്ളിലേക്ക് കയറാന്‍ വഴിയൊരുക്കുന്നു. വയല്‍ പണിക്കാരുടെ രോഗം, ചെളിയില്‍ പണിയെടുക്കുന്നവരുടെ രോഗം , കരിമ്പുവെട്ടുകാരുടെ രോഗം, പന്നിവളര്‍ത്തല്‍ കര്‍ഷകരുടെ രോഗം എന്നൊക്കെയുള്ള അപരനാമങ്ങളും എലിപ്പനിക്കുണ്ട്. കൃഷി, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ എലിപ്പനി പകരാന്‍ കൂടുതല്‍ സാധ്യതയുള്ളതുകൊണ്ടാണ് ഈ പേരുകളിലും എലിപ്പനി അറിയപ്പെടുന്നത്.

കര്‍ഷകര്‍ ശ്രദ്ധിയ്ക്കാന്‍ പ്രതിരോധ പാഠങ്ങള്‍

1. ചെളിയും വെള്ളവും നിറഞ്ഞ സ്ഥലങ്ങളില്‍ കൃഷി, അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ വെള്ളം കയറാത്ത ഗംബൂട്ട്‌സുകളും റബ്ബര്‍ കൈയ്യുറകളും ധരിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുഖം കഴുകുന്നതും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. ചര്‍മ്മത്തില്‍ മുറിവോ വൃണമോ പോറലോ ഉണ്ടെങ്കില്‍ എലിപ്പനി രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിന് പുറത്ത് ബാന്‍ഡേജ് ഒട്ടിക്കണം.

2. ഫാമുകളില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുകി പോവാന്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. ഡയറി ഫാമുകളിലും പന്നിഫാമുകളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളവും ചളിയുമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യവും ഒഴിവാക്കണം. മൃഗങ്ങളെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറക്കുകയോ അതില്‍ കുളിപ്പിക്കുകയോ ചെയ്യുരുത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ വെള്ളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്. വളര്‍ത്തുമൃഗങ്ങളുടെ കുടിവെള്ളസ്രോതസ്സുകളും ആവശ്യമെങ്കില്‍ ക്ലോറിനേറ്റ് ചെയ്യാവുന്നതാണ്.

3. മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാല്‍ സോപ്പിട്ട് വൃത്തിയായി കഴുകണം. വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭമലസിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം.

4. വളര്‍ത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലെയും പരിസരത്തെയും എലിമാളങ്ങളും പൊത്തുകളും അടക്കാന്‍ മറക്കരുത്. ജൈവമാലിന്യങ്ങള്‍, കന്നുകാലികളുടെ തീറ്റ അവശിഷ്ടങ്ങള്‍ തുടങ്ങിയവ തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാല്‍ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. എലികള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ പുല്‍ത്തൊട്ടിയിലും അരുമ മൃഗങ്ങളുടെ കൂട്ടിലും രാത്രികാലങ്ങളില്‍ തീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.

5. ചെളിവെള്ളത്തിലോ കെട്ടികിടക്കുന്ന വെള്ളത്തിലോ ഇറങ്ങി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ മെഡിക്കല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകള്‍ കഴിക്കുന്നത് അഭികാമ്യമാണ്. ഡോക്‌സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക്ക് 100 മി. ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ്ചയില്‍ ഒരുതവണയായി ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും. ചിലര്‍ക്ക് ഡോക്‌സിസൈക്ലിന്‍ വയറില്‍ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവര്‍ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കണം. പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ചെളിയിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

6. എലിപ്പനി മനുഷ്യരെ മാത്രമല്ല പശു, നായ, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കാം. നമ്മളുമായി അടുത്തിടപഴകുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഏറ്റവും അധികം എലിപ്പനി സാധ്യതയുള്ളത് നായ്ക്കള്‍ക്കാണ്. നായ്ക്കളെ എലിപ്പനിയില്‍ നിന്ന് പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ലഭ്യമാണ്. നായ്ക്കള്‍ക്ക് മുന്‍കൂറായി എലിപ്പനി പ്രതിരോധ കുത്തിവെയ്പുകള്‍ കൃത്യമായി നല്‍കിയാല്‍ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തില്‍ നിന്ന് നായ്ക്കളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല എലിപ്പനി രോഗാണുക്കള്‍ നായ്ക്കളുടെ വൃക്കകളില്‍ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇതുവഴി അരുമനായ്ക്കളെ പരിപാലിക്കുന്നവര്‍ക്കും അവയോട് ഇടപെട്ടുന്ന വീട്ടിലെ മറ്റുള്ളവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു. നായ്ക്കുഞ്ഞിന് 8 ആഴ്ച പ്രായമെത്തുമ്പോള്‍ എലിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ( മള്‍ട്ടി കംപോണന്റ് വാക്സിന്‍ ) കുത്തിവെയ്പ് നല്‍കണം. തുടര്‍ന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ് വാക്‌സിന്റെ ബൂസ്റ്റര്‍ കുത്തിവെയ്പ് നല്‍കാം. ശേഷം വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ് ആവര്‍ത്തിക്കണം.

7. എലിപ്പനി രോഗാണു അകത്തുകടന്നാല്‍ സാധാരണ 5 - 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. പലവിധ ലക്ഷണങ്ങളോട് കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാവുന്ന കടുത്ത പനിയും നല്ല പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാവാം. തലവേദന, കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍ തിണര്‍പ്പ്, ചര്‍ദ്ദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. തുടയിലെ പേശികളില്‍ മുറുകെപ്പിടിക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട ഒരു രോഗസൂചനയാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും ഉടന്‍ ഉടനടി വിദഗ്ധ ചികിത്സ തേടുകയും വേണം. തുടക്കത്തില്‍ തന്നെ രോഗസാധ്യത സംശയിച്ച് ചികിത്സ തുടങ്ങിയാല്‍ വളരെ എളുപ്പത്തില്‍ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് എലിപ്പനി. എന്നാല്‍ ചികിത്സ വൈകുംതോറും അവയവങ്ങളെ ബാധിച്ച് രോഗം കൂടുതല്‍ ഗുരുതരമായി തീരുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും എന്നത് മറക്കരുത്.

Leave a comment

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs