ആഫ്രിക്കന്‍ പന്നിപ്പനി: അറവുമാലിന്യം തത്കാലം പന്നികള്‍ക്ക് നല്‍കേണ്ട ; കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

കേരളത്തിലെ വളര്‍ത്തുപന്നി സമ്പത്തിന്റെ നല്ലൊരു പങ്ക് രോഗബാധയേറ്റും രോഗനിയന്ത്രണത്തിന്റെ ഭാഗമായുമെല്ലാം ചത്തൊടുങ്ങി കഴിഞ്ഞു. ഇത് കേരളത്തിലെ മാത്രം സാഹചര്യമാണെന്ന് കരുതരുത് , കാരണം ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ എല്ലാം തന്നെ ഇതേ രീതിയില്‍ വളര്‍ത്തുപന്നി സമ്പത്തിന്റെ സര്‍വ്വനാശം സംഭവിച്ചിട്ടുണ്ട്.

By ഡോ. എം.മുഹമ്മദ് ആസിഫ്
2023-07-07

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വളര്‍ത്തുപന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി എന്ന മാരക പകര്‍ച്ചവ്യധിയുടെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലെല്ലാം തന്നെ ചെറുതും വലുതുമായ രോഗബാധകള്‍ ഈ കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി, രോഗം കണ്ടെത്തിയ ഫാമുകളില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പന്നികളുടെ ദയാവധം ഉള്‍പ്പെടെ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്  2020 ഫെബ്രുവരിയില്‍ അസമില്‍ ആയിരുന്നു.  

കേരളത്തില്‍ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത് കഴിഞ്ഞവര്‍ഷംവയനാട് മാനന്തവാടി മുനിസിപ്പാലിറ്റി, തവിഞ്ഞാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യഫാമുകളിലാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും പലയിടങ്ങളിലും പലഘട്ടങ്ങളായി രോഗത്തിന്റെ അതിവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പന്നിവളര്‍ത്തല്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ ചെറുതല്ല. ഫാമുകള്‍ പൂട്ടിയതോടെ കടക്കെണിയിലായ കര്‍ഷകരും അനവധി. രോഗനിയന്തണത്തിനായി കൊന്നൊടുക്കിയ പന്നികളുടെ എണ്ണവും തുക്കവും കണക്കാക്കി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരതുക മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം. രോഗം ഭീഷണിയായതോടെ വിപണിയില്‍ പന്നിമാംസത്തിന് ആവശ്യക്കാര്‍ കുറഞ്ഞെന്ന് മാത്രമല്ല കനത്ത വിലയിടിവും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ വളര്‍ത്തുപന്നി സമ്പത്തിന്റെ നല്ലൊരു പങ്ക് രോഗബാധയേറ്റും രോഗനിയന്ത്രണത്തിന്റെ ഭാഗമായുമെല്ലാം ചത്തൊടുങ്ങി കഴിഞ്ഞു. ഇത് കേരളത്തിലെ മാത്രം സാഹചര്യമാണെന്ന് കരുതരുത് , കാരണം ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ എല്ലാം തന്നെ ഇതേ രീതിയില്‍ വളര്‍ത്തുപന്നി സമ്പത്തിന്റെ സര്‍വ്വനാശം സംഭവിച്ചിട്ടുണ്ട്.

കര്‍ഷകരുടെ തലയ്ക്ക് മീതെ

ഡെമോക്ലീസിന്റെ വാള്‍

പന്നികര്‍ഷകരുടെ തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങികിടന്ന് പന്നികളില്‍ മരണമണി മുഴക്കി പടരുന്ന ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെ പന്നികളിലെ എബോള എന്നാണ് വിളിക്കുന്നത്. കാരണം ഒരു നൂറ്റാണ്ടില്‍ അധികമായി ലോകമെമ്പാടും പന്നിവളര്‍ത്തല്‍ മേഖലയില്‍ വലിയ സാമ്പത്തികനഷ്ടം വിതയ്ക്കുന്ന രോഗമാണെങ്കിലും ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ ഫലപ്രദമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ പ്രചാരത്തിലില്ല. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. രോഗം ബാധിച്ചാല്‍ പന്നികള്‍ ലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണപ്പെടാനുള്ള സാധ്യത നൂറുശതമാനമാണ്.

മനുഷ്യരിലേക്ക് പകരില്ല ,

എന്നാല്‍ മനുഷ്യര്‍ വഴി പന്നികളിലേയ്ക്ക് പടരാം

പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളില്‍ ഒന്നല്ല ആഫ്രിക്കന്‍ പന്നിപ്പനി. അതിനാല്‍ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. മനുഷ്യരില്‍ രോഗമുണ്ടാക്കുന്നിലെങ്കിലും രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവര്‍ വഴി വൈറസ് മറ്റ് പന്നിഫാമുകളിലേക്ക് വ്യാപിക്കാം. പന്നികളെ മാത്രം ബാധിക്കുന്ന ഈ വൈറസ് മറ്റ് വളര്‍ത്തുമൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നില്ല. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ സ്ഥിരീകരിച്ചാല്‍ രോഗം കണ്ടെത്തിയ ഫാമിലെയും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയരീതിയില്‍ കൊന്ന് ജഡങ്ങള്‍ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി.

തുടര്‍ന്ന് അണുനശീകരണം നടത്തി മൂന്ന് മാസം ഫാം പൂര്‍ണ്ണമായും അടച്ചിടണം.  രോഗം കണ്ടെത്തിയ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരീക്ഷണമേഖലയില്‍ 3 മാസത്തേക്ക് പന്നിമാംസവിതരണം, പന്നിമാംസ വില്പന നടത്തുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ പാടില്ല. ഇവിടെനിന്നും പന്നികളെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. കേരളത്തില്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്കും പുറത്തേക്കും പന്നികള്‍, പന്നിമാംസം, അവയുടെ മറ്റുല്‍പ്പന്നങ്ങള്‍, പന്നി കാഷ്ഠം എന്നിവ കൊണ്ടുപോവുന്നതിനുള്ള നിരോധനം ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ നിരോധനം മറികടന്നും പലവഴികളിലൂടെ പന്നികളെ സംസ്ഥാനത്ത് എത്തിക്കുന്ന ലോബികള്‍ സജീവമാണെന്നാണ് കര്‍ഷകരില്‍ നിന്നറിയുന്ന വസ്തുത .

കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

1- കേരളത്തില്‍ നിലവില്‍ രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഫാമിങ് പ്രവര്‍ത്തനങ്ങള്‍ ഇടക്കാലത്തേക്ക് ഭാഗികമായി നിര്‍ത്തിവെയ്ക്കുന്നതാവും ഏറ്റവും അഭികാമ്യം.  ഫാമുകളിലേയ്ക്ക് പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിന് വേണ്ടി ഫാമിലേയ്ക് പുതിയ ആണ്‍പന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തത്കാലത്തേക്ക് നിര്‍ത്തിവെക്കണം. വിപണത്തിനായി ഫാമില്‍ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച പ്രത്യേകം മാറ്റിപാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കുന്നത് രോഗപകര്‍ച്ച തടയും. പന്നിയിറച്ചിയും പന്നിയുല്പന്നങ്ങളും ഫാമിനുള്ളിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

2- പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നല്‍കണം. ഫാമിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമില്‍ അനാവശ്യസന്ദര്‍ശകരുടെയും,വാഹനങ്ങളുടെയും പോക്കുവരവ് കര്‍ശനമായി നിയന്ത്രിക്കണം. മറ്റ് പന്നിഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ. ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി കൂടും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, നാല് ശതമാനം അലക്കുകാരലായനി (സോഡിയം കാര്‍ബണേറ്റ് ), കുമ്മായം എന്നിവയും കൂടും പരിസരവും വൃത്തിയാക്കാന്‍ അണുനാശിനികള്‍ ആയി ഉപയോഗിക്കാം. ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികളുടെ കൈകാലുകള്‍ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിന്റെ ഗേറ്റില്‍ അണുനാശിനി നിറച്ച് വാഹങ്ങളുടെ ടയര്‍ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവ ക്രമീകരിക്കണം. ഫോര്‍മലിന്‍ ലായനി 3 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ ചേര്‍ത്ത് ടയര്‍ ഡിപ്പ് ,ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം.

3- പന്നിഫാമുകളില്‍ രോഗബാധകള്‍ പൊട്ടി പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികള്‍ക്ക് ഹോട്ടല്‍ -മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നല്‍കുന്ന സ്വില്‍ ഫീഡിങ് രീതിയാണ്. സ്വില്‍ ഫീഡിങ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ -മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികള്‍ക്ക് നല്കാന്‍ ശ്രദ്ധിക്കണം.

4-  പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികള്‍ക്ക് കോഴി - പോത്ത്-  പന്നി എന്നിവയെ കശാപ്പ് ചെയ്യുന്ന അറവുശാലയിലെ മാലിന്യം തീറ്റയായി നല്‍കിയതായി കര്‍ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാംസം അടങ്ങിയ അറവമാലിന്യങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നി കശാപ്പ് ശാലകളില്‍ നിന്നും, അതുപോലെ  പന്നികള്‍ക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അറവുമാലിന്യം പന്നികള്‍ക്ക് ഒരു കാരണവശാലും തീറ്റയായി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളില്‍ കയറി പന്നികളുമായി ഇടപഴകരുത്.

5- കാട്ടുപ്പന്നികള്‍ ധാരാളമായി കാണപ്പെടുന്ന മേഖലകള്‍ കേരളത്തില്‍ ധാരാളമുണ്ട് കാട്ടുപ്പന്നികള്‍ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേര്‍ന്ന് പന്നിഫാമുകളും നിരവധി പ്രവര്‍ത്തിക്കുന്നുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിപ്പിക്കുന്നതില്‍ കാട്ടുപന്നികള്‍ക്ക് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തില്‍ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപ്പന്നികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ വേണ്ടതുണ്ട് . കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ അവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്നികള്‍ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്‌കരിക്കണം .കാട്ടുപന്നികളില്‍ ഉയര്‍ന്നനിരക്കില്‍ അസ്വാഭാവിക മരണം ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കണം.

6- കേരളത്തിലെ പന്നിഫാമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ വലിയൊരുപങ്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയെ പറ്റിയും പ്രതിരോധമാര്‍ഗങ്ങളെ പറ്റിയും ബോധവല്‍ക്കരണം നടത്താന്‍ ഫാം ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികള്‍ക്ക് ഉറപ്പാക്കണം രോഗബാധിതമോ മരണപ്പെട്ടതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോള്‍ ഏപ്രണുകള്‍, കയ്യുറകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അവരെ ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴിലാളികള്‍ ഫാമില്‍ പാലിക്കുന്നുണ്ടെന്നത് ഉടമകള്‍ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ തത്കാലത്തേക്ക് വിലക്കുക.

7-  ഫാമിലെ പന്നികളില്‍ അസ്വാഭാവികരോഗലക്ഷണങ്ങളോ പന്നികള്‍ക്കിടയില്‍ പെട്ടന്നുള്ള മരണമോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. രോഗം മറച്ചുവെക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും പതിനായിരങ്ങളുടെ ഉപജീവനോപാധിയായ കേരളത്തിലെ പന്നിവളര്‍ത്തല്‍ മേഖല സര്‍വ്വവും നശിക്കുന്നതിന് വഴിയൊരുക്കും എന്ന വസ്തുത മറക്കാതിരിക്കുക.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs