വിനയന്റെ ഫ്രൂട്ട്ഫാമില്‍ വിരിയുന്നത് പ്രവാസകാല സ്വപ്‌നങ്ങള്‍

വയനാട് ജില്ലയിലെ പേരിയക്കടുത്ത് 15 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഫ്രൂട്ട് ഫാമിന്റെ രൂപത്തില്‍ വിനയന്‍ സാക്ഷാത്കരിച്ചു. കേരളത്തില്‍ അത്ര സാധാരണമല്ലാത്ത പഴങ്ങള്‍ ഉള്‍പ്പെടെ നിരവധി പഴ ഇനങ്ങള്‍ക്ക് ചുറ്റും തേയിലത്തോട്ടവും കാപ്പിത്തോട്ടവും നിറഞ്ഞുനില്‍ക്കുന്ന വിനയന്റെ ഫാമില്‍ പശുഫാമിംഗും മീന്‍വളര്‍ത്തലുമുണ്ട്.

By ജിനേഷ് ദേവസ്യ
2023-10-25

ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും അയാള്‍ സ്വന്തം നാട്ടിലെ ഹരിതാഭ സ്വപ്‌നം കണ്ടു. പ്രവാസജീവിതത്തിന് ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തി കുറച്ച് ഭൂമി വാങ്ങി കൃഷി ചെയ്ത് പച്ചപ്പിന്റെ നടുവില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കണമെന്ന് അക്കാലം മുതലേ മനസിലുറപ്പിച്ചു. പിന്നീട് ആ സ്വപ്നം വയനാട് ജില്ലയിലെ പേരിയക്കടുത്ത് 15 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഫ്രൂട്ട് ഫാമിന്റെ രൂപത്തില്‍ വിനയന്‍ സാക്ഷാത്കരിച്ചു. കേരളത്തില്‍ അത്ര സാധാരണമല്ലാത്ത പഴങ്ങള്‍ ഉള്‍പ്പെടെ നിരവധി പഴ ഇനങ്ങള്‍ക്ക് ചുറ്റും തേയിലത്തോട്ടവും കാപ്പിത്തോട്ടവും നിറഞ്ഞുനില്‍ക്കുന്ന വിനയന്റെ ഫാമില്‍ പശുഫാമിംഗും മീന്‍വളര്‍ത്തലുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2700 അടിക്ക് മുകളില്‍ വയനാടിന്റെ മനോഹാരിതയുടെ തലപ്പൊക്കത്തില്‍ സ്ഥിതിചെയ്യുന്ന വിനയന്റെ ഫാമിലേക്കുള്ള യാത്ര മികച്ചൊരു ഓഫ്‌റോഡ് അനുഭവം കൂടിയാകും. കൃഷിയെ അടുത്തറിഞ്ഞും അനുഭവിച്ചുമുള്ള ഫാം ടൂറിസവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്‍ജിനീയറില്‍ നിന്ന് കൃഷിക്കാരനിലേക്കും സംരംഭകനിലേക്കുമുള്ള യാത്ര വിനയന്‍ ഹരിതകേരളം ന്യൂസുമായി  പങ്ക് വയ്ക്കുന്നു.

പ്രവാസകാലമാണ് തന്നില്‍ കൃഷിയോടുള്ള മോഹം ഉണര്‍ത്തിയതെന്ന് വിനയന്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ പെരളശേരി സ്വദേശിയായ വിനയന്‍ കണ്ണൂരില്‍ നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ പഠിച്ച ശേഷം ഇരുപത്തിരണ്ടാം വയസിലാണ് ജോലിയാവശ്യത്തിനായി മുംബൈയിലെത്തുന്നത്. അവിടെ ഒമ്പത് വര്‍ഷം ജോലി ചെയ്ത ശേഷം കടല്‍ കടന്നു. ഓയില്‍ ഫീല്‍ഡില്‍ എന്‍ജിനീയറായാണ് ഗള്‍ഫില്‍ ജോലി ആരംഭിക്കുന്നത്. പിന്നീട് ഒമാന്‍, ഖത്തര്‍, അബുദാബി എന്നീ രാജ്യങ്ങളിലായി 14 വര്‍ഷം നീളുന്ന പ്രവാസജീവിതം. ഇതിനിടെ എന്‍ജിനീയറില്‍ നിന്ന് വന്‍കിട പ്രോജക്ടുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പ്രോജക്ട് കണ്‍ട്രോള്‍ മാനേജരിലേക്ക് അദ്ദേഹം വളര്‍ന്നു. മണലാരണ്യത്തിലെ ഈ ജീവിത കാലഘട്ടത്തിലാണ് വിനയനില്‍ ഒരു കര്‍ഷകനാകണമെന്ന മോഹം അതിശക്തമായത്്. 2018ല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം വയനാട്ടിലെ പേരിയക്കടുത്ത് രണ്ട് തവണയായി 15 ഏക്കര്‍ സ്ഥലം വാങ്ങി തന്റെ മോഹസാക്ഷാല്‍ക്കാരത്തിന് വിത്തുപാകുകയായിരുന്നു.

''കാര്‍ഷികപാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഗള്‍ഫിലെ മണലാര്യത്തിലെ ജീവിതകാലത്താണ് നാട്ടില്‍ മടങ്ങിയെത്തി കൃഷി ചെയ്യണമെന്ന ആഗ്രഹം ശക്തമായത്. അക്കാലങ്ങളില്‍ പച്ചപ്പിനോടും കാടുകളോടുമൊക്കെ വല്ലാത്തൊരു ആര്‍ത്തിയായിരുന്നു. എന്തായാലും ആഗ്രഹിച്ചതുപോലെ തന്നെ ഇപ്പോള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കഴിയാന്‍ സാധിക്കുന്നു'' വിനയന്‍ പറയുന്നു.

മാങ്കോസ്റ്റിന്‍ മുതല്‍ റംബൂട്ടാന്‍ വരെ

തേയിലയും കാപ്പിയും കൃഷി ചെയ്യുന്ന സ്ഥലമാണ് വിലയ്ക്ക് വാങ്ങിയതെങ്കിലും അവിടം ഒരു പഴത്തോട്ടമാക്കി മാറ്റണമെന്നായിരുന്നു വിനയന്റെ തുടക്കം മുതലേയുള്ള ആഗ്രഹം. അതിനായി അദ്ദേഹം കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യാത്ത റംബൂട്ടാന്‍ മുതല്‍ മാങ്കോസ്റ്റിന്‍ വരെയുള്ള വിവിധ പഴവര്‍ഗങ്ങളുടെ വിത്തിനങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തി.  ഹോം ഗ്രോണ്‍ നഴ്‌സറി, കോഴിക്കോട് അടിവാരത്തെ നഴ്‌സറി എന്നിവിടങ്ങളില്‍ നിന്നാണ് തുടക്കത്തില്‍ ചെടികള്‍ വാങ്ങിയതെന്ന് അദ്ദേഹം പറയുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെ സുപരിചിതമായ വിപണിയില്‍ കിലോയ്ക്ക് 600 രൂപ ശരാശരി വിലയുള്ള മാങ്കോസ്റ്റിന്‍ മുതല്‍ റംബൂട്ടാന്‍, ലിച്ചി, അവക്കാഡോ, ഓറഞ്ച് തുടങ്ങി വിവിധ പഴവര്‍ഗങ്ങളാണ് വിനയന്റെ തോട്ടത്തില്‍ വിരിയുന്നത്. ഇവ കൂടാത റോബസ്റ്റ്, നേന്ത്ര, പൂവന്‍, പാളയം കോടന്‍, ഞാലിപ്പൂവന്‍ തുടങ്ങി ഏതാണ്ടെല്ലാ ഇനം വാഴപ്പഴങ്ങളും മാതളനാരങ്ങയും ഇവിടെയുണ്ട്. നഴ്‌സറിയില്‍ രണ്ട് വര്‍ഷവും മണ്ണില്‍ എട്ട് വര്‍ഷവുമടക്കം 10 വര്‍ഷം നിന്നാല്‍ മാത്രം കായ്ക്കുന്ന പഴവര്‍ഗമാണ് 200 വര്‍ഷം ശരാശരി ആയുസുള്ള മാങ്കോസ്റ്റിനെന്ന് വിനയന്‍ പറയുന്നു. നിലവില്‍ പഴങ്ങള്‍ കയറ്റുമതി ആരംഭിച്ചിട്ടില്ലാത്ത വിനയന്‍ ഇപ്പോള്‍ അവ പ്രാദേശിക വിപണിയിലാണ് വില്‍ക്കുന്നത്

 വേലിയൊരുക്കി കാപ്പിയും കുരുമുളകും തേയിലയും

സ്ഥലം വാങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന തേയിലയുടെയും കാപ്പിയുടെയും കൃഷി ഒന്നുകൂടി വിപുലമാക്കിയ വിനയന്‍ കുരുമുളക് കൃഷി കൂടി തോട്ടത്തില്‍ വ്യാപകമാക്കി. വയനാട്ടിലെ പ്രധാന കൃഷിയിനങ്ങളായ ഇവയ്ക്കുള്ള മികച്ച വിപണനസാധ്യതകള്‍ കൂടാതെ വളരാനുള്ള മണ്ണിന്റെയും വെള്ളത്തിന്റെയും കാലാവസ്ഥയുടെയും പിന്തുണ കൂടി കണക്കിലെടുത്താണ് അവയുടെ കൃഷി തുടരുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രതിവര്‍ഷം 4 ടണ്‍ കാപ്പിയുടെ ഉല്‍പാദനം നടക്കുന്ന തോട്ടത്തില്‍ ഓരോ ട്രിപ്പിലും എട്ട് ടണ്‍ തേയില വീതം ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പച്ച തേയില കിലോയ്ക്ക് സര്‍ക്കാര്‍ 16 രൂപ താങ്ങുവില പ്രഖ്യാപിച്ചാല്‍ ചെറുകിട തേയിലക്കൃഷിക്കാര്‍ക്ക് മികച്ച ജീവിതോപാധിയായി മാറുമെന്ന് വിനയന്‍ കണക്കുകൂട്ടുന്നു.

പെര്‍മാകള്‍ച്ചര്‍ ജൈവ കൃഷിരീതി

പ്രകൃതിചൂഷണം നടത്താതെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ കൃഷിരീതിയാണ് വിനയന്റെ തോട്ടത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്. ഇതിനായി പെര്‍മാകള്‍ച്ചര്‍ കൃഷിരീതിയാണ് അവലംബിയ്ക്കുന്നത്. പരമാവധി രാസവളങ്ങള്‍ ഒഴിവാക്കിയാണ് ഇവിടെ വിളകള്‍ ഉല്‍പാദിപ്പിക്കുന്നത്. ആരും ആവശ്യപ്പെടാതെ തന്നെ പ്രകൃതിയോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തം എന്ന നിലയ്ക്കാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിനയന്‍ പറയുന്നു. ഇതിന്റെ ഫലമായി തോട്ടത്തില്‍ നിന്ന് മാലിന്യങ്ങളൊന്നും പുറത്തേയ്ക്ക് തള്ളുന്നില്ലെന്ന പ്രത്യേകത കൂടിയുണ്ട്.

പശുഫാമും മീന്‍കുളവും

തോട്ടത്തിന്റെ ഭാഗമായി 20 കറവ പശുക്കളുള്ള പശുഫാമും 20ഃ20  വിസ്തീര്‍ണ്ണത്തിലുള്ള മീന്‍കുളവുമുണ്ട്. 25 ലിറ്റര്‍ കറവയുള്ള പശുക്കള്‍ ഉള്‍പ്പെടെ നിലവില്‍ എച്ച് എഫ്‌ജേഴ്‌സി ഇനങ്ങളില്‍പ്പെടുന്ന ഇരുപതിലധികം പശുക്കളുണ്ട്. ഇവയെ പരിചരിക്കാനായി ഒരു നേപ്പാളി കുടുംബം തോട്ടത്തില്‍ താമസിക്കുന്നുണ്ടെന്ന് വിനയന്‍ പറയുന്നു. ഓട്ടോമാറ്റഡായി കറവയും തൊഴുത്ത് വൃത്തിയാക്കലുമടക്കം ചെയ്യുന്ന സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചാണകത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പാചകവാതകം തങ്ങള്‍ ഉള്‍പ്പെടെ സമീപത്തെ അഞ്ച് കുടുംബങ്ങള്‍ ഉപയോഗിക്കുന്നതായി വിനയന്‍ പറയുന്നു. സിലോപ്പിയ ഇനത്തില്‍പ്പെടുന്ന മീനാണ് കുളത്തില്‍ കൃഷി ചെയ്യുന്നത്. ഇവ സാധാരണയായി തോട്ടത്തില്‍ അതിഥികളായി എത്തുന്നവര്‍ക്ക് പാചകം ചെയ്ത് കൊടുക്കാനാണ് ഉപയോഗിക്കുന്നത്.

ജൈവവളത്തിന് മുന്‍തൂക്കം  

ജൈവവളത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തനിക്കുള്ളതെങ്കിലും ചില വിളകള്‍ക്ക് രാസവളം ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വിനയന്‍ പറയുന്നു. കാപ്പിക്ക് ആദ്യ മൂന്ന് വര്‍ഷം രാസവളം നിര്‍ബന്ധമാണ്. തേയിലയ്ക്കും രാസവളം ഉപയോഗിക്കുന്നു. എന്നാല്‍ തേയിലയില്‍ പൂര്‍ണമായും ജൈവവളം ഉപയോഗിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങകയാണ്. തോട്ടത്തിലുള്ള 600ഓളം മാങ്കോസ്റ്റിന്‍ ചെടികള്‍ക്ക് ജൈവരാസ സങ്കലനത്തിലുള്ള വളം ചെയ്യല്‍ രീതിയാണ് അവലംബിക്കുന്നത്. 1818 കോംപ്ലക്‌സാണ് ഉപയോഗിക്കുന്നത്. രാസവളത്തില്‍ തന്നെ പൊട്ടാസ്യം ഉപയോഗിക്കാറില്ല. മണ്ണിലെ സൂക്ഷ്മജീവികള്‍ നശിക്കുന്നതിനാലാണത്. മൂന്ന് മാസത്തെ ഇടവേള എന്ന കണക്കില്‍ വര്‍ഷത്തില്‍ നാലുതവണയാണ് വളം ചെയ്യുന്നത്. ചാണകം പച്ചിലയും ഉണക്കയിലയുമായി മിശ്രണം ചെയ്താണ് ജൈവവളം കമ്പോസ്റ്റ് ചെയ്‌തെടുക്കുന്നത്. ഇതാണ് തോട്ടത്തിലെ പ്രധാന വളം. യാതൊരു തരത്തിലുള്ള രാസ കളകീടനാശിനികളും ഉപയോഗിക്കാറില്ല. പ്രകൃതിദത്തരീതിയിലാണ് കീടങ്ങളെയും കളകളെയും തുരത്തുന്നത്.

ഡ്രിപ്പ് ഇറിഡഗേഷന്‍ രീതിയില്‍ തോട്ടത്തിലെ എല്ലാ വിളകള്‍ക്കും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നു. ചില ഇനങ്ങളുടെ അതിജീവനത്തിന് വെള്ളത്തിന്റെ കൃത്യമായ ലഭ്യത പ്രധാനമാണെന്ന് വിനയന്‍ പറയുന്നു. വേനല്‍ക്കാലത്ത് ഇലകളില്‍ വെള്ളമെത്തിക്കുന്നതിന് റെയിന്‍മേക്കര്‍ സ്പ്രിംഗഌ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. സ്ഥിരമായി മൂന്ന് തൊഴിലാളികള്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നു.

20ഓളം പശുക്കളെ വളര്‍ത്തുന്നതിനാല്‍ ജൈവവളം തേടി മറ്റൊരിടത്തും പോകേണ്ട ആവശ്യമില്ലെന്ന് വിനയന്‍ പറയുന്നു. ചാണകവും മൂത്രവും അടക്കമുള്ളവ നേരെ പ്ലാന്റിലേക്കാണ് പോകുന്നത്. അവിടെ വെച്ച് സ്ലറിംഗ് നടത്തി നൈട്രജന്‍ ബേണിംഗ് ഒഴിവാക്കിയാണ്‌െൈ ജവവളം കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. ചാണകത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നിലവില്‍ വൈദ്യുതിയുടെ അപര്യാപ്തതയാണ് ഇക്കാര്യത്തിലുള്ള വെല്ലുവിളി. കാലക്രമേണ പരമാവധി ജൈവകൃഷിരീതിയിലേക്ക് മാറാനാണ് വിനയന്റെ ലക്ഷ്യം.

ഫാംഹൗസും ഫാം ടൂറിസവും

തോട്ടത്തിന്റെ നടുവിലായി ഉണ്ടായിരുന്ന വീട് മോടിപിടിപ്പിച്ച് ഇപ്പോള്‍ അതൊരു ഫാം ഹൗസായി ഉപയോഗിക്കുന്നതായി വിനയന്‍ വ്യക്തമാക്കുന്നു. വിദേശികളും സ്വദേശികളുമായ അതിഥികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവര്‍ക്ക് താമസിക്കാനായി സൗകര്യമൊരുക്കുന്നത് ഈ ഫാം ഹൗസിലാണ്. ഫാം ടൂറിസം എന്ന പേരില്‍ കൃഷിയെ അടുത്തറിയാനും കൃഷിരീതികള്‍ മനസിലാക്കാനുമായി വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ടൂറിസം എന്നത് കേവലം ആഘോഷം എന്നതിനപ്പുറത്തേക്ക് ''നോളജ് ബേസ്ഡ് യാത്രകളായി' മാറിയിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു. തങ്ങളുടെ ഫാമിലേക്ക് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള വാഹനഭക്ഷണ സൗകര്യങ്ങള്‍ അടക്കം എല്ലാം ഒരുക്കിയിട്ടുണ്ട്. ഫാം ടൂറിസത്തിനെ ഒരു പാക്കേജ് മാതൃകയിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു.

ബിസിനസില്‍ പങ്കാളികളില്ലെങ്കിലും വിനയന്റെ വലംകൈയായി കൂത്തുപറമ്പ് സ്വദേശിയായ റോഷിന്‍ എപ്പോഴും കൂടെയുണ്ട്. സിസിടിവി ജോലിയ്ക്കായി വന്ന് തന്റെ കൂടെ കൂടിയ റോഷിനാണ് മാനേജരും പാചകക്കാരനുമടക്കം എല്ലാ ചുമതലകളും ഒറ്റയ്ക്ക് നിര്‍വഹിക്കുന്നതെന്ന് വിനയന്‍ പറയുന്നു. തന്റെ സംരംഭം ഒരു വിജമായി മാറിയതിന് പലരോടും കടപ്പാടുണ്ടെന്ന് പറയുന്ന വിനയന്‍ തവിഞ്ഞാല്‍ കൃഷി ഓഫീസര്‍മാരായിരുന്ന സുനില്‍കുമാര്‍, അഷ്‌റഫ്, റെജി എന്നിവരോട് പ്രത്യേക നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

പ്രവാസ കാലത്തെ ജോലിയില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തില്‍ നിന്നാണ് സംരംഭകനാകാനുള്ള ധൈര്യം ലഭിച്ചതെന്ന് വിനയന്‍ വ്യക്തമാക്കുന്നു. തന്റെ തോട്ടത്തിന്റെ വെബ്‌സൈറ്റ് ഡിസൈനിംഗ് മുതല്‍ സോഷ്യല്‍ മീഡിയ കോണ്ടന്റുകള്‍ സ്വയമാണ് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തോട്ടം സന്ദര്‍ശിക്കാന്‍ ആര്‍്ക്കും എപ്പോള്‍ വേണമെങ്കിലും വരാമെന്ന് അദ്ദേഹം പറയുന്നു

വിനയന്റെ ഫോണ്‍ നമ്പര്‍: 7025644000/10/202

Leave a comment

വിനയന്റെ ഫ്രൂട്ട്ഫാമില്‍ വിരിയുന്നത് പ്രവാസകാല സ്വപ്‌നങ്ങള്‍

ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…

By ജിനേഷ് ദേവസ്യ
എവിടി എസ്റ്റേറ്റ് ബോചെ ഭൂമിപുത്ര സ്വന്തമാക്കി

കല്പറ്റ: തേയില വിപണന  രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി  'ബോചെ…

By Harithakeralam
മാവിന്‍ തണലിലെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്

മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…

By സി.വി. ഷിബു
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്.

അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

By Harithakeralam
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്.

അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs