കപ്പത്തൊണ്ടിലുള്ളത് സയനൈഡ്; ഉള്ളിലെത്തിയാല്‍ ഉടനടി മരണം;

സയനൈഡ് വിഷസാന്നിധ്യമുള്ള കപ്പച്ചെടിയും കപ്പത്തൊണ്ടും ആകസ്മികമായി ആഹാരമാക്കുന്നത് വഴിയാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷമേല്‍ക്കുന്നത്. ചെടിയുടെ സ്വഭാവമനുസരിച്ചും സസ്യഭാഗങ്ങള്‍ക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാവും.

By ഡോ. മുഹമ്മദ് അസിഫ്. എം
2024-01-02

ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്ഷീരകര്‍ഷകരായ മാത്യുവിന്റെയും ജോര്‍ജിന്റെയും  പതിമൂന്ന് പശുക്കള്‍ വിഷബാധയേറ്റ കൂട്ടത്തോടെ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്.  സമീപത്തെ കപ്പസംസ്‌കരണകേന്ദ്രത്തില്‍ നിന്നുള്ള കപ്പത്തൊലി/ മരച്ചീനിത്തൊണ്ട്പശുക്കള്‍ക്ക്  കൂടിയ അളവില്‍ തീറ്റയായി നല്‍കിയതായിരുന്നു അപകടത്തിനിടയാക്കിയത്.  കപ്പത്തൊലിയില്‍ പ്രകൃത്യാ അടങ്ങിയ സയനൈഡ് വിഷമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍.

കപ്പത്തൊണ്ടിലെ കില്ലര്‍

മരച്ചീനിയുടെ  ഇലയും തൊലിയും കഴിച്ചുള്ള സയനൈഡ് വിഷബാധ നമ്മുടെ നാട്ടില്‍ ആടുകളിലും, പശുക്കളിലും വളരെ സാധാരണയാണ്. എന്നാല്‍ ഇത്ര വലിയ ദുരന്തം സംഭവിക്കുന്നത് ഇത് ആദ്യമായാണ്.സയനൈഡ് വിഷസാന്നിധ്യമുള്ള  കപ്പച്ചെടിയും കപ്പത്തൊണ്ടും ആകസ്മികമായി  ആഹാരമാക്കുന്നത് വഴിയാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക്  വിഷമേല്‍ക്കുന്നത്.  ചെടിയുടെ സ്വഭാവമനുസരിച്ചും  സസ്യഭാഗങ്ങള്‍ക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ  തോതില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണമായി ചുവന്ന തണ്ടുള്ള മരച്ചീനിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സയനൈഡ് വിഷം പച്ചതണ്ടുള്ള മരച്ചീനിയില്‍ ഉണ്ടായിരിക്കും. താഴ്തണ്ടുകളിലെ ഇലകളേക്കാള്‍ സയനൈഡ് വിഷം  കൂമ്പുകളിലെ ഇലകളിലുണ്ടാവും. മരച്ചീനിയുടെ 100 ഗ്രാം പച്ചയിലയില്‍ തന്നെ 180 മില്ലി ഗ്രാമോളം ഹൈഡ്രോ സയനിക് ആസിഡ് രൂപത്തില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇലയില്‍ ഉള്ളതിലധികം സയനൈഡ് സാന്നിധ്യം കപ്പയുടെ തൊലിയിലുണ്ട്. കപ്പ വാട്ടുമ്പോള്‍ ബാക്കിയാവുന്ന തൊലിയും മറ്റവശിഷ്ടങ്ങളും വെള്ളവുമെല്ലാം ഒരേ പോലെ അപകടകരമെന്ന് ചുരുക്കം. മാത്രമല്ല 500-600 കിലോ. ഗ്രാം ഭാരമുള്ള ഒരു കറവപ്പശുവിന്റെ ജീവനെടുക്കാന്‍ വെറും 300-400 മില്ലി. ഗ്രാം മാത്രം സയനൈഡ് വിഷം മതിയെന്നോര്‍ക്കണം. കപ്പച്ചെടിയില്‍ മാത്രമല്ല റബറിന്റെ തളിരില, മണിച്ചോളത്തിന്റെ തളിരിലകള്‍ എന്നിവയില്‍ എല്ലാം തന്നെ സയനൈഡ് വിഷത്തിന്റെ സാന്നിധ്യമുണ്ട്.

സയനൈഡ് വിഷം ബാധിക്കുന്നതെങ്ങനെ  

കാര്‍ബണ്‍ തന്മാത്രകളുമായി ചേര്‍ത്ത് ഗ്ലൈക്കോസിഡിക് സംയുക്തങ്ങളുടെ രൂപത്തിലാണ് സസ്യങ്ങള്‍ സയനൈഡ് വിഷം അവയുടെ ഇലകളിലും തണ്ടുകളിലും സംഭരിക്കുക. ലിനമാരിന്‍, ലോട്ടോ സ്ട്രാലിന്‍, ഡുരിന്‍, ഫാസിയോലുനാറ്റിന്‍ എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്ലൈക്കോസൈഡ് സംയുക്തങ്ങള്‍ വിഘടിപ്പിച്ച് സയനൈഡിനെ പുറന്തള്ളാന്‍ സഹായിക്കുന്ന  രാസാഗ്‌നികളും (എന്‍സൈം) സസ്യങ്ങളില്‍ തന്നെയുണ്ട്. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരക്കുന്നതോടെ പൊട്ടിപുറത്തുവരുന്ന ഈ രാസാഗ്‌നികള്‍ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍ നിന്ന് സയനൈഡിനെ സ്വതന്ത്രമാക്കും. മാത്രമല്ല, കന്നുകാലികളുടെ ആമാശയത്തിലെ ഒന്നാം അറയായ റൂമനില്‍ സൂക്ഷ്മജീവികളുടെ സഹായത്തോടെ നടക്കുന്ന ദഹനപ്രക്രിയയും, ഇലകളിലും തണ്ടുകളിലും ശ്രദ്ധാപൂര്‍വ്വം സസ്യങ്ങള്‍ സംഭരിച്ച സയനൈഡ് വിഷം പുറത്തുവരുന്നതിനിടയാക്കും.  ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്‌സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസ്സപ്പെടുത്തുക. ഊര്‍ജ്ജ ലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും  പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ മന്ദീഭവിക്കും.

സയനൈഡ് വിഷബാധ - ലക്ഷണങ്ങള്‍

ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം അകത്തെത്തിയതെങ്കില്‍ അത് കരളില്‍വെച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5 - 15 മിനിറ്റിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. വായില്‍ നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, ശ്വസനതടസ്സം, ആടിയുള്ള നടത്തം, വായിലെയും കണ്ണിലെയും ഭഗഭാഗത്തെയും ശ്ലേഷ്മസ്തരങ്ങള്‍ രക്തവര്‍ണ്ണമാവല്‍, പേശീ വിറയല്‍, കൃഷ്ണമണികള്‍ വികസിക്കല്‍ തുടങ്ങിയവയാണ് പശുക്കളിലും, ആടുകളിലും സയനൈഡ് വിഷബാധയുടെ മുഖ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മൃഗങ്ങള്‍ തറയിലേക്ക് മറിഞ്ഞ് വീഴുകയും ശ്വസനതടസ്സം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.  

സയനൈഡിനെ തടയാന്‍

വളര്‍ത്തുമൃഗങ്ങള്‍ വിഷസസ്യങ്ങള്‍ ധാരാളമായി  കഴിക്കുകയോ, വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ അടിയന്തിര വെറ്ററിനറി സേവനം തേടണം. സയനൈഡ് വിഷത്തെ നിര്‍വീര്യമാക്കാന്‍  ശേഷിയുള്ള സോഡിയം തയോസള്‍ഫേറ്റ് ആരംഭഘട്ടത്തില്‍ തന്നെ രോഗബാധയേറ്റ മൃഗങ്ങളില്‍ കുത്തിവെയ്ക്കുന്നത് ഏറെ ഫലപ്രദമാണ്.  നാല് ലിറ്റര്‍ വിനാഗിരി  12 മുതല്‍ 20 ലിറ്റര്‍ വരെ തണുത്ത വെള്ളത്തില്‍ ചേര്‍ത്ത്  വിഷബാധയേറ്റതായി  സംശയിക്കുന്ന പശുക്കളെ കുടിപ്പിക്കുന്നത് സയനൈഡ്  വിഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഉത്തമമാണ്.

കെട്ടിമേയുമ്പോഴും പറമ്പില്‍ മേയാന്‍ വിടുമ്പോഴും സയനൈഡ് പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നത് തടയാന്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. തിനപ്പുല്ലുകള്‍, മണിച്ചോളം തുടങ്ങിയ പുല്ലുവിളകള്‍ മൂപ്പെത്തുന്നതിന് മുമ്പും, വളപ്രയോഗം നടത്തിയതിന് ഉടനെയും പശുക്കള്‍ക്ക് വെട്ടി നല്‍കുന്നത് ഒഴിവാക്കണം. മരച്ചീനിയിലയും തണ്ടും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ചുരുങ്ങിയത്  നാല് മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ വാട്ടിയോ നല്‍കുന്നത് സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം സസ്യങ്ങള്‍ ഉപയോഗിച്ച് സൈലേജ് നിര്‍മ്മിക്കുന്നത് വഴിയും സയനൈഡ് വിഷം കുറയ്ക്കാന്‍ സഹായിക്കും. സയനൈഡ് സാന്നിധ്യം ഉയര്‍ന്നതായതിനാല്‍ മരച്ചീനി വാട്ടി ബാക്കി വരുന്ന തൊലി, മറ്റവശിഷ്ട്ടങ്ങള്‍, വെള്ളം തുടങ്ങിയവ പശുക്കള്‍ക്ക് തീറ്റയാക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs