ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

മൃഗങ്ങളും പക്ഷികളും നെല്ലും പച്ചക്കറിയും കാപ്പിയുമെല്ലാം വിളയിക്കുന്ന മികച്ചൊരു സമ്മിശ്ര കൃഷിത്തോട്ടമാണ് പ്രിയ ഒരുക്കിയിരിക്കുന്നത്

By നൗഫിയ സുലൈമാന്‍
2024-12-10

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച യുവതിയാണ് പ്രിയ.  ഭര്‍ത്താവിനൊപ്പം  ഒരുമിച്ച കണ്ട സ്വപ്‌നം സഫലമാക്കിയിരിക്കുന്നത് മാനന്തവാടി കാട്ടിക്കുളം വെളളാരംകുന്നിലാണ്. വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു ജിനേഷും പ്രിയയും. കര്‍ഷകകുടുംബമാണ് ഇരുവരുടേതും. പക്ഷേ ജോലിയൊക്കെയായി മക്കളൊക്കെ ദൂരദേശങ്ങളിലേക്ക് പോയതോടെ കൃഷിയൊക്കെ നോക്കാനാളില്ലാതെ ഇല്ലാതായി. അതുമാത്രമല്ല ജലക്ഷാമവും വന്യമൃഗശല്യവുമൊക്കെ കൃഷി അവസാനിപ്പിക്കാനുള്ള കാരണങ്ങളാണ്. പക്ഷേ മണ്ണില്‍ പണിയെടുത്ത നാളുകളൊന്നും അത്ര പെട്ടെന്നു മറക്കില്ലല്ലോ. അങ്ങനെ ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിനേഷിന്റെ വീടിന്റെ മുറ്റത്ത് വീണ്ടും പശുക്കളും ആടും കോഴിയും നെല്ലും എത്തി തുടങ്ങി. നഴ്‌സിങ്ങ് ജോലി രാജിവച്ച്  കൃഷിലോകത്തിലേക്കെത്തിയ പ്രിയ ഹരിത കേരളം ന്യൂസിനോട് കൃഷിവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.  

ഗൃഹപാഠം ചെയ്ത് കൃഷിയിലേക്ക്

ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൃഷിയുടെ ലോകത്തിലേക്ക് വരുന്നത്. നമ്മുടെ സ്വന്തം പറമ്പ് തന്നെയാണ് കൃഷിസ്ഥലമായി തെരഞ്ഞെടുത്തത്. പണ്ടൊക്കെ നല്ല രീതിയില്‍ കൃഷിയൊക്കെ ചെയ്തിരുന്നതാണിവിടെ. കാലങ്ങളായി പല കാരണങ്ങളാല്‍ വലിയ ശ്രദ്ധയൊന്നും നല്‍കാതെ കിടന്നിരുന്ന ഭൂമിയാണ്. കൃഷി ചെയ്യാമെന്നു തീരുമാനിച്ച ശേഷം ആദ്യം ചെയ്തതു ആ മണ്ണ് നന്നാക്കിയെടുക്കുകയായിരുന്നു. മാത്രമല്ല പ്രൊഫഷണല്‍ രീതിയില്‍ തന്നെ കൃഷി ചെയ്യണമെന്നും ഉറപ്പിച്ചിരുന്നു. ഗള്‍ഫിലെ നഴ്‌സിങ്ങ് ജീവിതം അവസാനിപ്പിച്ചു 2019ല്‍ കൃഷിക്കാര്യങ്ങള്‍ക്ക് തുടക്കമിട്ടു.  കൃഷി ചെയ്യണമെന്ന മോഹത്തോടെ നഴ്‌സിങ്ങ് അവസാനിപ്പിച്ചു ഞാനും മക്കളും നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനും കര്‍ഷകനാകണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും തത്ക്കാലം അദ്ദേഹം മസ്‌ക്കറ്റില്‍ തന്നെയാണ്. മറൈന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലൊരു കമ്പനിയിലാണ് ജോലി. എന്നെ പോലെ തന്നെ കൃഷിയും അതോടൊപ്പം ഫാമും വേണമെന്നു തന്നെയാണ് ഭര്‍ത്താവിന്റെയും ഇഷ്ടമെന്നു പറയുന്നു പ്രിയ.  നാട്ടിലെത്തിയ ഉടനെ കൃഷിപ്പണികള്‍ ആരംഭിക്കുകയായിരുന്നില്ല പ്രിയ. രണ്ട് വര്‍ഷക്കാലം നീണ്ട ഹോം വര്‍ക്കിന് ശേഷമാണ് കൃഷി ആരംഭിക്കുന്നത്. ആ നാളുകളിലെ ആലോചനകളും ചര്‍ച്ചകളും ചിന്തകളുമൊക്കെയാണ് കൃഷി ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്നത്. ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു കൃഷിയില്‍ വിജയിക്കാനാകില്ലെന്ന ഉത്തമ ബോധ്യവും പ്രിയയ്ക്കും ജിനേഷിനുമുണ്ടായിരുന്നു.

നല്ല ശമ്പളമൊക്കെയുള്ള ജോലി അവസാനിപ്പിച്ചു കാര്‍ഷിക രംഗത്തേക്ക് വരുന്നുവെന്നു കേട്ടപ്പോള്‍ ചിലരൊക്കെ മുഖം ചുളിച്ചുവെന്നു പ്രിയ. കൂട്ടത്തില്‍ എന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. സ്വാഭാവികമല്ലേ, കഷ്ടപ്പെട്ടു പഠിച്ച് നേടിയ ജോലി ഉപേക്ഷിച്ചു വരുമാനം ലഭിക്കുമോയെന്നു ഉറപ്പു പറയാനാകാത്ത കൃഷി ചെയ്യാന്‍ പോകുന്നുവെന്നു കേട്ടാല്‍ ആര്‍ക്കായാലും തോന്നുന്ന അഭിപ്രായങ്ങളാണ് അവരും പറഞ്ഞത്. അവരുടെ ആശങ്കകളായിരുന്നു എതിര്‍പ്പുകളായും ഉപദേശങ്ങളായും പ്രകടിപ്പിച്ചത്. ഇപ്പോ അവര്‍ക്കും മാറ്റം വന്നു. വലിയ പിന്തുണയാണ് വീട്ടുകാര്‍ നല്‍കുന്നത്. പക്ഷേ ഒരു പരിഭവമുണ്ട്, ഗള്‍ഫിലായിരുന്നപ്പോള്‍ ലീവിന് നാട്ടില്‍ വന്നാല്‍ കുറച്ചു ദിവസം സ്വന്തം വീട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കുമായിരുന്നു. ഇപ്പോ നാട്ടിലാണെങ്കിലും കൃഷിത്തിരക്കുകള്‍ കാരണം വീട്ടിലേക്കുള്ള വരവ് കുറഞ്ഞുവെന്നാണ് അവരുടെ പരാതി.  

ഏഴ് ഏക്കറിലെ കൃഷിയിടം

വീടിനോട് ചേര്‍ന്ന ഏഴ് എക്കറിലാണ് കൃഷി ചെയ്യുന്നത്. കുടുംബസ്വത്താണിത്, ചേട്ടന്റെ അമ്മയും ഞാനും മക്കളുമാണിവിടെത്തെ വീട്ടില്‍ താമസിക്കുന്നത്. കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല്, തെങ്ങ്, കമുക്, വാഴ, മഞ്ഞള്‍ ഇവയ്‌ക്കൊപ്പം പശുക്കളും ആടും കോഴിയും മത്സ്യവുമൊക്കെയായി ചെറിയൊരു ഫാമും. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും തോട്ടത്തിലുണ്ട്. പറമ്പ് ഉള്ളതു കൊണ്ടാണ് ഫാം ആരംഭിക്കുന്നത്. പോത്തുകളെയാണ് വളര്‍ത്തി തുടങ്ങിയത്. ലാഭകരമല്ലാത്തതിനാല്‍ പിന്നീട് അവയെ ഒഴിവാക്കി പശുക്കളെ വാങ്ങുകയായിരുന്നു. രണ്ട് പശുക്കളെയും കൊണ്ടാരംഭിച്ച ഫാമില്‍ ഇപ്പോള്‍ 48 പശുക്കളുണ്ട്. 35 പശുക്കളും 14 കിടാവുകളുമാണുള്ളത്. പശു ഫാമില്‍ തന്നെയാണ് 30 മുട്ട കോഴികളെയും വളര്‍ത്തുന്നത്.  

 

എന്നാല്‍ ആടുകള്‍ കുറച്ചകലെയുള്ള മറ്റൊരു സ്ഥലത്താണ്. കുഞ്ഞുങ്ങളടക്കം 15 ആടുകളുണ്ട്. മാംസ്യാവശ്യത്തിനാണ് ആടുകളെ വളര്‍ത്തുന്നത്. വീട്ടാവശ്യത്തിന് ശേഷമുള്ള  മുട്ടകള്‍ വില്‍ക്കും. പശുവിന്‍ പാല്‍ വാങ്ങുന്നതിന് ചിലര്‍ നേരിട്ട് ഫാമിലേക്ക് വരാറുണ്ട്, അവരില്‍ പലരും മുട്ടയും വാങ്ങിക്കുന്ന പതിവുണ്ട്. സമീപമുള്ള കടകളിലും വില്‍ക്കുന്നുണ്ട്. മില്‍മ സൊസൈറ്റിയിലേക്കും പാല്‍ നല്‍കുന്നുണ്ട്. നെയ്യ്, തൈര് എന്നിവയും ലഭ്യമാണ്. വീട്ടാവശ്യത്തിന് തയാറാക്കുന്നതു ആവശ്യക്കാര്‍ക്കും വില്‍ക്കാറുണ്ടെന്നു മാത്രം. മൂല്യവര്‍ധിത ഉത്പന്നങ്ങളൊക്കെ നിര്‍മിച്ചു വിപണനം നടത്തണമെന്ന ആഗ്രഹമുണ്ട്. പാല്‍ ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുന്നതിലൂടെ കുറച്ചു കൂടി വരുമാനം പശു ഫാമില്‍ നിന്നു ലഭിക്കുമല്ലോ.  

ലാഭം ചുരത്തുന്ന പശുക്കള്‍

മാസം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ ലാഭം പശു വളര്‍ത്തലിലൂടെ മാത്രം ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പശുക്കളുടെ തീറ്റയിലാണ് പലപ്പോഴും കര്‍ഷകര്‍ക്ക് തെറ്റുപറ്റുന്നത്. ആ ചെലവ് കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കാലിത്തീറ്റയുടെ അളവ് അമിതമാകാതിരുന്നാല്‍ തന്നെ പകുതി പ്രശ്‌നം മാറും. തീറ്റ നല്‍കുന്നതൊക്കെ നമ്മുടെ മേല്‍നോട്ടത്തിലാണെങ്കില്‍ ഗുണമുണ്ടാകും. തീറ്റ പാഴായി പോകില്ല. പശുക്കളെ വളര്‍ത്തുന്നതിനെക്കുറിച്ച് ധാരണയും അറിവും ഉണ്ടാക്കിയെടുത്താല്‍ പിന്നീട് പശു വളര്‍ത്തലില്‍ നഷ്ടമുണ്ടാകാതെ കൊണ്ടുപോകാനാകും. ചാണകമാണ് പറമ്പില്‍ വളമായി ഉപയോഗിക്കുന്നത്. ശ്രദ്ധയോടെ ചെയ്താല്‍ പശു വളര്‍ത്തലില്‍ നഷ്ടം വരില്ല, കഠിനാധ്വാനത്തോടെ പൂര്‍ണമായും ഇതിനു വേണ്ടി സമയം ചെലവഴിക്കണമെന്നു മാത്രം. അനുഭവസമ്പന്നയായ കര്‍ഷകയെ പോലെ പ്രിയ പറയുന്നു.

 

രണ്ടു നേരം പശുക്കള്‍ക്ക് തീറ്റ നല്‍കും. അഞ്ചു പശുക്കളെ വീതം ഓരോ ദിവസവും സുരക്ഷാവേലി കെട്ടിയ പറമ്പില്‍ അഴിച്ചു വീട്ടു വളര്‍ത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. വേലിക്കെട്ടിനുള്ളില്‍ തീറ്റയും വെള്ളവും വെച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്നര മണി വരെയൊക്കെ അവര്‍ പറമ്പിലായിരിക്കും. സിസിടിവിയും ഘടിപ്പിച്ചിട്ടുണ്ട്. പശുക്കളുടെയും ആടിന്റെയുമൊക്കെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നുണ്ട്. ചാര്‍ട്ട് നമ്പറിട്ട് ഓരോ റെക്കോഡുകളില്‍ ഇവയുടെ വിവരങ്ങളുണ്ട്. അസുഖങ്ങള്‍, നല്‍കുന്ന മരുന്നുകള്‍, കുത്തിവയ്പ്പ് എടുത്ത തിയതി, പ്രസവം, എവിടെ നിന്നു വാങ്ങി, എത്ര രൂപയ്ക്ക് വാങ്ങിയെന്നതടക്കം എല്ലാ വിവരങ്ങളും എക്‌സല്‍ ഷീറ്റില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്.  അഞ്ചര ഏക്കറില്‍ പുല്‍കൃഷിയുണ്ട്. നെല്‍കൃഷിയുള്ളതിനാല്‍ വൈക്കോലും ഇവിടെ തന്നെയുണ്ട്. പാട്ടത്തിനെടുത്ത നാലേക്കറിലാണ് നെല്ല് കൃഷി ചെയ്യുന്നത്. വൈക്കോലും വില്‍ക്കാറുണ്ട്. പുല്ല് ലഭിക്കാതെ വരുന്ന വേളകളില്‍ ചോളത്തണ്ട് വാങ്ങി നല്‍കുകയാണ് പതിവ്. ഇതിനൊപ്പം കാലിത്തീറ്റയും പശുക്കള്‍ക്ക് നല്‍കുന്നുണ്ട്. 

കാട്ടു മൃഗങ്ങളെത്തുരത്തി കൃഷി

കൃഷി ആവശ്യത്തിനു കുഴിച്ച കുളത്തില്‍ ഗിഫ്റ്റ്, രോഹു മത്സ്യകൃഷിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മത്സ്യ വിളവെടുപ്പ് നടത്തും. കുറേക്കാലം കൃഷിപ്പണികളൊന്നും ചെയ്യാതിരുന്നതിനാല്‍ ഭൂമി തരിശായിരുന്നു, ജലക്ഷാമവുമുണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കുഴല്‍കിണര്‍ കുത്തി പൈപ്പിട്ടു. ഡ്രിപ്പ് ഇറിഗേഷന്‍ വഴിയാണ് നനയ്ക്കല്‍. കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി ഫെന്‍സിങ്ങ് തയാറാക്കി. കാപ്പി, കുരുമുളക്, നെല്ല്, കവുങ്ങ്, തെങ്ങ്, കപ്പ, കിഴങ്ങുകള്‍,ചേന, മഞ്ഞള്‍, ഇഞ്ചി ഇതൊക്കെ ചെറിയ അളവില്‍ കൃഷി ചെയ്യുന്നുണ്ട്. അരയേക്കറില്‍ നേന്ത്രക്കായ നട്ടിട്ടുണ്ട്. പാട്ടത്തിനെടുത്ത നാലേക്കറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഫാമിലേക്കാവശ്യമായ വൈക്കോല്‍ എടുത്ത ശേഷം വില്‍ക്കാനുള്ളതും കിട്ടുന്നുണ്ട്.  

സ്‌കൂളില്‍ പഠിക്കുന്ന നാലു മക്കളും 80 വയസുള്ള അമ്മയും പിന്നെ ഫാമും കൃഷിയും. എല്ലാം കൂടി ഒരുമിച്ച് നോക്കുന്നത് ചില്ലറ പണിയല്ലെന്നു പ്രിയ. മക്കളെ സ്‌കൂളില്‍ വിടുന്നതും വീട്ടിലെ പണികളുമൊക്കെ സഹായത്തിനുള്ള ചേച്ചി ചെയ്തുകൊള്ളും. ഞാന്‍ വീട്ടിലെ കാര്യങ്ങളൊക്കെ കഴിഞ്ഞ് നേരെ ഫാമിലേക്ക് പോകും. പറമ്പില്‍ പണിയുണ്ടെങ്കില്‍ അതു നോക്കാനും പോകും. രാത്രി ഏഴര മണിവരെയൊക്കെ കൃഷിപ്പണികളുടെ തിരക്കിലായിരിക്കും. കൃഷിക്കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുമെങ്കിലും സഹായത്തിനു നാലു പണിക്കാരുണ്ട്. പഠിച്ച ജോലി ചെയ്യുന്നതും മുന്‍പരിചയമില്ലാതെ കൃഷി ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പരിചയക്കുറവിന്റേതായ ചില ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ നേരിടേണ്ടി വന്നു.

ലക്ഷ്യം ഫാം വിപുലീകരണം

ആടിനെയും പശുവിനെയുമൊക്കെ പരിചരിക്കുന്നത് ഇഷ്ടമാണ്. അവ നമ്മളോട് പ്രകടിപ്പിക്കുന്ന സ്‌നേഹവുമൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. കൃഷി ചെയ്യുന്നതിന്റെ സന്തോഷമുള്ളതു കൊണ്ടാകും ടെന്‍ഷനും സ്‌ട്രെസുമൊക്കെ കുറവാണ്. ജോലി ചെയ്യുമ്പോള്‍ കൃത്യമായൊരു തുക ശമ്പളമായി കിട്ടും. പക്ഷേ കൃഷിയില്‍ നിന്ന് മാസശമ്പളം കൃത്യമായി കിട്ടില്ലല്ലോ. എല്ലാ മാസവും കൃത്യമായ തുകയല്ലല്ലോ ലാഭമായി കിട്ടുന്നത്, ലാഭം ഓരോ മാസവും വ്യത്യസ്തമായിരിക്കും. കഠിനാധ്വാനവും കഷ്ടപ്പാടുമൊക്കെ വരുമാനം കൂട്ടും.  

പിന്നെ ഈ ജോലിയില്‍ ഞാന്‍ തന്നെയാണല്ലോ എല്ലാം തീരുമാനിക്കുന്നത്. മേലുദ്യോഗസ്ഥനെയോ അദ്ദേഹത്തിന്റെ ഓര്‍ഡറുകളെയോ പരിഗണിക്കേണ്ടതില്ലല്ലോ. ഇന്‍ഡിപെന്‍ഡന്റായി പ്രവര്‍ത്തിക്കാമെന്നതു വലിയ കാര്യമല്ലേ. പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കണം, ഫാം വിപുലീകരിക്കണം, മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കണം, ചാണകം ഉണക്കിപ്പൊടിച്ചു വില്‍ക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കണം, താറാവ് കൃഷി ആരംഭിക്കണം ഇങ്ങനെ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. അതൊക്കെ മെല്ലെ സഫലമാക്കാനുള്ള ശ്രമത്തിലാണ് പ്രിയ. തങ്കമ്മയാണ് അമ്മ. സെന്റ് മേരീസ് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സേറ, നാലാം ക്ലാസുകാരി ഹന്ന, രണ്ടാം ക്ലാസ് വിദ്യാര്‍ഥി കെസിയ, ഒന്നാം ക്ലാസുകാരി അക്‌സ എന്നിവരാണ് മക്കള്‍.

Leave a comment

കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs