രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

പച്ചമുളക്, ചീര, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളും പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, നെല്ലി തുടങ്ങിയ പഴങ്ങളുമെല്ലാം ഗ്രോബാഗിലും ഡ്രമ്മിലുമായി വളര്‍ത്തുകയാണ് മായ ശ്രീകുമാര്‍

By നൗഫിയ സുലൈമാന്‍
2025-01-17

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ് വീട്ടുമുറ്റം കൃഷിലോകമാക്കിയിരിക്കുന്നത്. കൃഷി ചെയ്യാനാഗ്രഹമുണ്ടെങ്കിലും സ്ഥലമില്ലെന്നു പരാതി പറയുന്നവര്‍ക്ക് മുന്നില്‍ ഒരു തരി മണ്ണില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിളവെടുക്കാമെന്നു ജീവിതത്തിലൂടെ കാണിച്ചു തരികയാണ് മിനി ശ്രീകുമാര്‍. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് മിനിയുടെ കൃഷ്ണപ്രസാദം വീട്.  ചുറ്റുമതിലിലും മുറ്റത്തും ഗോവണിയിലുമൊക്കെയാണ് മിനി കൃഷി ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളും കുരുമുളകും തെങ്ങും പൂച്ചെടികളും വ്യത്യസ്തതരം കിഴങ്ങുകളൊക്കെ ഇവിടുണ്ട്. കര്‍ഷകയുടെ കുപ്പായമണിയുന്ന മിനി ഇന്‍ഷുറന്‍സ് ഏജന്റുമാണ്. ആ ജോലിത്തിരക്കുകള്‍ക്കിടയിലും കൃഷിയില്‍ സജീവമാകുന്ന മിനിയുടെ വിശേഷങ്ങളിലേക്ക്.

ഗ്രോബാഗും ഡ്രമ്മും

മൂന്നാംക്ലാസ് വരെ കായംകുളത്തായിരുന്നു മിനി പഠിച്ചത്. എഇഒ ഓഫീസില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ മരിച്ചതോടെയാണ് ആലപ്പുഴയിലേക്ക് വരുന്നത്. അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടിയതോടെയാണ് ഞങ്ങള്‍ ആലപ്പുഴയിലേക്കെത്തുന്നത്. വിവാഹം കഴിഞ്ഞു മൂത്തമകന്‍ ജനിച്ച ശേഷമാണ് ഞങ്ങള്‍ തൃക്കാക്കരയിലേക്ക് വരുന്നത്. ഭര്‍ത്താവ് ശ്രീകുമാറിന്റെ നാടാണിത്. അച്ഛന്‍ നല്ല കര്‍ഷകനായിരുന്നു. വീട്ടിലെ കൃഷിയൊക്കെ കണ്ട് വളര്‍ന്നതുകൊണ്ടാകും എനിക്കും ഇഷ്ടം തോന്നുന്നത്. കളിപ്പാട്ടങ്ങളെക്കാള്‍ കുട്ടിക്കാലത്ത് ഞാനിഷ്ടപ്പെട്ടത് ചെടികളെയായിരുന്നു. ഒരുപാട് വര്‍ഷം ജീവിതം വാടക വീടുകളിലായിരുന്നു. ആ വീടുകളിലും എന്തെങ്കിലുമൊക്കെ നട്ടുപ്പിടിപ്പിക്കുമായിരുന്നു. ഒടുവില്‍ 20 വര്‍ഷം മുന്‍പ് സ്വന്തം വീട്ടില്‍ കൃഷി ചെയ്തു തുടങ്ങുകയായിരുന്നു.  സ്ഥലം കുറവല്ലേ, മാത്രമല്ല ഒരു തരി മണ്ണും ഇല്ല. വീടിന് ചുറ്റുമുള്ള മുറ്റം സിമന്റിട്ടതാണ്. മൂന്നു നിലയിലാണ് വീട്. മൂന്നാം നില ഷീറ്റിട്ടതിനാല്‍ ടെറസില്‍ കൃഷി ചെയ്യാനുള്ള സൗകര്യമില്ല. സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നൊക്കെ മണ്ണ് സ്വന്തമാക്കിയാണ് ഗ്രോബാഗിലും ഡ്രമ്മിലും കൃഷി ചെയ്യുന്നത്. ചേട്ടന്റെ ഉണ്ണി എന്ന മുപ്പത്തടംകാരനായ ഒരു സുഹൃത്തുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മണ്ണ് ചാക്കിലാക്കി ഓട്ടോയിലാണ് ഇവിടേക്ക് കൊണ്ടുവന്നിട്ടുള്ളത്. കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ എന്തെങ്കിലും പണിയൊക്കെ നടക്കുന്ന വേളയില്‍ അവരോട് അനുവാദമൊക്കെ ചോദിച്ച ശേഷം മണ്ണ് എടുക്കും. ഇങ്ങനെ എവിടെ നിന്നെങ്കിലുമൊക്കെയാണ് മണ്ണ് സ്വന്തമാക്കുന്നത്. ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി മാത്രമല്ല അയല്‍വീടുകളിലും ബന്ധുവീടുകളില്‍ നല്‍കുന്നതിനുമൊക്കെയുള്ള വിളവ് ലഭിക്കാറുണ്ട്. വിപണനത്തിനുള്ള അത്രയും അളവില്‍ ലഭിക്കാറില്ല. പച്ചക്കറികളുടെ വ്യത്യസ്ത ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്.  

ചീര മുതല്‍ നെല്ലി വരെ  

പച്ചമുളക്, വഴുതന, തക്കാളി, ചീര, വെണ്ട, വെള്ളരി, മുരിങ്ങ, കൂര്‍ക്ക, മധുരക്കിഴങ്ങ്, ഉള്ളി, ആര്യവേപ്പ്, കറിവേപ്പ്, പുതിന, മല്ലിയില തുടങ്ങിയവയൊക്കെ നട്ടിട്ടുണ്ട്. ശീതകാല പച്ചക്കറികളായ ക്യാബേജ്, ബീറ്റ്‌റൂട്ട്, ക്വാളിഫ്‌ലവര്‍ ഇവയുമുണ്ട്. പലതരം ചീരകളുണ്ട്, സുന്ദരി ചീര, പൊന്നാങ്കണ്ണി ചീര, ചുമന്ന ചീര, പച്ച ചീര, കുപ്പ ചീര (വഴിയോരത്തും ഒഴിഞ്ഞ പറമ്പിലുമൊക്കെ വളരുന്നതാണിത്). കുപ്പ ചീര വഴിയോരത്ത് വളര്‍ന്നുനില്‍ക്കുന്ന കാണുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. പക്ഷേ വഴിയോരത്തുള്ളതല്ലേ വൃത്തിയുണ്ടാകില്ലല്ലോ. അങ്ങനെ അതിന്റെ അരി കൊണ്ടുവന്നു നട്ടു വളര്‍ത്തിയെടുത്തു. അസാധ്യ രുചിയാണിതിന്. ധാരാളം കുപ്പ ചീരയുണ്ടായിട്ടുണ്ട്, അതാണിപ്പോള്‍ വലിയ സന്തോഷമെന്നു പറയുമ്പോള്‍ മിനിയുടെ മുഖത്ത് ചിരി നിറയുന്നു. പച്ചക്കറികള്‍ക്കൊപ്പം കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങളും മിനിയുടെ കൊച്ചു തോട്ടത്തിലുണ്ട്. മാവ്, പ്ലാവ്, പേര, ഡ്രാഗണ്‍ ഫ്രൂട്ട്, പപ്പായ, കുടുംപുളി, നെല്ലി തുടങ്ങിയവ ഡ്രമ്മിലാണ് നട്ടിരിക്കുന്നത്. പ്ലാവ് രണ്ട് തവണ കായ്ച്ചു. പേരയ്ക്കയും പപ്പായയും കുടംപുളിയും ലഭിക്കാറുണ്ട്. 12 ചട്ടിയിലാണ് കുരുമുളക് നട്ടിരിക്കുന്നത്. വര്‍ഷങ്ങളായി മിനിക്ക് കടയില്‍ നിന്നു കുരുമുളക് വാങ്ങേണ്ടി വരുന്നില്ല. വര്‍ഷത്തില്‍ രണ്ട് തവണയായി ഒരു കിലോയോളം കുരുമുളക് ലഭിക്കുന്നുണ്ട്. അഞ്ച് ലിറ്ററിന്റെ പെയിന്റ് ബക്കറ്റിലാണ് മുരിങ്ങ നട്ടിരിക്കുന്നത്. കായ്ഫലം നല്ല പോലെയുണ്ട്. ജമന്തി, ചെത്തി, നന്ത്യാര്‍വട്ടം തുടങ്ങിയ ചെടികളും നട്ടിട്ടുണ്ട്.

ചാണകവും അടുക്കള അവശിഷ്ടങ്ങളും  

 

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഗ്രോബാഗ് കൃഷി കുറച്ചു കൊണ്ടുവരികയാണ് മിനി. പെയിന്റ് ബക്കറ്റും ചട്ടിയും ഡ്രമ്മുമാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്നതെന്നാണ് ഈ കര്‍ഷകയുടെ അഭിപ്രായം. ''മണ്ണ് കുമ്മായം ചേര്‍ത്ത് നന്നായി ഉണക്കിയെടുക്കും. അതിലേക്ക് എല്ലുപ്പൊടി, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ ചേര്‍ത്തെടുക്കും. ഇതാണ് ചട്ടിയില്‍ നിറയ്ക്കുന്നത്.'' കൃഷിരീതിയും പരിചരണരീതിയുമെല്ലാം പറയുന്നു മിനി. അടുക്കളയിലെ അവശിഷ്ടങ്ങള്‍ വളമാക്കി ചെടി നല്‍കാറുണ്ട്. ഇതിനായി അടച്ചുറപ്പുള്ള മൂന്നു വേസ്റ്റ് ബിന്നാണ് ഉപയോഗിക്കുന്നത്. ബിന്നില്‍ എല്ലാത്തരം അടുക്കളമാലിന്യവും നിറയ്ക്കും. ഇതിലേക്ക് ഇടയ്ക്കിടെ ഇനാകുലം എന്ന പൊടി കൂടി നല്‍കും. ഒരുമാസം കൊണ്ട് ഒരു ബോക്‌സ് നിറയും. മൂന്നാമത്തെ ബോക്‌സും കൂടി നിറഞ്ഞു കഴിഞ്ഞാല്‍ ആദ്യം നിറഞ്ഞ ബോക്‌സ് തുറന്ന് ഉപയോഗിക്കും. ഈ കംപോസ്റ്റാണ് വളമായി തൈകള്‍ക്ക് നല്‍കുന്നത്. 

 

ആവശ്യക്കാര്‍ക്ക് ഈ പൊടി കൊറിയര്‍ ചെയ്തു നല്‍കാറുണ്ട്. നിത്യവും ഒരു നേരം നനയ്ക്കും. കീടനാശിനികള്‍ വൈകുന്നേരമാണ് ചെടികള്‍ക്ക് നല്‍കുന്നത്. 20 എംഎല്‍ വേപ്പെണ്ണയും ഒരു തുടം വെളുത്തുള്ളിയുടെ ചതച്ച് നീരെടുത്തതും പാത്രം കഴുകുന്ന ലോഷന്റെ രണ്ട് തുള്ളിയും ചേര്‍ത്ത് അടിച്ച് പതപ്പിച്ചെടുക്കും. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കും. ഇതാണ് കീടങ്ങളെ ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്നത്. രാസവളങ്ങള്‍ക്ക് എന്റെ തോട്ടത്തില്‍ പ്രവേശനമില്ല. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫിഷ് അമിനോ ആസിഡും ചെടികള്‍ക്ക് സ്‌പ്രേ ചെയ്തു നല്‍കും. ഫെയ്‌സ്ബുക്കിലെ കൃഷി കൂട്ടായ്മയില്‍ നിന്നാണ് വിത്തുകളൊക്കെ വാങ്ങുന്നത്. ആ കൂട്ടായ്മയിലുള്ളവരില്‍ നിന്നാണ് കൃഷി പഠിച്ചത്. അവരൊക്കെയാണ് എന്റെ കാര്‍ഷിക ഗുരുക്കന്‍മാര്‍ എന്നു പറയാം. ക്യാബേജും ക്വാളിഫ്‌ലവറും റാഡിഷുമൊക്കെ കടയിലിരിക്കുന്നതല്ലാതെ കണ്ടിട്ടില്ലാത്ത എനിക്ക് വീട്ടില്‍ കൃഷി ചെയ്‌തെടുക്കാനായതും ഫെയ്‌സ്ബുക്കിലെ കര്‍ഷകരായ കൂട്ടുകാരുടെ പിന്തുണയിലാണെന്നും മിനി പറയുന്നു.

കൂട്ടിന് കുടുംബവും  

പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് ശ്രീകുമാറാണ് കൃഷിക്കാര്യങ്ങളില്‍ മിനിയുടെ വലിയ പിന്തുണ. രണ്ട് മക്കള്‍ മനുവും ശ്രീഹരിയും. മനു കുടുംബത്തിനൊപ്പം മാല്‍ഡീവ്‌സിലാണ്. ഇളയമകന്‍ ശ്രീഹരി എറണാകുളം മഹാരാജാസ് കോളെജില്‍ സംഗീത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ച മിനിയ്ക്ക് കുറച്ചധികം ഭൂമിയില്‍ കൃഷി ചെയ്യണമെന്നാണ്. ഫലവൃക്ഷങ്ങള്‍ മാത്രം നിറഞ്ഞൊരു തോട്ടമാണ് മിനിയുടെ സ്വപ്നം. ഈ കൃഷിയില്‍ നിന്ന് വലിയ ഒന്നും കിട്ടുന്നില്ല, അങ്ങനെ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ അതില്‍ നിന്നു കിട്ടുന്ന സന്തോഷമാണ് വലിയ കാര്യം. വിഷമടിക്കാത്ത പച്ചക്കറികള്‍ കഴിക്കാന്‍ കിട്ടുന്നത് സന്തോഷമാണല്ലോ, അതുമാത്രമല്ല കറി വയ്ക്കാന്‍ ഒന്നും ഇല്ല എന്നു പറയേണ്ടി വരാറില്ല. എന്തെങ്കിലുമൊക്കെയായി ഈ കൊച്ചു തോട്ടത്തിലുണ്ടാകും. മുരിങ്ങയില തോരനും ചീരക്കറിയുമൊക്കെ എന്നും ഈ വീട്ടിലുണ്ടാകുമെന്നു പറയുമ്പോള്‍ മിനി വീണ്ടും ചിരിക്കുന്നു.

Leave a comment

രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍

Related News

Leave a comment

© All rights reserved | Powered by Otwo Designs