പാലുല്‍പ്പാദനം കുറയാതിരിക്കണമെങ്കില്‍ വേനല്‍ക്കാലത്തെ പശുപരിപാലനത്തില്‍ പ്രത്യേക കരുതല്‍ പ്രധാനമാണ്.
അത്യുല്‍പ്പാദന ശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജേഴ്സി, സങ്കരയിനം പശുക്കള്‍ക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടില്‍ കിതച്ചും അണച്ചും പശുക്കള്‍ തളരും. തീറ്റയെടുക്കല്‍ പൊതുവെ കുറയും. ശരീരസമ്മര്‍ദമേറുമ്പോള്‍ രോഗങ്ങള്‍ക്കും സാധ്യതയേറെ. പാലുല്‍പ്പാദനം കുറയാതിരിക്കണമെങ്കില്‍ വേനല്‍ക്കാലത്തെ പശുപരിപാലനത്തില്‍ പ്രത്യേക കരുതല്‍ പ്രധാനമാണ്.
വേണം വേനല്‍ സൗഹൃദതൊഴുത്തുകള്‍
ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ 3 മീറ്ററും കുറഞ്ഞ ഉയരം പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റര്‍ മതി. തൊഴുത്തിന്റെ പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കണം.മേല്‍ക്കൂരയില്‍ ഫാനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലത് പശുക്കളുടെ തലയില്‍ അല്ലെങ്കില്‍ നെറ്റിയില്‍ കാറ്റ് പതിക്കും വിധം തൂണില്‍ സ്ഥാപിച്ചതോ അല്ലങ്കില്‍ പെഡസ്റ്റല്‍ ഫാനുകളോ ആണ്.പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്.ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വേണംസ്പ്രിംഗ്ലര്‍,ഷവര്‍, മിസ്റ്റ് എന്നിവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ടത്. എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്.
പശുക്കളെ പാടത്ത് കെട്ടി പോവരുതേ
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11- നും 3- നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ആസ്ബെസ്റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. പശുക്കളെ വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം .
വെള്ളവും തീറ്റയും കരുതലോടെ
നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം ഒരുക്കിയാല്‍ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലില്‍ കുറയുന്നതിനാല്‍ നല്‍കുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിതീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം.പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും അസോള പോലുള്ള ഇലതീറ്റകളും നല്‍കണം. വൈക്കോല്‍ രാത്രി വെള്ളത്തില്‍ കുതിര്‍ത്തു പകല്‍ തീറ്റയായി നല്‍കാം. വൈക്കോല്‍ അല്പം പുഴുങ്ങി നല്‍കുന്നത് വൈക്കോലിന്റെ ദഹനശേഷി വര്‍ധിപ്പിക്കും.
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്തത പരിഹരിക്കാന്‍ ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം.വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയില്‍ നല്‍കണം. അത്യുത്പാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തണം. അണപ്പിലൂടെ ഉമിനീര്‍ കൂടുതലായി നഷ്ടപ്പെടുന്നതും കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്നഅസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്ബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്കാം. പശുക്കള്‍ക്ക് മാത്രമായി പുറത്തിറക്കിയ ഫീഡ് ഗ്രേഡ് സോഡാ ബൈ കാര്‍ബണേറ്റ് ഇപ്പോള്‍ ( ഉദാഹരണം- ടാറ്റ കമ്പനി പുറത്തിറക്കിയ അല്‍ക്കാകാര്‍ബ് പൊടി) ലഭ്യമാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്ന ഇവ വാങ്ങി തീറ്റയില്‍ നല്‍കാം. കൂടാതെ ദിനം പ്രതി 10 ഗ്രാം ഉപ്പും 40 - 50 ഗ്രാം ധാതു ജീവക മിശ്രിതവും തീറ്റയില്‍ ചേര്‍ത്ത് നല്‍കുന്നതും ഗുണകരമാണ്.
വേനല്‍ക്കാല വന്ധ്യത തടയാന്‍
വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നതും മദിയുടെ ദൈര്‍ഘ്യവും കുറയാനിടയുള്ളതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മര്‍ദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീരസമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഫാം രെജിസ്റ്ററുകള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജദാനം തണലുള്ള സ്ഥലത്ത് വെച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം അരമണിക്കൂര്‍ പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.
വേനല്‍ക്കാലത്തെ ആരോഗ്യം
രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍.പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയരക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. അകിടുവീക്കം, കുരലടപ്പന്‍ രോഗങ്ങളും വേനലില്‍ കൂടുതലായി കാണുന്നു.ശരീരസമ്മര്‍ദം കാരണം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാല്‍ ഉത്പാദനം പെട്ടെന്ന് കുറയല്‍, തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, കണ്ണില്‍ പീളകെട്ടല്‍, മൂന്നാമത്തെ കണ്‍പോള പുറത്തുകാണല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം,അമിതകിതപ്പ്,വയറിളക്കം, മൂത്രത്തിന്റെ നിറം തവിട്ടുനിറമാവല്‍തുടങ്ങി ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുത്പാദനം അല്‍പ്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് വേനലില്‍ മുഖ്യപരിഗണന വേണ്ടത് .
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…
© All rights reserved | Powered by Otwo Designs
Leave a comment