പാഷന്‍ ഫ്രൂട്ട് വള്ളി നിറയെ കായ്കള്‍ വേണോ...? പ്രയോഗിക്കൂ ഈ മാര്‍ഗങ്ങള്‍

By Harithakeralam

നല്ല വെയിലും പുലര്‍ കാലത്ത് അത്യാവശ്യം തണുപ്പുമാണിപ്പോള്‍ കേരളത്തില്‍. പാഷന്‍ഫ്രൂട്ട് പോലെയുള്ള പഴങ്ങള്‍ നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പാഷന്‍ ഫ്രൂട്ട്. വീട്ട്മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് ചെടി നടുകയെന്നത് മിക്കവരുടേയും ശീലമാണ്. എന്നാല്‍ ഇതില്‍ നിന്നും കൃത്യമായി കായ് ലഭിക്കുന്നുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും മറുപടി. പൂ കൊഴിച്ചില്‍, കായ്കള്‍ വലുതാകാതെ നശിക്കല്‍ എന്നിവ പാഷന്‍ ഫ്രൂട്ടില്‍ സ്ഥിരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്.

1. അസിഡിറ്റിയാണ് പ്രശ്‌നം

മണ്ണിലെ അസിഡിറ്റിയുടെ അളവ് കൂടിയതാണ് പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയാന്‍ പ്രധാന കാരണം.അസിഡിറ്റി നിയന്ത്രിക്കാന്‍ മണ്ണിലെ പിഎച്ച് പരിശോധിച്ച് ന്യൂട്രലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. മണ്ണിലെ പിച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുകയാണ് വേണ്ടത്. ഇതിനായി തടത്തില്‍ മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്കയോ പൊടിച്ചിട്ട ശേഷം തടം നന്നായി ഇളക്കണം. ഇതു കഴിഞ്ഞ് മൂന്ന് - നാല് ദിവസം കഴിഞ്ഞ് വേണം തൈ നടാന്‍. തടത്തില്‍ കുമ്മായം അധികമാകാന്‍ പാടില്ല, അങ്ങനെ വന്നാല്‍ മണ്ണ് ആല്‍ക്കലിനാകും അതും ചെടിക്ക് ദോഷകരമാണ്.

2. നന നിര്‍ബന്ധം

ഈര്‍പ്പം നന്നായി ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്. ഇതിനാല്‍ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിനു ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടില്‍ ഏപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും.

3. കമ്പോസ്റ്റ് വളങ്ങള്‍

കമ്പോസ്റ്റ് വളങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്. നല്ല പൊടിഞ്ഞ ചാണകപ്പൊടി, തണുത്ത് പൊടിഞ്ഞ കോഴിക്കാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവ പച്ചിലകളിട്ട് അതിനു ശേഷം മുകളില്‍ വിതറുക. കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. ഇവ എല്ലാം ചീഞ്ഞ് നല്ല വളമാകും.

  

4. പ്രൂണിങ്

പ്രൂണിങ്ങ് സമയാസമയങ്ങളില്‍ നടത്തുക, തളിര്‍പ്പുകളിലാണ് പാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകളുണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക. അപ്പോള്‍ ധാരാളം പുതിയ തളിര്‍പ്പുകളുണ്ടാകും, ഇതിലൊക്കെ പാഷന്‍ ഫ്രൂട്ട് ഉണ്ടാകും.

5. പൊട്ടാഷ്

പാഷന്‍ ഫ്രൂട്ട് നന്നായി കായ്ക്കാന്‍ പൊട്ടാഷ് ആവശ്യമാണ്. നമ്മുടെ മണ്ണില്‍ പൊട്ടാഷിന്റെ അംശം വളരെ കുറവാണ്. ഇതിനാല്‍ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും പൊട്ടാഷ് നല്‍കണം. തടം ഒന്നിന് നൂറ് ഗ്രാം പൊട്ടാഷ് വിതറി നനവ് ഉറപ്പാക്കണം. പൊട്ടാഷിന് പകം മൂന്ന്- നാല് പിടി ചാരം നല്‍കിയാലും മതി. അല്ലെങ്കില്‍ പത്ത് ഗ്രാം സല്‍ഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് ഇളക്കി ഇലകളില്‍ തളിക്കുക.

6. സൂക്ഷ്മ മൂലകങ്ങളുടെ കുറവ്

കേരളത്തിലെ ഭൂരിഭാഗം മണ്ണിലും സൂഷ്മ മൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിനു പരിഹാരമായി 40 ഗ്രാം ബോറാക്‌സ് ഒരു കിലോ ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലെങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്‌സ് ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്തു നന്നായി ഇളക്കി ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.


Leave a comment

Related News

Leave a comment

© All rights reserved | Powered by Otwo Designs