കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തു തുടങ്ങാം
മേയ്, ജൂണ്‍ മാസങ്ങളാണ് കിഴങ്ങ് വര്‍ഗങ്ങളുടെ നടീല്‍കാലം. ഈ കാലയളവില്‍ ആദ്യം ചേന, കാവത്ത്, ചേമ്പ്, നന കിഴങ്ങ്, കപ്പ, കൂര്‍ക്ക, മധുരക്കിഴങ്ങ് തുടങ്ങിയവ യഥാക്രമം നടാം.
By Harithakeralam
2023-05-18
ഭക്ഷ്യ സുരക്ഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത് 200 ഗ്രാം എങ്കിലും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ. പൂര്‍വികരുടെ ഭക്ഷണക്രമത്തില്‍ കപ്പ, ചേന, ചേമ്പ്, ചെറുകിഴങ്ങ് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. രോഗ കീടബാധ വളരെ കുറവുള്ളതും തികച്ചും ജൈവ മാര്‍ഗത്തില്‍ വിളയിക്കാന്‍ പറ്റുമെന്നതും കിഴങ്ങ് വര്‍ഗങ്ങളുടെ പ്രത്യേകതയാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് കിഴങ്ങ് വര്‍ഗങ്ങളുടെ നടീല്‍കാലം. ഈ കാലയളവില്‍ ആദ്യം ചേന, കാവത്ത്, ചേമ്പ്, നന കിഴങ്ങ്, കപ്പ, കൂര്‍ക്ക, മധുരക്കിഴങ്ങ് തുടങ്ങിയവ യഥാക്രമം നടാം.
1. തുടക്കം ചേനക്കൃഷി
കൃഷികളില്‍ ഏറ്റവും ലളിതമാണ് ഏറെ ആദായകരവുമാണ് ചേനക്കൃഷി. കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ആദ്യം നടുന്ന ഇനവും ഉഷ്ണമേഘലാ വിളയായ ചേന തന്നെ. തുടക്കത്തില്‍ തന്നെ ചേന നട്ടാല്‍ ഓണത്തിന് അവിയലും കാളനും വയ്ക്കാന്‍ ചേന പറിക്കാം.
ഗുണങ്ങള്‍: നിരവധി ഗുണങ്ങള്‍ ഉള്ള ചേന മലയാളികളുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ്. നിരവധി ആയുര്‍വേദ - യുനാനി മരുന്നുകള്‍ക്ക് ചേന ഒരു പ്രധാന ഘടകമാണ്. ഉദരരോഗങ്ങള്‍ക്ക് ഔഷധമായും പ്രസവാനന്തര മരുന്നുകള്‍ക്കും ചേന ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്കും അര്‍ശസിനും ഔഷധമായും ഇതിനെ കണക്കാക്കാറുണ്ട്. ഷുഗര്‍, ഹൃദ്രോഗം, മലബന്ധം, പൈല്‍സ്, ഫാറ്റി ലിവര്‍, പ്രോസ്‌ട്രേറ്റ് വീക്കം എന്നിവ ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. ധാരാളം ഭക്ഷ്യനാരുകളും ഡയോസ്ജനിന്‍ എന്ന ഘടകവും ചേനയില്‍ ഒരുപാടുണ്ട്. ക്യാന്‍സറിനെ ചെറുക്കുന്ന ഘടകമാണ് ഡയോസ്ജനിന്‍.
ചേന മുളകുത്തിവെയ്ക്കുന്ന രീതി: പുതിയ പച്ച ചാണകം ഒരു ബക്കറ്റില്‍ എടുത്ത് കുഴമ്പാക്കി അതില്‍ അല്‍പ്പം കുമിള്‍ നാശിനിയോ Tricodurma യോ ചേര്‍ത്ത് ഇളക്കുക. മുളകുത്തി വെച്ചിരിക്കുന്ന ചേന ചാണക കുഴമ്പില്‍ 5 മിനിറ്റ് വെക്കണം. ചാണക്കുഴമ്പില്‍ നിന്ന് ചേന എടുത്ത് തണലത്ത് ഒരു ദിവസം വെച്ച് ഉണക്കണം. ഇങ്ങനെ തയാറാക്കിയ ചേന വെയില്‍ അടിക്കാത്ത ഈര്‍പ്പമുള്ള സ്ഥലത്ത് കമഴ്ത്തിവെയ്ക്കണം. 15-20 ദിവസങ്ങള്‍ കൊണ്ട് ചേനയ്ക്ക് കരുത്തുറ്റ മുളകള്‍ വന്നു തുടങ്ങും. ഇതു മുറിച്ച് നടാം.മണ്ണിളക്കി അരയടി താഴ്ചയില്‍ കുഴിയുണ്ടാക്കി മുള മുകളിലേയ്ക്ക് വരുന്ന രീതിയില്‍ വെച്ച് ചേന നടാം. മണ്ണും ഉണങ്ങിയ കരിയിലയും ചാണകപ്പൊയിയുമിട്ട് മണ്ണിട്ടു മൂടുക. ഇതിനു ശേഷം പുതയിടുകയും വേണം.
ഗ്രോ ബാഗിലും ചാക്കിലും: സ്ഥല പരിമിതിയുള്ളവര്‍ക്ക് ചേന ഗ്രോബാഗ്, ചാക്ക് എന്നിവയിലും ചേന നടാം. മണ്ണില്‍ നടുമ്പോള്‍ ലഭിക്കുന്നതു പോലെ മികച്ച കായ്ഫലം ഗ്രോബാഗിലും ചാക്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ണ്, ചാണക പൊടി, ചകിരി ചോര്‍ എന്നിവയോടൊപ്പം എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കുട്ടികലര്‍ത്തി വേണം ഗ്രോ ബാഗ് തയാറാക്കാന്‍.വലിയ ഗ്രോ ബാഗ് തന്നെ ഇതിനായി തെരഞ്ഞെടുക്കണം. ബാഗില്‍ പകുതിമണ്ണ് നിറച്ച് അതില്‍ മുളവന്ന ഒരു കഷണം ചേന വെച്ച് മുകളില്‍ മണ്ണ് വിതറണം. ഒരാഴ്ച്ച കൊണ്ട് തന്നെ കൂമ്പ് മുകളിലെത്തും.തുടര്‍ന്ന് വരുന്ന മൂന്ന് മാസങ്ങളില്‍ മാസത്തില്‍ ഒന്ന് വെച്ച് വളപ്രയോഗം നടത്തി വരി പാലിച്ചാല്‍ 6 മാസം മാസംകൊണ്ട് ചേന വിളവ് എടുക്കാം.
വളപ്രയോഗം: വളപ്രയോഗത്തിനായി ചാണകപ്പൊടി, കോഴികാഷ്ടം, പച്ചില കമ്പോസ്റ്റ്, ചാരം, പച്ചച്ചാണകം എന്നിവ ഉപയോഗിക്കാം. വളര്‍ച്ചയുടെ അദ്യ മൂന്ന് മാസങ്ങളില്‍ പച്ചച്ചാണകം കലക്കി ഒഴിക്കുന്നത് ചേനയുടെ വളര്‍ച്ച വേഗത്തിലാക്കും.
3. രോഗങ്ങളും കീടങ്ങളുമേല്‍ക്കാത്ത ചേമ്പ്
പൊതുവേ രോഗ കീടബാധ കുറവുള്ള ഒരു കിഴങ്ങ് വര്‍ഗ്ഗമാണ് ചേമ്പ്. കിഴങ്ങിന് പുറമേ തളര്‍ ഇലകളും തണ്ടും ഭക്ഷ്യയേഗ്യമാണ്.ഇതില്‍ ജീവകം എ, ജീവകം സി, ഇരുമ്പ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിട്ടുണ്ട്. ജൂണ്‍ മാസത്തോടെ മഴപെയ്ത് ഭൂമി തണുത്തതിന് ശേഷം ചേമ്പ് നടാന്‍ ആരംഭിക്കാം.ചേമ്പിന്റെ തടയും വിത്തും നടാനായി ഉപയോഗിക്കാം.വലിയ തടയാണങ്കില്‍ മുറിച്ച് മുറിച്ച് നടാം. നാടന്‍ ഇനങ്ങളോട് ഒപ്പം കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം വികസിപ്പിച്ച് എടുത്ത ശ്രീ രശ്മി, ശ്രീ പല്ലവി, ഇനങ്ങളും നല്ല വിളവ് തരുന്നതാണ്.മണ്ണ് നന്നായി കൊത്തി ഇളക്കി ചെറു കുഴികള്‍ എടുത്ത് ചാണകപൊടിയും ചേര്‍ത്ത് വേണം നടാന്‍. നടുമ്പോള്‍ രണ്ട് മൂന്ന് അടി അകലം പാലിക്കുന്നത് പരിപാലനത്തിലും നന്നായി വളരാനും നല്ലതാണ്.
നട്ട് ഇരുപത് ഇരുപത്തി അഞ്ച് ദിവസങ്ങള്‍ക്ക് അകം ആദ്യ വളപ്രയോഗം നടത്താം. ഈ സമയം ആകുമ്പോഴെക്കും ചെമ്പിന് മുളവന്ന് ചെറു ഇല വന്നിട്ടുണ്ടാവും. തടത്തിലെ കളകള്‍ പറിച്ച് ചാരമോ മറ്റ് ജൈവ വളങ്ങളോ ചുറ്റും വിതറി അല്‍പ്പം മണ്ണ് കയറ്റി കൊടുക്കണം. ഒരു മാസത്തിന് ശേഷം വീണ്ടും കളകള്‍ പറിച്ച് തടത്തില്‍ പച്ചില ചപ്പ് വെട്ടി ചുറ്റും ഇട്ട് ജൈവ വളകള്‍ വിതറി മണ്ണ് കയറ്റണം. ഒരു തവണ കൂടി വളപ്രയോഗം ആവര്‍ത്തിക്കണം.തടം വ്യത്തിയാക്കി പാക്യജനകപ്രധാനമായ വളങ്ങള്‍, ചാരം എന്നിവ ഈ സമയത്ത് നല്‍കാം. വളം ഇട്ടതിന് ശേഷം മണ്ണ് കയറ്റി കൊടുക്കണം. ജൂണ്‍ മാസം നട്ട ചേമ്പ് ഡിസംബര്‍ ആകുമ്പോഴെക്കും വിളവ് എടുക്കാം. തടയില്‍ നിന്ന് വിത്ത് വേര്‍തിരിച്ച് വിളവ് എടുത്തതിന് ശേഷം തട അടുത്ത വര്‍ഷം നടാനായി ഉപയേഗാക്കാം. അത് വരെ ഇത് തണലത്ത് സൂക്ഷിക്കണം
4. മേയ് അവസാനത്തോടെ കപ്പ നടാം
മലയാളിയുടെ ഇഷ്ട വിഭവമാണ് കപ്പ. ഒരു കാലത്ത് കേരളത്തിലെ ഭക്ഷ്യക്ഷാമം പിടിച്ചു നിര്‍ത്തിയതില്‍ കപ്പയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇന്ന് തട്ടുകടകളില്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവില്‍ വരെ കപ്പ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രധാനമായും രണ്ട് സീസണുകളിലാണ് കേരളത്തില്‍ കപ്പ കൃഷി ചെയ്യുന്നത്. ആദ്യത്തെത് പുതുമഴ ലഭിക്കുന്നതോടെയും രണ്ടാമത്തെ കാലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിന് ശേഷം തുലാമാസത്തിലും കപ്പ നടാം. വേനലിന്റെ അവസാനത്തില്‍ ലഭിക്കുന്ന പുതുമഴയോടെ (മെയ് അവസാനം) അദ്യത്തെ സീസണ്‍ കപ്പ കൃഷി ആരംഭിക്കും.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മെയ്മാസത്തോടെ ജൈവ വളങ്ങള്‍ കൂട്ടി കൂനകള്‍ എടുത്ത് ഇടണം. ആദ്യത്തെ മഴക്ക് തന്നെ കമ്പ്കള്‍ മുറിച്ച് നടുന്നതാണ് നല്ല വിളവ് ലഭിക്കാന്‍ വേണ്ടത്. മൂപ്പ് എത്തിയ കപ്പ തണ്ട്കള്‍ 15 സെ.മി നീളത്തില്‍ മുറിച്ച് കൂനയില്‍ നടാം.90 സെ.മി അകലത്തില്‍ വേണം കപ്പ നടാന്‍.
പരിപാലനവും വളപ്രയോഗവും
നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്തണം. ഒരു മാസം കൊണ്ട് തന്നെ തടത്തില്‍ കളകള്‍ നിറഞ്ഞിട്ടുണ്ടാവും അവ കപ്പയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ ചെത്തി മാറ്റണം. അതിന് ശേഷം വിവിധ ജൈവ വളങ്ങളില്‍ എതെങ്കിലും ഒരോ തടത്തിലും തണ്ടില്‍ നിന്ന് അല്‍പ്പം മാറ്റി നല്‍കി മേല്‍മണ്ണ് വിതറാം. ഇതു പോലെ ആദ്യത്തെ മൂന്ന് മാസം നല്‍കുന്ന വളപ്രയോഗവും പരിപാലനവും കൊണ്ട് കപ്പ വലുതാവുകയും കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുകയും ചെയ്യും.കപ്പത്തോട്ടം എപ്പോഴും കളകള്‍ പറിച്ച് വൃത്തിയുള്ളതാക്കി ഇടണം. അല്ലങ്കില്‍ തോട്ടത്തില്‍ എലി ശല്ല്യം കൂടുതലായിരിക്കും. പോട്ടാഷ് കൂടുതല്‍ പ്രധാനം ചെയ്യുന്ന ചാരം അതവാ വെണ്ണീര് കപ്പയ്ക്ക് ഒരു ഉത്തമ ജൈവവളമായി ഉപയോഗിക്കാം. കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുന്നതോടൊപ്പം മരച്ചീനിക്ക് നല്ല സ്വാദും പൊടിയുള്ളതും ആകും.
Leave a comment