വിരബാധ മുതല്‍ ആടുവാതം വരെ; ആടുവളര്‍ത്തലില്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആടുകളില്‍ മഴക്കാലത്ത് കാണുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും ശ്വസനതടസ്സവും പനിയുമെല്ലാം

By ഡോ. എം. മുഹമ്മദ് ആസിഫ്‌
2023-09-27

ആടുകളില്‍ മഴക്കാലത്ത് കാണുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും ശ്വസനതടസ്സവും പനിയുമെല്ലാം. ശ്വസനതടസ്സം ഗുരുതരമായി തീര്‍ന്നാല്‍ ന്യുമോണിയക്കും സാധ്യതയേറെ. ആടുകളിലെ വിട്ടുമാറാത്ത ശ്വാസകോശപ്രശ്‌നങ്ങളുടെ പിന്നിലെ പ്രധാന വില്ലന്‍ അവയുടെ മൂത്രം വിഘടിച്ച് പുറത്തുവരികയും മതിയായ വായുസഞ്ചാരമില്ലാത്ത കൂട്ടില്‍ ഈര്‍പ്പത്തോട് കൂടി തങ്ങി നില്‍ക്കുകയും ചെയ്യുന്ന അമോണിയ വാതകമാണ്. മഴനനയുന്നതും ആടുകളില്‍ ശ്വാസകോശരോഗങ്ങള്‍ക്ക് സാധ്യത കൂട്ടും. കുരലടപ്പന്‍, സാംക്രമിക പ്ലൂറോ ന്യുമോണിയ( സി സി പി പി ), ആടുവസന്ത പോലുള്ള രോഗങ്ങളുടെയും പ്രധാന ലക്ഷണം കടുത്ത ചുമയും വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള നീരൊലിപ്പും ശ്വസനപ്രയാസവും തന്നെയാണ്. ജമുനാപാരി, സിരോഹി, ബീറ്റാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ആടിനങ്ങളില്‍ മഴക്കാലത്ത് ശ്വാസകോശരോഗങ്ങള്‍ പൊതുവെ കൂടുതലായി കാണപ്പെടുന്നു.

കൂടിന്റെ പ്ലാറ്റ്ഫോം (ആടുകള്‍ നില്‍ക്കുന്ന തട്ട്) ഭൂനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ ഉയര്‍ത്തി നിര്‍മിക്കുന്നത് അമോണിയ വാതകം കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ്. മൂത്രവും കാഷ്ഠവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളില്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും നല്ല വായുസഞ്ചാരം ഉറപ്പാക്കി അമോണിയ വാതകം കൂടിനടിയില്‍ തങ്ങിനില്‍ക്കുന്നത് ഒഴിവാക്കാനും പ്ലാറ്റ്ഫോം ഉയര്‍ത്തി നിര്‍മിക്കുന്നത് സഹായിക്കും. ആടുകള്‍ നില്‍ക്കുന്ന തട്ട് തറനിരപ്പില്‍ നിന്നും ഒരു മീറ്ററിലും കുറഞ്ഞ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം . കൂട്ടിനുള്ളിലെയും പുറത്തെയും തടസങ്ങള്‍ നീക്കി കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. മഴചാറ്റല്‍ കൂടിനുള്ളിലേക്ക് വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്പ് ഒരു മീറ്റര്‍ പുറത്തേക്ക് നീട്ടി നല്‍കണം .ശക്തമായ മഴയും കാറ്റുമുള്ള സമയങ്ങളില്‍ കൂട്ടിലേക്ക് മഴച്ചാറ്റല്‍ അടിച്ചുവീശാതിരിക്കാന്‍ വശങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാമെങ്കിലും ബാക്കി സമയങ്ങളില്‍ ഇവ നീക്കി വായുവിന്റെ സുഗമസഞ്ചാരം ഉറപ്പാക്കണം .

ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി വിപണിയില്‍ ലഭ്യമായ നാറ്റ് കോഫ് ( Natcof) ലായനി , കഫ്ലോണ്‍ പൗഡര്‍ (Caflon ),കാറ്റ്കഫ് ഇലക്ചുരി (Catcough PowderVet 100gm)തുടങ്ങിയവയില്‍ ഏതെങ്കിലും കരുതിവെക്കാം. ശ്വാസതടസ്സവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളില്‍ ശ്വസനം സുഗമമാക്കുന്നതിനായി യൂക്കാലിപ്റ്റസ് തൈലം അല്ലെങ്കില്‍ ടിങ്ചര്‍ ബെന്‍സോയിന്‍  5-8 തുള്ളി വീതം അരലിറ്റര്‍ തിളപ്പിച്ച ജലത്തില്‍ ചേര്‍ത്ത് ആടിനെ ആവിപിടിപ്പിക്കുകയും ചെയ്യാം. തുടര്‍ന്നും ഭേദമായില്ലെങ്കില്‍ രോഗനിര്‍ണയത്തിനും ആന്റിബയോട്ടിക് അടക്കമുള്ള തുടര്‍ ചികിത്സകള്‍ക്കുമായി ഡോക്ടറുടെ സേവനം തേടണം. ആടുകളുടെ സാധാരണശരീരതാപനില 103 മുതല്‍ 104 ഡിഗ്രി ഫാരെന്‍ ഹീറ്റ് ( 39 40 ഡിഗ്രി സെന്റീഗ്രേഡ് ) വരെയാണ്. ഇതിനേക്കാള്‍ ഉയര്‍ന്ന താപനില പനിയുടെ സൂചനയാണ്. പനി ,മൂക്കിന്റെ മുഞ്ഞിവരണ്ടിരിക്കല്‍ , മൂക്കില്‍ നിന്ന് കൊഴുത്ത സ്രവം പുറത്തേക്കൊഴുകല്‍ അടക്കം ആടുകളില്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറുടെ സേവനം തേടണം.  

മഴക്കാലതീറ്റയില്‍ ശ്രദ്ധിക്കാന്‍

മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിര്‍ക്കുന്ന ഇളംപുല്ലും ഇളം ചെടികളും ധാരാളമായി ആടുകള്‍ക്ക് നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയര്‍പെരുപ്പത്തിനും (ബ്ലോട്ട്) ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം അധിക അളവില്‍ അന്നജവും ജലാംശവും അടങ്ങിയതുമാണ് ഇതിന് കാരണം. വയറിന്റെ ഇടതുവശം ക്രമാതീതമായി വീര്‍ത്തുവരല്‍ , ശ്വാസമെടുക്കാന്‍ പ്രയാസം , മൂക്കിലൂടെയും വായിലൂടെയും വെള്ളമൊലിക്കല്‍ , ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും കിടക്കുകയും ചെയ്യല്‍ എന്നിവയെല്ലാമാണ് ബ്ലോട്ട് ലക്ഷണങ്ങള്‍. ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ ശ്വസന തടസ്സം നേരിട്ട് ആട് മരണപ്പെടും. ഈ സാഹചര്യത്തില്‍ അധിക വാതകോത്സര്‍ജനത്തെ തടഞ്ഞ് ബ്ലോട്ടിനെ ഒഴിവാക്കുന്ന വാതകഹാരികളായ ആന്റിബ്ലോട്ട് മിശ്രിതങ്ങള്‍ ആടിന് നല്‍കണം. ബ്ലോട്ടോസില്‍ (BLOATOSIL ) , ബ്ലോട്ടോറിഡ് (BLOTORID ), തൈറല്‍ ( TYREL) , അഫാനില്‍ (AFANIL), ഗാസ്റ്റിന ( Gastina ) , ടിം ഫ്രീ (Tymfree), ബ്ലോട്ടോ സേഫ് (Bloatosafe Liquid) തുടങ്ങിയ വിവിധ പേരുകളില്‍ ആന്റിബ്ലോട്ട് മിശ്രിതങ്ങള്‍ വിപണിയില്‍ ലഭിക്കും. ബ്ലോട്ട് ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ പ്രഥമശുശ്രൂഷ എന്ന നിലയില്‍ വാതകഹാരികളായ മരുന്നുകള്‍ 30-50 മില്ലി ലിറ്റര്‍ വീതം ആടുകളെ കുടിപ്പിക്കാം. ഒപ്പം മുന്‍കാലുകള്‍ ഉയര്‍ന്ന് നില്‍ക്കത്തക്ക വിധം ആടിനെ തറയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. തുടര്‍ന്നും ആട് അസ്വസ്ഥതകള്‍ കാണിക്കുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. വയറുപെരുപ്പത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഇളം പുല്ലും പയര്‍ ചെടികളും നല്‍കുമ്പോള്‍ ഇളം പുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയോ ഉണക്കപുല്ലിനൊപ്പമോ ചേര്‍ത്തോ  നല്‍കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ പുല്ലും വൃക്ഷയിലകളും ആടുകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം, പരമാവധി ഉണക്കി നല്കാന്‍ ശ്രദ്ധിക്കണം. മഴക്കൊപ്പം പറമ്പില്‍ സമൃദ്ധമായി വിളഞ്ഞ് വീഴുന്ന പഴുത്തചക്കമുഴുവനും ആടിന് നല്‍കി അസിഡോസിസ്എന്ന അപകടം വിളിച്ചുവരുത്തരുത്.

അഫ്‌ലാടോക്‌സിന്‍ ആടിനും വിഷം

പിണ്ണാക്ക് , പെല്ലറ്റ് തീറ്റ , വൃക്ഷയിലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൂക്ഷിച്ചുവച്ച  തീറ്റകളില്‍ ഈര്‍പ്പമേറ്റാല്‍ പൂപ്പല്‍ ബാധയ്ക്ക് സാധ്യതയേറെയാണ്. പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ആടുത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും ആടുകള്‍ക്ക് നല്‍കാന്‍ പാടില്ല. മുന്‍കൂട്ടി സംഭരിക്കുന്ന തീറ്റ ചാക്കുകള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ചുമരില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളില്‍ സൂക്ഷിക്കണം. തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തീറ്റനല്‍കുന്ന പാത്രങ്ങളും വൃത്തിയാക്കി സൂക്ഷിക്കണം.

മഴക്കാല രോഗങ്ങള്‍ മുന്‍കരുതലുകള്‍

പശുക്കളിലേതെന്നത് പോലെ ആടുകളിലെയും മഴക്കാല രോഗങ്ങളില്‍ പ്രധാനമാണ് അകിട് വീക്കം . പാല്‍ ഉല്‍പ്പാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത. പാലില്‍ കട്ടയോ തരിത്തരികളായോ കാണപ്പെടല്‍, പാലിന് നിറം മാറ്റം , പനി, തീറ്റയെടുക്കാന്‍ മടുപ്പ്, അകിടില്‍ ചൂട്, അകിടില്‍ നീര്, അകിടില്‍ തൊടുമ്പോള്‍ വേദന ,അകിടിന് കല്ലിപ്പ്, എന്നിവയാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ . പശുക്കളെ അപേക്ഷിച്ച് 'ഗാംഗ്രിനസ് മാസ്‌റ്റൈറ്റിസ്' എന്നറിയപ്പെടുന്ന തീവ്ര രൂപത്തിലുള്ള അകിടുവീക്കത്തിനാണ് ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ള അകിടുവീക്ക രോഗത്തില്‍ അകിട് വീര്‍ത്ത് കല്ലിക്കുമെങ്കിലും വേദന അനുഭവപ്പെടില്ല. അകിടിന്റെ നിറം ക്രമേണ നീലനിറത്തില്‍ വ്യത്യാസപ്പെടുകയും അകിട് തണുത്ത് മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന  നിറത്തില്‍ സ്രവം വരുന്നതായി കാണാം . ക്രമേണ അകിട് വിണ്ട് കീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോവാനും മുലക്കാമ്പുകള്‍ തന്നെ നഷ്ടമാവാനും ഗാംഗ്രിനസ് അകിടുവീക്കത്തില്‍ സാധ്യതയേറെയാണ്. അകിടുവീക്കം പശുക്കളേക്കാള്‍ ആടുകളില്‍ മാരകമായതിനാല്‍ രോഗം തടയാന്‍ പ്രത്യേകം കരുതല്‍ പുലര്‍ത്തണം. ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.  

ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമായ  ആടുവസന്തക്ക് മഴക്കാലത്ത് സാധ്യതയേറെ പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പി. പി. ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍.. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതുമാണ്.  ഗോരക്ഷാപദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണവകുപ്പ് ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്തുടനീളം സൗജന്യമായി വിതരണം ചെയ്യുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള ആടുകള്‍ക്ക് ആദ്യ പ്രതിരോധകുത്തിവെയ്‌പെടുക്കാം .മൂന്ന് വര്‍ഷം വരെ പ്രതിരോധശേഷി നല്‍കാന്‍ ഈ വാക്സിന് കഴിയുമെങ്കിലും നമ്മുടെ നാട്ടില്‍ പി. പി .ആര്‍. വളരെ വ്യാപകമായി കാണുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ കുത്തിവെയ്പ്പ് ആവര്‍ത്തിക്കുന്നത് അഭികാമ്യമാണ് . ഒരു മില്ലിലിറ്റര്‍ വീതം മരുന്ന് തൊലിക്കടിയില്‍ കുത്തിവെക്കുന്ന പി.പി.ആര്‍. വാക്‌സിന്‍ ഗര്‍ഭിണികളായ ആടുകള്‍ക്ക് പോലും സുരക്ഷിതമായി നല്‍കാവുന്നതാണ്.

വിരകള്‍ക്കെതിരെ കരുതല്‍

ചെറുകുടലിന്റെ ഭിത്തിയില്‍ കടിച്ച് തൂങ്ങി കിടന്ന് രക്തം കുടിച്ച് വളരുന്ന സ്‌ട്രോഗൈല്‍ എന്ന് വിളിക്കപ്പെടുന്ന ഉരുളന്‍ വിരകളും ദഹിച്ച് കഴിഞ്ഞ പോഷകാഹാരം ഭക്ഷിച്ച് രണ്ടരയടി വരെ നീളത്തില്‍ വളരുന്ന മൊനീഷ്യ എന്ന് വിളിക്കപ്പെടുന്ന നാടവിരകളുമാണ് കേരളത്തിലെ ആടുകളില്‍ കാണപ്പെടുന്ന പ്രധാന ആന്തര പരാദങ്ങള്‍. മഴക്കാലത്ത് അന്തരപരാദങ്ങളും കൂടാന്‍ ഇടയുള്ളതിനാല്‍ മഴ കനക്കും മുന്‍പേ ആടുകള്‍ക്കെല്ലാം ആന്തര പരാദങ്ങള്‍ക്കെതിരെയുള്ള മരുന്നുകള്‍ നല്‍കേണ്ടതും പ്രധാനം .ആവശ്യമെങ്കില്‍ ആടുകളുടെ ചാണക പരിശോധന നടത്തി വിരബാധ നിര്‍ണയിക്കാവുന്നതാണ്.  

ആട്ടിന്‍കുഞ്ഞുങ്ങളെ പ്രത്യേകിച്ച് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ളവയെ ബാധിക്കുന്ന മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് കോക്‌സിഡിയോസിസ് അഥവാ രക്താതിസാരരോഗം . പേര് സൂചിപ്പിക്കുന്നത് പോലെ രക്തവും ശ്ലേഷമവും (ങൗരൗ െ) കലര്‍ന്ന അതിസാരമാണ് പ്രധാന രോഗലക്ഷണം. ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്സീഡിയ രോഗാണുക്കള്‍ കുടല്‍ ഭിത്തിയില്‍ ക്ഷതമേല്പിക്കുകയും രക്തസ്രാവത്തിന് വഴിയൊരുക്കുകയും ചെയ്യും . വൃത്തിഹീനമായ കൂടും ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും ശരീര സമ്മര്‍ദ്ദവും കുഞ്ഞുങ്ങളെ തിങ്ങി പാര്‍പ്പിക്കുന്നതും രോഗസാധ്യത കൂട്ടും. വൃത്തിഹീനമായ ചുറ്റുപാടിലും ചാണകത്തിലും മലിനമായ വെള്ളത്തിലും ചളിയിലും കാണുന്ന കോക്‌സീഡിയല്‍ രോഗാണുക്കള്‍ തീറ്റയിലും പാലിലും കുടിവെള്ളത്തിലും കലര്‍ന്ന് ശരീരത്തിനകത്തെത്തിയാണ് രോഗമുണ്ടാവുന്നത്.

ആട്ടിന്‍കുഞ്ഞുങ്ങളില്‍ രക്തത്തോട് കൂടിയ വയറിളക്കം ശ്രദ്ധയില്‍ പെട്ടാല്‍ ചാണക പരിശോധന നടത്തി രോഗം നിര്‍ണയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം .രോഗം ബാധിച്ചവയെ മറ്റുമുള്ളവയില്‍ നിന്ന് മാറ്റി പാര്‍പ്പിക്കണം ആട്ടിന്‍കുഞ്ഞുങ്ങളുടെ  തീറ്റയും കുടിവെള്ളവും ചാണകം കലര്‍ന്ന് മലിനമാവാതിരിക്കാന്‍ പ്രത്യേകം ജാഗ്രത വേണം .പാല്‍ കറന്നെടുത്ത് കുട്ടികളെ കുടിപ്പിക്കുകയാണെങ്കില്‍ ഓരോ തവണ പാല്‍ നല്‍കുന്നതിനും മുന്‍പായി മില്‍ക്ക് ഫീഡിങ് ബോട്ടിലുകള്‍ അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ കഴുകി വൃത്തിയാക്കാന്‍ മറക്കരുത്.

ആടുവാതം വരാതെ സൂക്ഷിക്കാം

നല്ല ആരോഗ്യമുള്ള ആടുകള്‍ പെട്ടെന്ന് കൈകാലുകളുടെ ബലം കുറഞ്ഞ് വേച്ചുവേച്ചു നടക്കുക, നടക്കുന്നതിനിടെ നിലതെറ്റി വീണ് തറയില്‍ കൈകാലുകളിട്ടടിച്ച് പിടയല്‍, കുഴഞ്ഞുവീണ് ഒരുവശം തളര്‍ന്ന് കിടപ്പിലാവല്‍ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ മിക്ക ആടുകര്‍ഷകരും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവാം. ആടുകളെ ബാധിയ്ക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമായ പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണിതെല്ലാം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു.ആടുവാതംഎന്ന പേരിലാണ് കര്‍ഷകര്‍ക്കിടയില്‍ ഈ രോഗം പരിചിതം. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിന്‍ എന്ന ബി.1 വിറ്റാമിന്റെ പെട്ടന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിന് വഴിയൊരുക്കുന്നത്. ഏത് കാലാവസ്ഥയിലും ആടുകളില്‍ വാതരോഗം ഉണ്ടാവാമെങ്കിലും മഴക്കാലത്ത് രോഗം വരാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്. തീറ്റയില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങളും, നാരളവ് കൂടിയ തീറ്റ കഴിച്ചിരുന്ന ആടുകള്‍ മഴക്കാലത്തിന്റെ തുടക്കത്തില്‍ ജലാംശം കൂടിയതും നാരളവ് കുറഞ്ഞതുമായ ഇളം പുല്ലുകള്‍ കൂടുതലായി കഴിക്കുന്നതും, തീറ്റയിലെ പൂപ്പല്‍വിഷബാധയും ശരീരസമ്മര്‍ദ്ദവുമാണ് മഴക്കാലത്ത് ആടുകളില്‍ വാതരോഗസാധ്യത കൂട്ടുന്നത്.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി ഉടനടി വിദഗ്ധഡോക്ടറുടെ സേവനം തേടണം. കൃത്യമായ ചികിത്സകള്‍ നല്‍കിയാല്‍ 2 - 3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കും. തയാമിന്‍ എന്ന ജീവകം സിരകളിലും പേശികളിലും കുത്തിവെച്ച് ജീവക അപര്യാപ്തത പരിഹരിക്കുന്നതാണ് പ്രധാന ചികിത്സ. ഒപ്പം തലച്ചോറിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചികിത്സയും വേണ്ടതുണ്ട്. എന്നാല്‍ വിദഗ്ധ ചികിത്സ വൈകുന്തോറും ലക്ഷണങ്ങള്‍ തീവ്രമാവുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ഗുരുതരമാവുകയും ചെയ്യും. ഇതോടെ പിന്നീടുള്ള ചികിത്സകള്‍ ഫലപ്രദമാവാതെ തീരുകയും ആടുകള്‍ സ്ഥിരമായി കിടപ്പിലാവുകയും മരണം സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും . രോഗം തടയാന്‍

ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ അധിക അളവില്‍ നിത്യവും ആടുകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. സ്ഥിരമായി നല്‍കുന്ന തീറ്റയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം. അന്നജപ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ കഞ്ഞി, ചോറ് പോലുള്ള ധാന്യസമൃദ്ധമായ തീറ്റകള്‍ ആടിന് നല്‍കരുത്.

 

തയാറാക്കിയത്  

ഡോ. എം. മുഹമ്മദ് ആസിഫ്‌

 

Leave a comment

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs