പയര്‍ കൃഷി ലാഭകരമാക്കാനുള്ള മാര്‍ഗങ്ങള്‍

By Harithakeralam

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ പല പേരിലും, ഇനത്തിലും പയര്‍ അറിയപ്പെടുന്നു. പയര്‍ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിന്‍തോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയര്‍ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. വേനല്‍ കൃഷിയാണ് ഏറ്റവും മെച്ചം.

വിത്തൊരുക്കല്‍

വിളവ് എടുത്ത് 30 ദിവസമായ പയര്‍മണി വിത്തിനായി ഉപയോഗിക്കാം. പയര്‍ വിത്ത് നടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇടണം. പയര്‍ വിത്ത് കൂടുകളിലോ, കപ്പുകളിലോ, ട്രൈപോഡിലോ മുളപ്പിച്ചെടുക്കുക. മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകള്‍ പറിച്ചു മാറ്റി നടാം. പയര്‍ വിത്ത് വെള്ളത്തില്‍ ഇടുമ്പോള്‍ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് തടത്തില്‍ കുമ്മായം ചേര്‍ത്ത് മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയര്‍ചെടി നനച്ചു കൊടുക്കുക. പയര്‍ പടരാനുള്ള സൗകര്യമൊരുക്കണം.

വളപ്രയോഗം

വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ചയില്‍ ജൈവവളങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ജലാംശം പിടിച്ചു നിര്‍ത്തുന്നതിനും, രാസവളങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മണ്ണില്‍ ജൈവവളങ്ങള്‍ സമ്പുഷ്ട മായിരിക്കണം.ജലസേചനത്തിന്റെ കൂടുതല്‍, കുറവുകള്‍ ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുകയും, ജീവാമൃതം രണ്ട് ആഴ്ച കൂടുമ്പോള്‍ ചേര്‍ത്തുകൊടുക്കുകയും ചെയ്താല്‍ പയര്‍ വേഗം വളരുന്നതായി കാണാം.

ചാഴി പ്രധാന വില്ലന്‍

പയര്‍ കൃഷിയിലെ പ്രധാന വില്ലനാണ് ചാഴി. നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും ഫിഷ് അമിനോ ആസിഡ് വളരെ നല്ലതാണ്. വിളവെടുപ്പ് സമയമാകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളില്‍ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു. ചാഴിയെയും, ഇലചുരുട്ടിപ്പുഴുവിനെയുംവേപ്പെണ്ണ എമല്‍ഷന്‍ തളിച്ചുകൊടുത്ത് നിയന്ത്രിക്കാം. പയര്‍ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളര്‍ത്തുന്നത് ചാഴിയെ അകറ്റുന്നതായി കാണുന്നു.

വിളവെടുപ്പ്

സാധാരണയായി 45, 50 ദിവസത്തിനുള്ളില്‍ പൂവിടും. പെട്ടെന്ന് പൂവിടുന്നത് പയറിലെ ഇലകള്‍ 10% മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്യുക. രോഗപ്രതിരോധ ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, കൃഷിയിടത്തില്‍ വായു പ്രവാഹം കടന്നു പോകുന്നത് സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ ഇലകള്‍ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ പയര്‍കൃഷി വിജയകരമായി തീരും.


Leave a comment

Related News

Leave a comment

© All rights reserved | Powered by Otwo Designs