ശ്രദ്ധയോടെ വേണം മഴക്കാല പശുപരിപാലനം

മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും രോഗം പടര്‍ന്നു പിടിക്കാന്‍ മഴക്കാലത്ത് സാധ്യത ഏറെയാണ്

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-05-22

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു നികത്തണം. അപകടാവസ്ഥയിലുള്ള തൊഴുത്തുകളില്‍ മതിയായ അറ്റകുറ്റപണികള്‍ നടത്തി സുരക്ഷയുറപ്പാക്കണം. തൊഴുത്തിലേക്ക് ചാഞ്ഞ മരങ്ങളും ശിഖരങ്ങളും വെട്ടി അപകടമൊഴിവാക്കണം. ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിനുള്ളിലേക്ക് മഴചാറ്റല്‍ തെറിച്ചു വീഴുന്ന സാഹചര്യമുണ്ടെങ്കില്‍ മേല്‍ക്കൂരയുടെ ചായ്പ്പ് ഒന്നോ രണ്ടോ അടി നീട്ടി നല്‍കാം.

തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്നു കൊതുകുകള്‍ പെരുകാനുള്ള സാധ്യത തടയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങള്‍ മഴക്കാലത്ത് ക്ഷീരകര്‍ഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിനു പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. അതിരാവിലെ കറവക്കായി തൊഴുത്തിലെത്തുന്ന കര്‍ഷകര്‍ക്ക് കൊതുകുകളുടെ കടി ധാരാളമായി ഏല്‍ക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. കര്‍ഷകര്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും ഇവ രോഗങ്ങള്‍ പടര്‍ത്തും. അതിനാല്‍ തൊഴുത്തിനു പരിസരത്തെ കൊതുക് നശീകരണത്തിന് മുന്തിയ പരിഗണന നല്‍കണം. വളക്കുഴിയില്‍ വെള്ളം വീഴാതിരിക്കാന്‍ മേലാപ്പൊരുക്കണം. എലിപ്പനി അടക്കം സമയമായതിനാല്‍ തൊഴുത്തിലും പുല്‍കൃഷിയിടങ്ങളിലും കൃഷിപ്പണികളില്‍ ഏര്‍പ്പെടുമ്പോള്‍ കാലില്‍ ഗംബൂട്ട് ധരിക്കാനും ശ്രദ്ധിക്കണം. തീറ്റത്തൊട്ടിയില്‍ രാത്രികാലങ്ങളില്‍ കാലിതീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കുന്നത് എലികളെ ആകര്‍ഷിക്കും, അതിനാല്‍ തീറ്റത്തൊട്ടി അവശിഷ്ടങ്ങള്‍ ബാക്കി വരാതെ വൃത്തിയാക്കി സൂക്ഷിക്കണം.

തൊഴുത്തില്‍ വൈദ്യതിബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകനും അപകടമുണ്ടാക്കും. അപകടസാധ്യതയുള്ള രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തില്‍ സ്ഥാപിക്കരുത്. ചെറിയ ക്ഷീരസംരംഭങ്ങളില്‍ വീടുകളില്‍ നിന്ന് അശ്രദ്ധയോടെ വയര്‍ വലിച്ച് തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇന്‍സുലേഷന്‍ കാലപ്പഴക്കം കൊണ്ടോ ഉരഞ്ഞോ നഷ്ടപ്പെടാം. ഇന്‍സുലേഷന്‍ നഷ്ടമായ വയറുകള്‍ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനല്‍കുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും. വൈദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം.പ്ലാസ്റ്റിക്ക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയര്‍ വലിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധി വരെ തടയാം.

മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറയ്ക്കാന്‍ പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. അകിടുവീക്കസാധ്യത കുറയ്ക്കാന്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം.

അകിടിനും പാലിനും വരുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക. അകിടുവീക്കത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പാല്‍ മുഴുവന്‍ കറന്നൊഴിവാക്കുകയാണ് പ്രഥമശുശ്രൂഷ . തുടര്‍ന്ന് സ്വയം ചികിത്സകള്‍ക്ക് മുതിരാതെ വേഗം ഡോക്ടറുടെ സേവനം ലഭ്യമാക്കണം. പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ പശുക്കളുടെ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും കുളമ്പിന്റെ അടിഭാഗത്ത് പഴുപ്പിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടണം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം കുളമ്പുകള്‍ മുക്കി വച്ച് ഫൂട്ട് ഡിപ്പ് നല്‍കുന്നതും കുളമ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നതും കുളമ്പുചീയല്‍ തടയാന്‍ ഫലപ്രദമാണ്.

കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ഇന്‍കാന്റസന്റ് / ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ സജ്ജമാക്കി കിടാക്കള്‍ക്ക് മതിയായ ചൂട് ഉറപ്പാക്കണം. കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങി പാര്‍പ്പിക്കാതിരിക്കണം.മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിര്‍ക്കുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയര്‍പെരുപ്പത്തിനും (ബ്ലോട്ട്) ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം അധിക അളവില്‍ അന്നജവും ജലാംശവും അടങ്ങിയതുമാണ് ഇതിന് കാരണം. ഇളം പുല്ല് വെയിലത്ത് 1 - 2 മണിക്കൂര്‍ ഉണക്കിയോ വൈക്കോലിനൊപ്പം ചേര്‍ത്തോ നല്‍കാന്‍ ശ്രദ്ധിക്കണം.

സൂക്ഷിച്ചുവച്ച കാലിതീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍. നനഞ്ഞതോ പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റ ചാക്കുകള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ സൂക്ഷിക്കണം. തീറ്റ ചാക്കുകള്‍ക്ക് മുകളില്‍ തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തീറ്റ നനയാന്‍ ഇടയായാല്‍ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ബാഹ്യ ആന്തര പരാദങ്ങള്‍ പെരുകാന്‍ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. മഴ ശക്തമാവുന്നതിന് മുന്‍പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. വെള്ളകെട്ടുകള്‍ക്കോ വയല്‍ പ്രദേശങ്ങള്‍ക്ക് സമീപമോ ആണ് പശുവളര്‍ത്തുന്നതെങ്കില്‍ പണ്ടപ്പുഴുവിനെ തടയാനുള്ള മരുന്ന് പ്രത്യേകം നല്‍കണം. മുടന്തന്‍പനി അടക്കമുള്ള രോഗങ്ങള്‍ പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്. ഈച്ചകളെ അകറ്റുന്ന ലേപനങ്ങള്‍ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. ബാഹ്യപരാദനാശിനികളായ ലേപനങ്ങള്‍ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.

തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പന്‍ , മുടന്തന്‍ പനി , തൈലേറിയ, അനാപ്ലാസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. ന്യൂമോണിയ, കോക്‌സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങള്‍. പാലുല്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് , തീറ്റയെടുക്കാന്‍ മടി, പനി, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള പ്രയാസം, ആയാസപെട്ടുള്ള ശ്വാസോച്ഛാസം, വയറിളക്കം തുടങ്ങി രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വിദഗ്ധ സേവനം തേടണം. പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരള്‍ ഉത്തേജന മിശ്രിതങ്ങളും ധാതു ജീവക മിശ്രിതങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും ഇടിമിന്നല്‍ സാധ്യത ഉള്ളപ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കുകയും വേണം. മഴക്കെടുതി മൂലം കന്നുകാലികള്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ പ്രസ്തുത വിവരം തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണം.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന…

By Harithakeralam
കരുതിയിരിക്കണം ബ്രൂസെല്ലോസിസിനെ; രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌ന് തുടക്കം

കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍  നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.  കന്നുകാലികളില്‍…

By Harithakeralam
വെള്ളമൊഴികെ മനുഷ്യര്‍ കഴിക്കുന്നൊരു ഭക്ഷണവും വേണ്ട; കന്നുകാലിക്ക് തീറ്റയൊരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചാവുകയും ഒമ്പത് എണ്ണം അവശനിലയിലായ വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദുരന്തമുണ്ടായത്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
അമിതമായി പൊറോട്ട കഴിച്ചു, 5 പശുക്കള്‍ ചത്തു; 9 എണ്ണം അവശനിലയില്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചത്തു. ഒമ്പത് എണ്ണം അവശനിലയിലാണ്. കൊല്ലം  വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദരന്തമുണ്ടായത്. പൊറോട്ടയും ചക്കയും…

By Harithakeralam
വീട്ടിലൊരു ' പുലിക്കുട്ടി ' യെ വളര്‍ത്താം

പുലിയെ ഓമനിച്ചു വീട്ടില്‍ വളര്‍ത്തിയാലോ...? ഇക്കാര്യം ആലോചിച്ചാല്‍ തന്നെ ജയിലില്‍ പോകാനുള്ള നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്.  പുലിക്കുട്ടിയെപ്പോലൊരു പൂച്ചയെ നമുക്ക് ഓമനിച്ചു വളര്‍ത്താം. അതാണ് ബംഗാള്‍…

By Harithakeralam
ഇറച്ചിയും മുട്ടയും; നല്ലൊരു കാവല്‍ക്കാരനും

കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ…

By Harithakeralam
ശ്രദ്ധയോടെ വേണം മഴക്കാല പശുപരിപാലനം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു…

By ഡോ. എം. മുഹമ്മദ് ആസിഫ്
മഴയും വെയിലും ഒപ്പത്തിനൊപ്പം ; ഓമന മൃഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം

നല്ല മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് കേരളത്തിലിപ്പോള്‍. പലതരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നുമുണ്ട്. ഓമനമൃഗങ്ങള്‍ക്കും ഈ സമയത്ത് പ്രത്യേക പരിചരണം ആവശ്യമാണ്.  കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs