വീട്ടുമുറ്റത്തൊരു താമരക്കാട്...

59 ഇനങ്ങളിലായി 300 ഓളം താമരകളാണ് ശ്രീവത്സന്‍-ശ്രീദേവി ദമ്പതികള്‍ വളര്‍ത്തുന്നത്

By നൗഫിയ സുലൈമാന്‍
2024-05-21

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും നാട്ടുകാര്‍ക്കുമൊക്കെ താമരപ്പൂവിന്റെ സൗരഭ്യം സമ്മാനിക്കുകയാണ് ഈ ദമ്പതികള്‍. നൃത്തവും കൃഷിയും സമ്മേളിക്കുന്ന എറണാകുളം കൊരട്ടി പാറക്കടവ് പുറയാറ്റില്‍ വീട്ടിലെ കൃഷിവിശേഷങ്ങള്‍ ഹരിതകേരളംന്യൂസിനോട് പങ്കുവയ്ക്കുകയാണ് ശ്രീവത്സന്‍.

നെല്‍ക്കൃഷി മതിയാക്കി താമരവളര്‍ത്തല്‍

പരമ്പരാഗതമായി കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. എന്റെ കുട്ടിക്കാലത്ത് നെല്‍കൃഷിയായിരുന്നു കൂടുതലും. നെല്ലും തെങ്ങും കവുങ്ങും ജാതിയുമൊക്കെയായി സജീവമായിരുന്നു കൃഷിലോകം. പക്ഷേ നെല്‍കൃഷിയൊക്കെ അവസാനിപ്പിച്ചു. കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നതോടെയാണ് നെല്‍കൃഷി അവസാനിപ്പിക്കുന്നത്. എന്നാല്‍ താമരപ്പൂക്കളോടും താമരകൃഷിയോടും ഭ്രമം തോന്നിതുടങ്ങിയിട്ട് ഏറെയായില്ല. ഞങ്ങളുടെ മതവിശ്വാസപ്രകാരം താമരയ്ക്ക് വലിയ സ്ഥാനമാണുള്ളത്. പോസിറ്റീവ് വൈബ് നല്‍കുന്നൊരു പൂവുമാണിത്. ഇതൊക്കെയാണ് താമരയോട് ആദ്യമായി ഒരിഷ്ടം തോന്നിക്കുന്നത്. അങ്ങനെയാണ് താമരച്ചെടി നടുന്നതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്.  

2016-17 നാളുകളിലാണ് താമരപ്പൂവിനെക്കുറിച്ചു കൂടുതല്‍ അന്വേഷിക്കുന്നത്, പക്ഷേ കിട്ടിയില്ല. തമിഴ്‌നാട്ടില്‍ നിന്നൊക്കെയാണ് നമ്മുടെ നാട്ടിലേക്ക് കൂടുതലും താമരപ്പൂക്കളെത്തുന്നത്. താമരയെന്ന പേരില്‍ പലരും ആമ്പല്‍ വില്‍ക്കുന്നതായും മനസിലാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ താമരകൃഷി ചെയ്താലോയെന്ന ചിന്തയിലേക്കെത്തി. മണ്ണുത്തിയിലൊരു വീട്ടിലാണ് ആദ്യമായൊരു താമര തൈ കാണുന്നത്. പക്ഷേ അവരെനിക്ക് ചെടി നല്‍കിയില്ല. എന്നാല്‍ പിന്നീട് ഓണ്‍ലൈനില്‍ വഴി ആദ്യമായി ഒരു താമരച്ചെടി വാങ്ങിച്ചു. 2500 രൂപയ്ക്കാണ് ആ ചെടി സ്വന്തമാക്കിയത്. ചെടിയല്ല, താമരയുടെ കിഴങ്ങാണ് വാങ്ങിയത്. ഇതായിരുന്നു താമരകൃഷിയുടെ തുടക്കമെന്നും ശ്രീവത്സന്‍ പറഞ്ഞു.

ആനവണ്ടി വിട്ട് താമര  

ഉയര്‍ന്ന വിലയ്ക്ക് താമര കിഴങ്ങ് വാങ്ങിയെങ്കിലും എങ്ങനെയാണ് കൃഷി ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഇദ്ദേഹത്തിന് വ്യക്തത ഇല്ലായിരുന്നു. താമര നടീലും പരിചരണ രീതിയുമൊക്കെ അറിയുന്നതിന് ഇന്റര്‍നെറ്റിലാണ് വിവരങ്ങള്‍ അന്വേഷിച്ചത്. പ്രീഡിഗ്രിക്ക് ബോട്ടണി പഠിച്ചതിനാല്‍ ബോട്ടണിക്കാരായ കുറേ സുഹൃത്തുക്കള്‍ ശ്രീവത്സനുണ്ടായിരുന്നു. ആ സുഹൃത്തുക്കളെയും പ്രയോജനപ്പെടുത്തി. 2019-ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചതോടെയാണ് താമരകൃഷിയില്‍ സജീവമാകുന്നത്. താമര കിഴങ്ങുകള്‍ കിട്ടുന്നതിന് അനുസരിച്ച് നട്ട് തുടങ്ങിയിരുന്നു. തുടക്കത്തില്‍ തന്നെ 15-ഓളം താമരച്ചെടികള്‍ ശ്രീവത്സന്റെ മുറ്റത്തെ തോട്ടത്തിലുണ്ടായിരുന്നു. ചെടികളൊക്കെയും വലിയ വില നല്‍കിയാണ് ഇദ്ദേഹം വാങ്ങിയത്. താമരതൈകള്‍ക്കും കിഴങ്ങുകള്‍ക്കുമൊക്കെയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഓരോ സ്ഥലത്തും പോയിട്ടുണ്ട്. പല നാടുകളില്‍ നിന്നാണ് താമര ചെടിയുടെ വ്യത്യസ്ത ഇനങ്ങള്‍ സ്വന്തമാക്കുന്നത്. നിരവധി താമര കര്‍ഷകരെ നേരില്‍ കാണുകയും അവരില്‍ നിന്നുകാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. കാര്‍ഷിക ലേഖനങ്ങളും വായിച്ചു മനസിലാക്കി. കുറേയേറെപ്പേര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ചിലരൊക്കെ പറഞ്ഞു തരാന്‍ മടിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

300 ചെടികള്‍ 59 ഇനങ്ങള്‍

വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീവത്സന്റെ പറമ്പില്‍ 59 ഇനങ്ങളിലായി 300 താമരച്ചെടികളുണ്ട്. വീട്ടുമുറ്റത്തും മറ്റു കൃഷികളുടെ ഇടവിളയായും വീട്ടുവളപ്പില്‍ താമരകൃഷിയുണ്ട്. താമരയ്ക്ക് മാത്രമായി മൂന്ന് പടുതാകുളങ്ങളുണ്ട്. കുളത്തില്‍ മാത്രമല്ല പോട്ടുകളിലും താമര നട്ടിട്ടുണ്ട്. പ്രളയത്തില്‍ ശ്രീവത്സന്റെ തോട്ടത്തിലെ കുറേ ജാതിമരങ്ങള്‍ നശിച്ചിരുന്നു. ആ സ്ഥലമൊക്കെ താമരകൃഷിക്ക് പ്രയോജനപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ആമ്പല്‍ ചെടി പോലെ അത്ര എളുപ്പത്തില്‍ താമരകൃഷി സാധ്യമല്ല. താമര വളരെ സെന്‍സിറ്റീവാണ്. പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കിയില്ലെങ്കില്‍ വേഗത്തില്‍ അഴുകി പോകാനുള്ള സാധ്യത കൂടുതലാണ്.  

കിഴങ്ങ് നടുമ്പോള്‍ കുറേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പലരും താമരയുടെ കിഴങ്ങ് നട്ടു പിടിപ്പിക്കാറുണ്ട്. പക്ഷേ കിഴങ്ങ് മുളച്ച് വരുന്നതിന് സമയമെടുക്കും. കിഴങ്ങ് മുളച്ച് ഇലകളൊക്കെ വന്നു തൈയാകുന്നതിന് നാലഞ്ച് മാസമെടുക്കും. അതിനിടയ്ക്ക് ഫംഗസ്, പുഴു ശല്യം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. നാടന്‍ താമരയുടേതല്ലാത്ത വിത്തുകള്‍ മുളയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ആഗ്രഹിക്കുന്ന വെറൈറ്റി കിട്ടിയെന്നും വരില്ല. എന്നാല്‍ കേരളത്തിന്റെ കലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാ കാലത്തും ഹൈബ്രിഡ് തൈകളില്‍ നിന്നും പൂവ് ലഭിക്കും. ചൈന, തായ്‌ലന്റ്, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ വരുന്നതാണ് ഹൈബ്രിഡ് ചെടികള്‍.

നടീല്‍ രീതി

 21 ഇഞ്ച് ഉള്ള ഒരടി ഉയരമുള്ള ടബ്ബിലാണ് താമര നടുന്നത്. ഇതിനാവശ്യമായ വളക്കൂട്ട് ഉണ്ടാക്കിയെടുക്കണം. അങ്ങനെയൊരു ബയോമിക്‌സ് ഞാന്‍ തയാറാക്കിയിട്ടുണ്ട്. രണ്ട് കിലോ ഉണങ്ങിയ ചാണകപ്പൊടി, 200 ഗ്രാം എല്ലുപ്പൊടി, 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇത്രയും യോജിപ്പിച്ചാല്‍ ബയോ മിക്‌സ് റെഡി. ധാരാളം പൂവ് ലഭിക്കുന്നതിനുള്ള എല്ലാ മൂലകങ്ങളും ഇതിലുണ്ട്. ഇത്രയും തയാറാക്കി വയ്ക്കുക. കട്ടയൊക്കെ കളഞ്ഞെടുത്ത കല്‍പ്പൊടി ടബ്ബില്‍ ഒരു ഇഞ്ച് കനത്തില്‍ ഇട്ടു കൊടുക്കുക. അതിനു മീതെ ബയോമിക്‌സ് നിരത്തുക, മീതെ ഒരു ഇഞ്ച് കൂടി കല്‍പ്പൊടി നിരത്തുക, അതിനു മുകളില്‍ വേര് പടലം അടക്കം കിട്ടുന്ന തൈ നേരെ ടബ്ബിലേക്ക് ഇറക്കി വയ്ക്കും. വീണ്ടും ടബ്ബിലേക്ക് കല്‍പ്പൊടി ഇട്ടു കൊടുത്ത് ലെവല്‍ ചെയ്തു ഏറ്റവും അവസാനം മാത്രമേ വെള്ളം നിറയ്ക്കൂ. 

ഒരു പാത്രം വച്ചിട്ട് അതിലൂടെ ഒഴിക്കുക. കുത്തിയൊഴിച്ച് എല്ലാം കൂടി ഒരുമിച്ച് കലങ്ങിപ്പോകാതിരിക്കാനാണിത്. ഒരു ദിവസം തണലില്‍ വയ്ക്ക്ണം. പിറ്റേ ദിവസം വെയിലിലും വയ്ക്കണം. ഒന്നര മാസം കഴിയുമ്പോള്‍ താമരയില്‍ പൂക്കളുണ്ടാകും. വലിയ പരിചരണമൊന്നും വേണ്ടി വരുന്നില്ല. വെള്ളത്തിന്റെ ലെവല്‍ ശ്രദ്ധിക്കണം. ദിവസവും വെള്ളം ഒഴിച്ച് ആ ലെവല്‍ നിലനിറുത്താന്‍ ശ്രദ്ധിക്കണമെന്നു മാത്രം. ഒച്ചും പുഴുവുമൊക്കെയാണ് പ്രധാന ശല്യങ്ങള്‍. ഒച്ച് എത്തിയാല്‍ വേഗത്തിലാകും അവയുടെ എണ്ണം വര്‍ധിക്കുന്നതും പടരുന്നതും. ഓണത്തുമ്പി പോലുള്ള ശലഭങ്ങള്‍ മുട്ടയിടും. അവ പുഴുവായി ഇലയൊക്കെ കാര്‍ന്നു തിന്നു തീര്‍ക്കും. ഇതൊക്കെ ശ്രദ്ധിക്കണം. സാധാരണ മരുന്ന് അടിക്കാറില്ല. ഒച്ചിനെയും പുഴുവിനെയും എടുത്തു കളയുകയാണ് പതിവ്. പതിവായി താമരച്ചെടികളെ നിരീക്ഷിച്ചാല്‍ മാത്രം മതി.

വില്‍പ്പനയ്ക്ക് ബഡ് പ്ലാന്റുകള്‍

ബഡ് പ്ലാന്റുകളാണ് ഇവിടെ കൂടുതലും വില്‍ക്കുന്നത്. കിഴങ്ങ് കൊടുത്താല്‍ തൈ പിടിക്കോ പൂവ് ഉണ്ടാകോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ലല്ലോ. കിഴങ്ങ് ആവശ്യമുള്ളവര്‍ക്ക് അങ്ങനെ നല്‍കാറുണ്ട്. പണം വാങ്ങിയും അല്ലാതെയും അമ്പലങ്ങളിലേക്ക് താമരപ്പൂക്കള്‍ നല്‍കാറുണ്ട്. ഒരു പൂവിന് പത്തോ പതിനഞ്ചോ രൂപയെ വില കിട്ടുകയുള്ളൂ. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാദിനങ്ങളില്‍ താമര വളയം ഉണ്ടാക്കുന്നതിനും നല്‍കാറുണ്ട്. വീട്ടില്‍ നേരില്‍ വന്നു താമരത്തോട്ടമൊക്കെ കണ്ടു വാങ്ങുന്നവരും ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ വാങ്ങുന്നവരുമുണ്ട്. മൂന്നാലു ദിവസത്തേക്ക് നനവ് പോകാത്ത തരത്തില്‍ തൈ പായ്ക് ചെയ്താണ് അയക്കുന്നത്. ലഭിക്കുന്നവര്‍ ആ പാക്കറ്റില്‍ നിന്നെടുത്ത് നേരെ നട്ടാല്‍ മതിയാകും. വാങ്ങുന്നവര്‍ക്ക് നടേണ്ടതിനെക്കുറിച്ചും പരിചരണ രീതികള്‍ പറഞ്ഞു കൊടുക്കുന്നതിനൊപ്പം താമരകൃഷിയെക്കുറിച്ച് ഞാനെഴുതിയിട്ടുള്ള എട്ട് പേജുകളുള്ള ലഘുലേഖയും നല്‍കും. താമര നടീലും പരിചരണവും എന്ന പേരിലാണ് ആ പുസ്തകം തയാറാക്കിയിരിക്കുന്നത്. 300 രൂപ മുതല്‍ താമര തൈകള്‍ ലഭ്യമാണ്. വലിയ പൂക്കളുടെ താമര തൈയ്ക്ക് 700 രൂപയാണ് വിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരകൃഷിയ്ക്ക് പുറമേ ഔഷധസസ്യങ്ങളും ശ്രീവത്സന്റെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചമരുന്നുകളുടെ ചെടികളുടെ വലിയ തോട്ടം ഇവിടെയുണ്ടായിരുന്നു. 2018-ലെ പ്രളയത്തില്‍ നശിച്ചു. പിന്നീട് പുതിയ ഔഷധസസ്യങ്ങള്‍ നട്ടു വരികയാണ്. കച്ചോലം, ആവണക്ക്, ചങ്ങരംപരണ്ട തുടങ്ങിയവ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. ഔഷധസസ്യങ്ങളുടെ കൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. നൃത്താധ്യാപികയായ ശ്രീദേവിയാണ് ഭാര്യ. ഇരുവരുമൊന്നിച്ചാണ് താമരകൃഷിക്കാര്യങ്ങള്‍ നോക്കുന്നത്. വീടിനോട് ചേര്‍ന്നൊരു ഇലക്ട്രിക് ഷോപ്പും നടത്തുന്നുണ്ട് ശ്രീവത്സന്‍. സാമൂഹികമാധ്യമങ്ങളിലെ കൃഷി ഗ്രൂപ്പുകളിലും ഇദ്ദേഹം സജീവമാണ്. സമൃദ്ധി എന്ന ജൈവകര്‍ഷകരുടെ കൂട്ടായ്മയും ഇദ്ദേഹത്തിന്റേതായുണ്ട്. സംസ്ഥാനകൃഷി വകുപ്പിന്റേതടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.   ശ്രീരാജും ശ്രീലേഖയുമാണ് മക്കള്‍. ഇരുവരും വിവാഹമൊക്കെ കഴിഞ്ഞു വിദേശത്താണ്.

Leave a comment

കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
തെങ്ങിന് ഇടവിളയായി പൂക്കൃഷി

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…

By Harithakeralam
ഹൈഡ്രാഞ്ചിയ നിറയെ പൂക്കള്‍

നമ്മുടെ പൂന്തോട്ടത്തില്‍ സ്ഥിരമായുണ്ടാകുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. കുറ്റിച്ചെടികളായി വളരുന്ന ഈയിനത്തില്‍ കുലകളായിട്ടാണ് പൂക്കളുണ്ടാകുക. വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍…

By Harithakeralam
ഏതു കാലാവസ്ഥയിലും വസന്തമൊരുക്കി ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും…

By Harithakeralam
വീട്ടുമുറ്റത്തൊരു താമരക്കാട്...

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും…

By നൗഫിയ സുലൈമാന്‍
Leave a comment

© All rights reserved | Powered by Otwo Designs