1200-ലേറെ ഗ്രോബാഗുകളില്‍ പലതരം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നു
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ മട്ടുപ്പാവ് പൂങ്കാവനമാക്കിയിരുന്നു വിജയം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മട്ടുപ്പാവില്‍ വിരിയുന്നത് പൂക്കള്‍ മാത്രമല്ല. നിരവധി പച്ചക്കറികളാണ് വിളഞ്ഞു നില്‍ക്കുന്നത്. തിരുവനന്തപുരം അരുവിക്കര വീട്ടിലെ വിജയം ഭാസ്‌കര്‍ പൂച്ചെടികള്‍ക്ക് പകരം പച്ചക്കറികള്‍ നട്ടു തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു. പ്രായം തളര്‍ത്താത്ത മനസുമായി കൃഷി ലോകത്തില്‍ സജീവമായ വിജയം ഭാസ്‌കറിന്റെ വിശേഷങ്ങളിലേക്ക്.
പൂക്കളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു... വിജയം ഭാസ്‌കര്‍ പറഞ്ഞു തുടങ്ങുന്നു. ആ ഇഷ്ടം കൊണ്ടാണ് പല തരം പൂച്ചെടികള്‍ വീട്ടില്‍ നട്ടു നനച്ചു വളര്‍ത്തുന്നത്. വീടിന്റെ ടെറസ് നിറയെ പലതരം പൂച്ചെടികളായിരുന്നു. ബെംഗളൂരുവില്‍ നിന്നൊക്കെ ചെടികള്‍ വാങ്ങി കൊണ്ടു വന്നു നട്ടിരുന്നു. ചെടികളോടുള്ള കമ്പം ഒട്ടും കുറയാത്ത ഒരു നാളിലാണ് പച്ചക്കറി കൃഷിയുടെ ലോകത്തിലേക്കെത്തുന്നത്. ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചതിന് ശേഷം 17 വര്‍ഷം കിന്‍ഫ്രയില്‍ ജോലി ചെയ്തു. പിന്നീട് അവിടെ നിന്നിറങ്ങി. അന്നാളില്‍ വീടിന്റെ ടെറസില്‍ നിറയെ പൂച്ചെടികളായിരുന്നു. അച്ഛന്‍ ജോലി അവസാനിപ്പിച്ച ദിവസം മകള്‍ എന്നോട് ചോദിച്ചു, ഇത്രയും കാലം ആക്റ്റീവായിരുന്ന അച്ഛന്‍ ഇനിയെന്ത് ചെയ്യും അമ്മേ എന്ന്. ഇത്രയും കാലം ഓഫീസും ജോലിയുമൊക്കെയായിരുന്നല്ലോ ഇനി വീട്ടില്‍ തന്നെയുണ്ടാകുമല്ലോയെന്നോര്‍ത്ത് എനിക്ക് സന്തോഷമായിരുന്നു. ആ സമയം മകളാണ് പച്ചക്കറികളും കൂടി പൂച്ചെടികള്‍ക്കൊപ്പം നട്ടാലോ എന്നു ചോദിക്കുന്നത്. ആ ചോദ്യമാണ് എന്നെയൊരു കര്‍ഷകയാക്കിയത്. പത്ത് വര്‍ഷം കൊണ്ട് 1200-ലേറെ ഗ്രോബാഗുകളില്‍ പലതരം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
കാച്ചില്‍ രവീന്ദ്രന്‍ എന്നറിയപ്പെടുന്ന ഉള്ളൂര്‍ രവീന്ദ്രനെക്കുറിച്ചറിഞ്ഞ് അദ്ദേഹത്തെ നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ കൃഷി ക്ലാസുകളില്‍ നിന്നും ലഭിച്ച അറിവുകളുടെ ധൈര്യത്തിലാണ് കൃഷിയിലേക്ക് കടക്കുന്നത്. മൂന്നു ദിവസത്തെ ക്ലാസും ഒരു ഫീല്‍ഡ് വിസിറ്റുമായിരുന്നു അദ്ദേഹം നല്‍കിയത്. ഞാനും ഭര്‍ത്താവും ആ ക്ലാസുകളില്‍ പങ്കെടുത്തു. വെറും ആറു ഗ്രോ ബാഗുകളില്‍ തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം. രവീന്ദ്രന്‍ സാര്‍ പറഞ്ഞതു പോലെ മണ്ണൊരുക്കി, അദ്ദേഹം നല്‍കിയ വിത്തുകള്‍ തന്നെയാണ് പാകിയതും. അദ്ദേഹം പറഞ്ഞത് കൃത്യമായി പാലിച്ചു. പയര്‍, തക്കാളി, വഴുതന, വെണ്ട, ചീര ഇതൊക്കെ കിട്ടിയതോടെ സന്തോഷമായി. ഗ്രോബാഗുകളുടെ എണ്ണം കൂട്ടി. ആറ് അറുപത് ആയി അറുപത് അറുനൂറായി, പിന്നീട് 1200 ഗ്രോബാഗുകളായി.
കൃഷിയൊക്കെ ധാരാളമുള്ള കുടുംബത്തിലാണ് ജനനം. പക്ഷേ എനിക്കു കൃഷി ചെയ്തു യാതൊരു പരിചയവുമില്ല. എറണാകുളത്താണ് പഠിച്ചതൊക്കെ. പഠനം കഴിഞ്ഞു നാട്ടില്‍ വന്നതോടെ കല്യാണമായി. പിന്നെ മക്കളും ഭര്‍ത്താവുമൊക്കെയായി വീട് തന്നെയായി. പക്ഷേ പൂക്കളൊക്കെ വലിയ ഇഷ്ടമായിരുന്നതു കൊണ്ടാണ് പൂന്തോട്ടമൊരുക്കിയത്. ഡാലിയ പൂക്കളുടെ കുറേ വെറൈറ്റിയുണ്ടായിരുന്നു. അലങ്കാരച്ചെടികളും പൂക്കളും കുറേ നട്ടിരുന്നു. അടുത്ത വീട്ടിലൊക്കെ എന്തെങ്കിലും പരിപാടി വന്നാല്‍ പൂക്കള്‍ക്ക് വേണ്ടി എല്ലാവരും ഇവിടേക്കാണ് വന്നിരുന്നത്. പൂച്ചെടികളോടുള്ള ഇഷ്ടം ഇന്നുമുണ്ട്. അതുകൊണ്ടു തന്നെ പച്ചക്കറികള്‍ക്കൊപ്പം ചെറിയ തോതില്‍ ജമന്തികള്‍ നട്ടിട്ടുണ്ട്. സത്യത്തില്‍ ജമന്തിച്ചെടികള്‍ കീടനാശിനിയാണെന്നു അറിയാതെയാണ് പച്ചക്കറി തൈകള്‍ക്ക് ഇടയില്‍ നട്ടതെന്നും വിജയം.
എല്ലാത്തരം പച്ചക്കറികളും വിജയം ഭാസ്‌കറിന്റെ മട്ടുപ്പാവ് കൃഷിത്തോട്ടത്തിലുണ്ട്. ക്വാളിഫ്‌ലവര്‍, ബ്രോക്കോളി, പാലക്, ചൈനീസ് ക്യാബേജ്, സാലഡ് വെള്ളരി, ബീറ്റ്‌റൂട്ട് തുടങ്ങി എല്ലാത്തരം ശീതകാല പച്ചക്കറികളും തോട്ടത്തിലുണ്ട്. പാവല്‍, പടവലം, വെണ്ട, പയര്‍, പീച്ചില്‍, വഴുതന, കോവയ്ക്ക, കത്തിരി, ചീരകള്‍, മല്ലിയില, പുതിന ഇല തുടങ്ങി എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കാന്താരി, ബുള്ളറ്റ് മുളക്, മഞ്ഞ മുളക്, പാല്‍ മുളക് തുടങ്ങി ഏഴോളം വെറൈറ്റി മുളക് നട്ടിട്ടുണ്ട്. ആറ് ഇനം ചീരകളുണ്ട്, എന്നാല്‍ മഴക്കാലമായതിനാല്‍ ഇത്തവണ ചീര നട്ടിട്ടില്ല. വെള്ളം കുടിക്കുന്ന ബോട്ടിലില്‍ മണ്ണ് നിറച്ചാണ് ക്യാരറ്റ് നട്ടിരിക്കുന്നത്, നല്ല വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മലേഷ്യന്‍ ചാമ്പ, ബെയര്‍ ആപ്പിള്‍, സ്റ്റാര്‍ ഫ്രൂട്ട്, നെല്ലി, നാരകം തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഡ്രമ്മിലാണ് കൃഷി ചെയ്യുന്നത്. നാരകത്തിന്റെ നാലോളം വ്യത്യസ്ത ഇനങ്ങളുണ്ട്. മണ്ണില്‍ ചേന, ചേമ്പ് കാച്ചില്‍ എന്നിവ നട്ടിട്ടുണ്ട്. രണ്ട് തരം കോവലും മണ്ണിലാണ് നട്ടത്. 15 സെന്റിലാണ് വീടും കൃഷിയുമൊക്കെ. ചേന ചാക്കിലാണ് നട്ടിട്ടുള്ളത്. വിളവെടുപ്പിന് ഇതാണ് സൗകര്യം. വലിയ ഗ്രോബാഗിലും നട്ടിട്ടുണ്ട്. നനകിഴങ്ങ്, ചെറു കിഴങ്ങ് ഇതൊക്കെയുണ്ട്. ഇവ വീട്ടാവശ്യത്തിന് മാത്രം. കുരുമുളക് നട്ടിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പത്ത് തൈകള്‍ നട്ടിട്ടുണ്ട്. ഏഴു വര്‍ഷം മുന്‍പ് നട്ടതാണ്. ഈ വര്‍ഷം നൂറോളം ഫലം കിട്ടി. ഡ്രമ്മിലും വാട്ടര്‍ ക്യാനിലുമായാണ് നട്ടിരിക്കുന്നത്. വെറൈറ്റി തൈകള്‍ എവിടെ കണ്ടാലും വാങ്ങി നടും. തോട്ടത്തില്‍ ഏറെയും ഇവിടെ തന്നെയുണ്ടാക്കിയെടുത്ത വിത്ത് മുളപ്പിച്ച തൈകളാണ്. തൈകള്‍ പുറമേ നിന്നും വാങ്ങാറുമുണ്ട്.
തൈകള്‍ നട്ടാല്‍ മാത്രം പോര, കൊച്ചു കുഞ്ഞുങ്ങളെ പോലെ എന്നും ആ ചെടികളെ പരിചരിക്കണമെന്നാണ് വിജയം പറയുന്നത്. ഇല്ലെങ്കില്‍ വേഗത്തില്‍ കീടബാധയേറ്റ് നശിച്ചു പോകും. രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ ഒരു ചായയും കുടിച്ച് ഞാനും ഭര്‍ത്താവും കൂടി നേരെ പോകുന്നത് ടെറസിലെ പച്ചക്കറി തോട്ടത്തിലേക്കാണ്. പിന്നീട് രണ്ട് മണിക്കൂര്‍ നേരം അവിടെയായിരിക്കും. വൈകുന്നേരം നാലു മണിയൊക്കെയാകുമ്പോള്‍ വീണ്ടും തോട്ടത്തിലേക്ക് പരിചരണത്തിനായി പോകും. എന്നും ഇതാണ് ഞങ്ങളുടെ പതിവ്. വീടിന്റെ ടെറസില്‍ സ്റ്റാന്‍ഡ് പിടിപ്പിച്ചിട്ടുണ്ട്. നട്ടെല്ലിനടക്കം ഏഴോളം ഓപ്പറേഷന്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. കുറേ നേരം കുനിഞ്ഞു നില്‍ക്കലൊക്കെ ബുദ്ധിമുട്ടാണ്. ആദ്യനാളില്‍ ടെറസിന്റെ നിലത്ത് തന്നെയായിരുന്നു. അതൊരു ബുദ്ധിമുട്ടായി തുടങ്ങിയതോടെ സ്റ്റാന്‍ഡ് ഘടിപ്പിക്കുകയായിരുന്നു. അതിനു മുകളിലാണ് ഗ്രോബാഗുകള്‍ വച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുത്താണ് ഈ സംവിധാനങ്ങളൊരുക്കിയത്. പ്രായത്തിന്റെ അവശതകളൊക്കെയുണ്ടല്ലോ, പരിചരണത്തിനും തോട്ടം കാണാന്‍ വരുന്നവര്‍ക്കും ഈ രീതിയാണ് സൗകര്യം.
മണ്ണ് നല്ലതല്ലെങ്കില്‍ ചെടികളൊന്നും പിടിക്കില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ അങ്ങനെയില്ല, എല്ലാ മണ്ണും നല്ലതാണ്. മണ്ണിന് ഒരു പുളിരസമുണ്ട്, അതു മാറ്റിയെടുക്കുന്നത് മണ്ണില്‍ കുമ്മായം വിതറി നന്നായി ഇളക്കി ഒരു മാസം വെറുതേ ഇടണം. പത്ത് കുട്ട മണ്ണ് എടുക്കുകയാണെങ്കില്‍ 3 കിലോ കുമ്മായം ഇട്ട് ഇളക്കും. ആ ഒരു മാസത്തെ ഇടവേളയില്‍ വിത്ത് പാകി വയ്ക്കും. ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത്, കപ്പിലാണ് പാകുന്നത്. കിളിര്‍ത്ത് നാലില പ്രായമാകുമ്പോള്‍ മണ്ണിലേക്ക് മാറ്റുകയാണ് പതിവ്. കുമ്മായമിട്ട് ഒരു മാസത്തിന് ശേഷം ചെറിയ നനവുള്ള ആ മണ്ണിലേക്ക് നാലു കുട്ടയോളം പച്ച ചാണകം ചേര്‍ത്തുകൊടുക്കും. ഇതിലേക്ക് പ്രൊസസ് ചെയ്ത ചകിരിച്ചോറിന്റെ ബെഡ് രണ്ട് എണ്ണം ചേര്‍ക്കും. ഒന്നിന് നാലു കിലോ ഭാരമുള്ള ബെഡാണ് കുതിര്‍ത്ത് ചേര്‍ക്കുന്നത്. മൂന്നു കിലോ വീതം എല്ലുപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത ശേഷം മണ്ണ് നന്നായി യോജിപ്പിച്ചെടുക്കും.
പുട്ടിന് മാവ് നനയ്ക്കുന്ന പോലുള്ള പരുവത്തിലേക്ക് മണ്ണ് ഇളക്കിയെടുത്ത ശേഷമാണ് ആവശ്യാനുസരണം ഗ്രോബാഗിലേക്ക് നിറയ്ക്കുന്നത്. തേങ്ങയുടെ തൊണ്ട് ചെറുതായി കീറിയതും രണ്ട് മൂന്ന് ഓട് കഷ്ണങ്ങളും ഗ്രോബാഗിലേക്ക് ഇട്ട ശേഷമാണ് മണ്ണ് നിറയ്ക്കുന്നത്. തുടക്കത്തില്‍ മണ്ണ് നിറയ്ക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാല്‍ ആദ്യകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്ങനെയാണെങ്കിലും ബാഗിന്റെ മുക്കാല്‍ ഭാഗം മണ്ണ് നിറയ്ക്കും. വാം എന്നൊരു വസ്തു കൂടി ഇട്ട ശേഷം തൈ ബാഗില്‍ നടും. അടുത്ത 15 ദിവസത്തേക്ക് ഒരു വളവും നല്‍കേണ്ടതില്ല. വെള്ളം മാത്രം നല്‍കിയാല്‍ മതി. ഒരു വിള നട്ടു കായ്ഫലമൊക്കെയുണ്ടായ ശേഷം ആ ബാഗില്‍ പിന്നീട് മറ്റൊരു ഇനമാണ് നടേണ്ടത്. വെണ്ട നട്ട ബാഗില്‍ അടുത്ത തവണ വഴുതന നടും. ഇങ്ങനെ മാറ്റം കൊണ്ടുവരുന്നത് നല്ലതാണെന്നാണ് അനുഭവത്തില്‍ നിന്ന് മനസിലായിട്ടുള്ളതെന്നും വിജയം കൂട്ടിച്ചേര്‍ത്തു.
അനന്തപുരി ഫാം ജേണലിസ്റ്റ് ഫോറവും ഗാന്ധിഭവനും കൂടി ചേര്‍ന്ന് ഗാന്ധിഭവനില്‍ എല്ലാ ശനിയാഴ്ചകളിലും പച്ചക്കറി വിപണി നടത്തുന്നുണ്ട്. 48 ഓളം കര്‍ഷകരുടെ ജൈവ രീതിയില്‍ തയാറാക്കിയ വിഭവങ്ങളാണ് വില്‍ക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ ആരംഭിച്ചാല്‍ ഉച്ചയോടെ അവസാനിക്കുന്ന വിപണിയാണ്. തോട്ടത്തില്‍ നിന്നു കിട്ടുന്ന പച്ചക്കറികളൊക്കെ ഇവിടെ വില്‍ക്കാറുണ്ട്. വീട്ടാവശ്യത്തിനുള്ളതും മകളുടെ വീട്ടിലേക്കുള്ളതും നല്‍കിയ ശേഷം ലഭിക്കുന്ന പച്ചക്കറികളാണ് ഗാന്ധിഭവനില്‍ വില്‍ക്കുന്നത്. പച്ചക്കറി വിറ്റ് പണം നേടുക എന്നതല്ല കുറേ ആളുകളുമായി പരിചയപ്പെടാനും വിഷമില്ലാത്ത പച്ചക്കറികള്‍ കുറേയധികം പേരിലേക്ക് എത്തിക്കാനാകുമെന്നതാണ് ഇതിലൂടെ ലഭിക്കുന്ന സന്തോഷം.
അരുവിക്കര കൃഷി ഭവന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. കൃഷി ക്ലാസുകളും എടുക്കുന്നുണ്ട്. എങ്ങനെ മണ്ണൊരുക്കണം, നടണം, വളമെങ്ങനെ ഉണ്ടാക്കണം എന്നൊക്കെ ക്ലാസിലൂടെ പറഞ്ഞു കൊടുക്കും. മട്ടുപ്പാവ് കൃഷി എങ്ങനെ ചെയ്യാമെന്നാണ് ക്ലാസെടുക്കുന്നത്. ഈ ക്ലാസില്‍ പങ്കെടുക്കുന്നതിനും കൃഷിത്തോട്ടം സന്ദര്‍ശിക്കുന്നതിനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വീട്ടിലേക്ക് വരാറുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് വിജയം ഭാസ്‌കറിനായിരുന്നു. റാറ്റ വെയറോണ്‍ മലപ്പുറം അവാര്‍ഡ്, സരോജിനി ദാമോദര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. രണ്ട് മക്കളും പൂര്‍ണ പിന്തുണയാണ് അമ്മയ്ക്കും അച്ഛനും നല്‍കുന്നത്. ഖത്തറില്‍ എന്‍ജിനീയറാണ് മകന്‍ നന്ദകുമാര്‍, ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് മകള്‍ സ്മിത.
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment