ആടിനെ അറിയാതെ വളര്‍ത്താനിറങ്ങിയാല്‍ കീശചോരും; അറിയണം ആടുകളിലെ പ്രതിരോധകുത്തിവെയ്പുകള്‍

സംരംഭകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആടുവളര്‍ത്തല്‍ സംരംഭങ്ങളില്‍ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളില്‍ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്‌സിനേഷന്‍. ആടുവസന്ത അഥവാ പി. പി. ആര്‍. , ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് , എന്ററോടോക്‌സിസിമിയ, കുരലടപ്പന്‍, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകളാണ് ആടുകള്‍ക്ക് നല്‍കേണ്ടത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-11-03

മൃഗസംരക്ഷണസംരംഭകരംഗത്തേക്ക് കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും  ആവര്‍ത്തന ചിലവുകളും ആര്‍ക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ ആകര്‍ഷകമാക്കുന്നു. പരിപാലനത്തില്‍ ശാസ്ത്രീയതയും വിപണന മിടുക്കുമുണ്ടെങ്കില്‍ ആടുകള്‍ ആദായം കൊണ്ടുവരും എന്നകാര്യം ഉറപ്പാണ്. ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ അലസതയോടെയാണ്  ആടുവളര്‍ത്താന്‍ ഇറങ്ങിയതെങ്കില്‍ കീശചോരും എന്ന കാര്യവും ഉറപ്പ്.  

സംരംഭകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ  അകറ്റിനിര്‍ത്താന്‍ ആടുവളര്‍ത്തല്‍ സംരംഭങ്ങളില്‍ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളില്‍ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്‌സിനേഷന്‍. ആടുവസന്ത അഥവാ പി. പി. ആര്‍. , ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് , എന്ററോടോക്‌സിസിമിയ, കുരലടപ്പന്‍, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകളാണ് ആടുകള്‍ക്ക് നല്‍കേണ്ടത്. രോഗങ്ങളും  വാക്‌സിനുകളും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേര്‍ക്കുന്നു.  മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം ഉല്പാദിപ്പിക്കുന്ന വാക്സിനുകള്‍ സംസ്ഥാനത്തെ മൃഗാശുപത്രികള്‍ വഴി ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാവും . മറ്റ് വാക്സിനുകള്‍ക്കായി അതത് സ്ഥാപനങ്ങളുടെ  കേരളത്തിലെ  അംഗീകൃത വിതരണക്കാരുമായി ബന്ധപ്പെടണം.

ആട് വസന്ത / പി. പി. ആര്‍. പ്രതിരോധ കുത്തിവെയ്പ്

 ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ്  ആടുവസന്ത. പാരമിക്‌സോ  എന്ന വൈറസ് കുടുംബത്തിലെ  മോര്‍ബില്ലി എന്നയിനം വൈറസുകള്‍  കാരണമായുണ്ടാവുന്ന ഈ രോഗം പി. പി. ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് എന്നാണ് ശാസ്ത്രീയമായി  വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ്   രോഗസാധ്യത.  ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും   രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ്  രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ  ഉയര്‍ന്നതുമാണ്.

ആടുകള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ പി. പി. ആര്‍. തടയാനുള്ള കുത്തിവെയ്പ് നല്‍കാം.  മൂന്ന് വര്‍ഷം വരെ പി. പി. ആര്‍.  വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിന് കഴിയും. എന്നിരുന്നാലും നമ്മുടെ നാട്ടില്‍ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടുമ്പോള്‍ പ്രതിരോധകുത്തിവെയ്പ് അവര്‍ത്തിക്കുന്നതാണ് ഏറ്റവും  അഭികാമ്യം. ഒരു മില്ലിലിറ്റര്‍ വീതം മരുന്ന്  കഴുത്തിലെയോ തുടയിലെയോ തൊലിക്കടിയില്‍   കുത്തിവെക്കുന്ന  പി.പി.ആര്‍.  വാക്‌സിന്‍  ഗര്‍ഭിണികളായ  ആടുകള്‍ക്ക് ഉള്‍പ്പെടെ  സുരക്ഷിതമായി നല്‍കാവുന്നതാണ്.

• പി .പി. ആര്‍. വാക്സിന്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം , 50 മില്ലിലിറ്റര്‍ ( 50 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം, 50 ആടുകള്‍ക്ക്.  

• പി .പി. ആര്‍. വാക്സിന്‍ -  ഹെസ്റ്റര്‍ ബയോസയന്‍സസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 25,50 & 100 മില്ലിലിറ്റര്‍ (  25 ,50 & 100 ഡോസ് ). ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.

• രക്ഷാ പി. പി. ആര്‍. ( RAKSHA P.P.R. ), ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്  (Indian Immunologicals Ltd).  25, 50 & 100 മില്ലിലിറ്റര്‍ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.

എന്ററോടോക്സീമിയ പ്രതിരോധ കുത്തിവെയ്പ്

ആടുകളില്‍ രോഗാണുബാധയേറ്റാല്‍  വളരെ പെട്ടന്ന് മരണത്തിന്  വഴിയൊരുക്കുന്ന ബാക്ടീരിയല്‍  രോഗമാണ് എന്ററോടോക്സീമിയ. ക്ലോസ്ട്രീഡിയം പെര്‍ഫ്രിഞ്ചന്‍സ് ടൈപ്പ് ഡി. എന്ന ബാക്ടീരിയകളാണ് രോഗഹേതു. ആടുകളുടെ കുടലില്‍ കടന്നുകയറുന്ന ഈ രോഗാണുക്കള്‍ പുറന്തള്ളുന്ന എപ്‌സിലോണ്‍ എന്ന   മാരക വിഷമാണ് രോഗത്തിന് കാരണം.   നല്ല ആരോഗ്യമുള്ള ആടുകളില്‍ വളരെ പെട്ടന്നാണ് രോഗം പ്രത്യക്ഷപ്പെടുക.  നടക്കുമ്പോള്‍ വേച്ചിലും   വിറയലും   വെള്ളം പോലെ ശക്തമായി  വയറിളകുന്നതും അതില്‍ രക്താംശം കാണുന്നതും  രോഗ ലക്ഷങ്ങളാണ് .  പലപ്പോഴും ലക്ഷങ്ങള്‍ പൂര്‍ണമായും പ്രത്യക്ഷപ്പെടുന്നതിനും ചികില്‍സിക്കാന്‍ സാവകാശം കിട്ടുന്നതിന് മുന്‍പും ആടുകള്‍  മരണപ്പെടും.

ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ എന്ററോടോക്സീമിയ തടയാനുള്ള ആദ്യ വാക്‌സിന്‍ നല്‍കാം. എന്ററോടോക്സീമിയ വാക്‌സിന്‍ എടുക്കാത്ത തള്ളയാടുകള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളാണെങ്കില്‍ ജനിച്ച് ഒരാഴ്ച കഴിയുമ്പോള്‍ ഈ വാക്‌സിന്‍ നല്കണം.   ആദ്യകുത്തിവെയ്പ് നല്‍കിയതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഒരു ബൂസ്റ്റര്‍ കുത്തിവെയ്പ് കൂടി നല്‍കുന്നത് അഭികാമ്യമാണ് .  തുടര്‍ന്ന് വര്‍ഷം  തോറും ഓരോ ബൂസ്റ്റര്‍  വാക്‌സിന്‍ നല്‍കണം . ഇത് മഴക്കാലത്തിന് മുന്‍പ് ആവുന്നതാണ് ഉത്തമം. ഗര്‍ഭവസ്ഥയിലുള്ള ആടുകള്‍ക്ക് ഉള്‍പ്പെടെ ഈ വാക്‌സിന്‍ സുരക്ഷിതമായി നല്‍കാവുന്നതാണ്.

• എന്ററോടോക്സീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  100  മില്ലിലിറ്റര്‍ (40 ഡോസ്), ഒരാടിന് 2.5  മില്ലി വീതം 40  ആടുകള്‍ക്ക്.

• രക്ഷാ ഇ. ടി. വാക്‌സിന്‍ ( Raksha E.T.) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്.   100 മില്ലിലിറ്റര്‍ ( 50 ഡോസ്), ഒരാടിന് 2   മില്ലി വീതം 50  ആടുകള്‍ക്ക് .

ആട് വസൂരി / ഗോട്ട് പോക്‌സ് പ്രതിരോധകുത്തിവെയ്പ്

ഇന്ന് വളരെ വ്യാപകമായി നമ്മുടെ നാട്ടില്‍ ആടുകളില്‍ കാണപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് .ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആട് വസൂരി തടയാനുള്ള ആദ്യ വാക്‌സിന്‍ നല്‍കാം. ഇതുവഴി ഒരു വര്‍ഷം വരെ ആടുകള്‍ക്ക് പ്രതിരോധ ശേഷി ലഭിക്കും .

ഗോട്ട് പോക്‌സ്  വാക്സിന്‍ -  ഹെസ്റ്റര്‍ ബയോസയന്‍സസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 50 & 100 മില്ലിലിറ്റര്‍ (  50 & 100 ഡോസ് )  ,ഒരാടിന് 1 മില്ലിലിറ്റര്‍  വീതം തൊലിക്കടിയില്‍.

കുരലടപ്പന്‍/ ഹെമറേജിക് സെപ്റ്റിസീമിയ പ്രതിരോധ കുത്തിവെയ്പ്

പാസ്ചുറെല്ല ബാക്ടീരിയ കാരണമുണ്ടാവുന്ന  കുരലടപ്പന്‍ രോഗത്തിനെതിരായ കുത്തിവെയ്പ് 4 - 6  മാസത്തിനുമിടയില്‍  പ്രായമെത്തുമ്പോള്‍ നല്‍കാം. തുടര്‍ന്ന് വര്‍ഷംതോറും മഴക്കാലത്തിന് മുന്‍പായി  ഓരോ ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയാല്‍ മതി.

• ഹെമറേജിക് സെപ്റ്റിസീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  50 ഡോസ്  (100 മില്ലിലിറ്റര്‍ ). ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക്.

• രക്ഷാ എച്ച്. എസ് (Raksha HS) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് , 50 ഡോസ്  (100 മില്ലിലിറ്റര്‍ ), ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക് .

ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്

ആഴമുള്ള  മുറിവുകള്‍ വഴി ശരീരത്തില്‍ കടന്നുകയറുന്ന   ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയകളാണ്  ടെറ്റനസ്   അഥവാ വില്ലുവാതത്തിന് കാരണം. നാഡീവ്യൂഹത്തെയാണ് ടെറ്റനസ് ബാക്ടീരിയകള്‍ പുറന്തള്ളുന്ന വിഷം ബാധിക്കുക . വായ് തുറക്കാനുള്ള പ്രയാസം , മാംസപേശികളുടെ ദൃഢത , കൈകാലുകള്‍ ദൃഢമായി വടി പോലെയിരിക്കുക , ചെവിയും വാലും  ബലമായി  കുത്തനെയിരിക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ . രോഗം ബാധിച്ചാല്‍ രക്ഷപെടാനുള്ള സാധ്യത കുറവാണ് .

ഗര്‍ഭിണി ആടുകള്‍ക്ക് അവയുടെ 5 മാസം നീളുന്ന ഗര്‍ഭകാലത്തിന്റെ  3 , 4 മാസങ്ങളില്‍ ഓരോ ഡോസ് വീതം  ടെറ്റ്‌നസ് പ്രതിരോധ വാക്‌സിനുകള്‍ കുത്തിവെയ്പ്പായി നല്‍കണം. ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് 4 മാസം പ്രായമെത്തുമ്പോഴും  ടെറ്റനസ് ടോക്‌സോയിഡ്  നല്‍കണം. തുടര്‍ന്ന് ഓരോ ആറ് മാസം  പിന്നിടുമ്പോഴും ടെറ്റനസ്  കുത്തിവെയ്പ് ആവര്‍ത്തിക്കണം.  തെരുവ് നായയുടെ കടിയേല്‍ക്കുക, മേയുന്നതിനിടെ കമ്പിയില്‍ കോറി  മുറിവേല്‍ക്കുക, പ്രസവവേളയില്‍ ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുക  തുടങ്ങി  ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍  നിര്‍ബന്ധമായും ടെറ്റ്‌നസ്  പ്രതിരോധകുത്തിവെയ്പ് നല്‍കണം. ജനിച്ചുവീണ ആട്ടിന്കുട്ടികളുടെ പൊക്കിള്‍ കൊടി  അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കി  പരിപാലിക്കേണ്ടത്  ടെറ്റനസ് തടയാന്‍ ഏറെ പ്രധാനമാണ് . മറ്റു വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ടെറ്റനസ്  രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള  വളര്‍ത്തുമൃഗമാണ്  ആട് എന്നതാണ് ഇത്രയും കരുതലുകള്‍ പുലര്‍ത്തേണ്ടതിന്റെ  കാരണം .

• ടെറ്റനസ് ടോക്‌സോയിഡ് (  Tetanus Toxoid 0.5 ml, 5 ml   ), സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (  Serum Institute of India Ltd ). ഒരാടിന് 0.5  മില്ലിലിറ്റര്‍  വീതം  

• ടെറ്റനസ് ടോക്‌സോയിഡ്, (   Tetanus Toxoid 0.5 ml, 5 ml   )  ഹാഫ്ക്കിന്‍ ബയോ  ഫാര്‍മസ്യൂട്ടിക്കല്‍സ്  (  Haffkine Bio-Pharmaceuticals Corporation) Ltd.  ഒരാടിന് 0.5  മില്ലിലിറ്റര്‍  വീതം .

വാക്സിന്‍ നല്‍കുമ്പോള്‍

ആടുകള്‍ക്ക് വാക്‌സിന്‍ നല്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് .വാക്‌സിന്‍ നല്‍കേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക എന്നത് പ്രധാനമാണ്. 2-8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്‌സിന്‍ സൂക്ഷിക്കാന്‍ ഉചിതമായ താപനില. ഒപ്പമുള്ള ലായകം സാധാരണ താപനിലയില്‍ സൂക്ഷിക്കാം.  വാക്‌സിനുകള്‍ വാങ്ങി ഫാമിലെത്തിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും നല്‍കുമ്പോഴും വാക്‌സിന്റെ ഈ ശീതശൃംഖല ( കോള്‍ഡ് ചെയിന്‍ ) മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. വാക്‌സിന്‍ ഫാമിലേക്ക് കൊണ്ട് വരുമ്പോള്‍ ഐസ്, ജെല്‍പാക്ക് എന്നിവ ഉപയോഗിക്കണം. വാക്‌സിന്‍ റെഫ്രിജറേറ്ററില്‍ മാത്രം സൂക്ഷിക്കണം. കുത്തിവയ്പ് നല്‍കാന്‍ ആരംഭിക്കുന്നതിന്റെ തൊട്ടു മുന്‍പ് മാത്രമേ വാക്‌സിന്‍ റഫ്രിജറേറ്ററില്‍ നിന്നെടുത്ത് ഒപ്പമുള്ള ലായകവുമായി ചേര്‍ത്ത് നേര്‍പ്പിക്കാന്‍ പാടുള്ളൂ. മാത്രമല്ല നേര്‍പ്പിക്കുന്നതിന് മുന്‍പായി അതിന് ഉപയോഗിക്കുന്ന ലായകത്തിന്റെ താപനിലയും  8-10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണന്ന് ഉറപ്പാക്കണം. നേര്‍പ്പിച്ച വാക്‌സിന്‍ ഉപയോഗിക്കുന്ന സമയത്ത് ശീതശ്യംഖല മുറിയാതിരിക്കാന്‍ ഒരു പാത്രത്തില്‍ ഐസ് ഇട്ട് വാക്‌സിന്‍ ബോട്ടില്‍ അതില്‍ സൂക്ഷിക്കണം. നേര്‍പ്പിച്ച വാക്‌സിന്‍ കുത്തിവെക്കുന്നതിനായി ആരംഭിച്ചാല്‍ പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ കുത്തിവെയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു തവണ തുറന്ന വാക്‌സിന്‍ ബോട്ടിലുകള്‍ പിന്നീട് നല്‍കുന്നതിനായി സൂക്ഷിച്ച് വയ്ക്കരുത്.

രാവിലെയോ വൈകിട്ടോ അന്തരീക്ഷ താപനില കുറഞ്ഞ സമയമാണ്  വാക്‌സിന്‍ നല്‍കാന്‍ ഏറ്റവും ഉത്തമായ സമയം .  പൂര്‍ണ്ണ ആരോഗ്യമുള്ള ആടുകള്‍ക്ക്  മാത്രമേ വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂ. ഫാമിലെ 80 ശതമാനം ആടുകള്‍ക്കും ഒരേ  ദിവസം തന്നെ വാക്‌സിന്‍ നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം . പ്രസവം വളരെ അടുത്ത ഗര്‍ഭിണി ആടുകള്‍ , ഏതെങ്കിലും രോഗങ്ങള്‍ ബാധിച്ച ആടുകള്‍ , പോഷകാഹാര കുറവുള്ളതോ വിരബാധയുള്ളതോ ആയ ആടുകള്‍ തുടങ്ങിയവയെ പ്രതിരോധ കുത്തിവെയ്പ്  നല്‍കുന്നതില്‍ നിന്നും താത്കാലികമായി ഒഴിവാക്കാം . എന്നിരുന്നാലും  രോഗം ബാധിച്ച ആടുകള്‍ ആരോഗ്യം വീണ്ടെടുക്കുമ്പോഴും ഗര്‍ഭിണി ആടുകള്‍ പ്രസവിച്ച ശേഷവും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണം .   വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പായി ആടുകളെ വിരയിളക്കുന്നത് ഉചിതമാണ്  .  ഒന്നില്‍ അധികം അസുഖങ്ങള്‍ക്കുള്ള വാക്‌സിനേഷനുകള്‍ ഒരു ദിവസം തന്നെ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുത്തിവയ്പിന് ശേഷം മിച്ചം വരുന്ന വാക്‌സിന്‍ കത്തിച്ച് നശിപ്പിക്കണം. കുത്തിവയ്പ്പിന് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും സുരക്ഷിതമായി കുഴിച്ച് മൂടണം. ഫാമിലെ ആടുകളില്‍  ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ മറ്റ് ആടുകള്‍ക്ക്  തല്‍ക്കാലം വാക്‌സിന്‍ നല്‍കരുത്. രോഗാണുസംക്രമണ സമയത്ത് വാക്‌സിന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs