അരുമക്കിളികളുടെ സമ്മര്‍ കെയര്‍

വേനല്‍ സമ്മര്‍ദ്ദമേറിയാല്‍ പക്ഷികളുടെ വളര്‍ച്ചയും മുട്ടയിടലും പ്രജനനവുമെല്ലാം അവതാളത്തിലാവും. ഉഷ്ണസമ്മര്‍ദ്ദം മൂലം മക്കാവുതത്തകളെ പോലുള്ള വലിയ പക്ഷികളില്‍ തൂവല്‍ കൊഴിച്ചില്‍ സാധാരണയാണ്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-02-20

ശരീരം ഉഷ്ണിക്കുമ്പോള്‍ നന്നായൊന്ന് വിയര്‍ത്ത് ഉള്‍ച്ചൂടിനെ പുറത്തുകളയാന്‍ സഹായിക്കുന്ന വിയര്‍പ്പുഗ്രന്ഥികള്‍ പക്ഷികള്‍ക്കില്ല. അധികശരീരതാപത്തെ പുറന്തള്ളുന്നതിന് വേണ്ടി മിക്ക പക്ഷികളും സ്വീകരിക്കുന്ന വഴിയാണ് ഗുലാര്‍ ഫ്‌ളട്ടറിംഗ് അഥവാ അഥവാ തൊണ്ടയുടെ മുകള്‍ ഭാഗത്തെ പേശികള്‍ പടപടെ തുടിപ്പിച്ച് കൊക്കുകള്‍ പാതി തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസം. പക്ഷികളുടെ തൊണ്ടനാളത്തിന്  ചുറ്റുമുള്ള  പേശികളും ത്വക്കും ഒരു മോട്ടോര്‍  എഞ്ചിന്‍ പോലെ പ്രവര്‍ത്തിച്ച് ഉച്ഛ്വാസവായുവിലൂടെയും ബാഷ്പീകരണത്തിലൂടെയും  ശരീരത്തിലെ  അധികതാപത്തെ  പുറത്തുകളയുന്ന രീതിയാണിത്. ഉഷ്ണസമ്മര്‍ദ്ദമേറുമ്പോള്‍ ഗുലാര്‍ ഫ്‌ളട്ടറിംഗിന്റെയും കൊക്കുകള്‍ തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസത്തിന്റെയും നിരക്കും വേഗതയും ഏറും. ക്ഷീണം, ഉന്മേഷക്കുറവ്, പറക്കാനുള്ള മടി, ചിറകുകളും  തൂവലും വിടര്‍ത്തിയിടല്‍, തളര്‍ച്ച, വരണ്ട് വിളറിയ കണ്ണുകള്‍, തീറ്റയോടുള്ള മടുപ്പ്, ധാരാളം വെള്ളം  കുടിക്കല്‍,  തണലുള്ളിടങ്ങളില്‍ മാറിയിരിക്കല്‍,കഴുത്തിലെ പേശികളുടെ വിറയല്‍, പ്രത്യേക ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവയാണ് പക്ഷികളിലെ  ഉഷ്ണ സമ്മര്‍ദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. വേനല്‍ സമ്മര്‍ദ്ദമേറിയാല്‍ പക്ഷികളുടെ വളര്‍ച്ചയും മുട്ടയിടലും പ്രജനനവുമെല്ലാം അവതാളത്തിലാവും. ഉഷ്ണസമ്മര്‍ദ്ദം മൂലം മക്കാവുതത്തകളെ പോലുള്ള വലിയ പക്ഷികളില്‍ തൂവല്‍ കൊഴിച്ചില്‍ സാധാരണയാണ്.

വേനല്‍ രക്ഷ

ഏവിയറികള്‍ ഒരുക്കുമ്പോള്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം. കൂടുകള്‍ ഒട്ടും തണലേല്‍ക്കാത്ത സ്ഥലങ്ങളിലാണെങ്കില്‍ തണലിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. വശങ്ങളില്‍ നനച്ച ചണച്ചാക്കുകള്‍ തറ നിരപ്പില്‍ നിന്ന് മൂന്നടി ഉയരത്തില്‍ ലംബമായി തൂക്കിയിട്ടാല്‍ ഉഷ്ണക്കാറ്റിനെ തടയാം. ഒപ്പം ഫാനുകളും ഫോഗറുകളും കൂടി ക്രമീകരിച്ചാല്‍ ഉളം തണുപ്പില്‍ പക്ഷികള്‍ ഉല്ലാസവതികളാവും. കൂടുകളുടെ മുകളില്‍ തെങ്ങോല മടഞ്ഞോ പനയോലകൊണ്ടോ ഗ്രീന്‍നെറ്റ് കൊണ്ടോ ഒരു ചെറിയ മേലാപ്പൊരുക്കിയാല്‍ ഒരു പരിധിവരെ ഏവിയറിക്കുള്ളിലെ ചൂട് കുറയ്ക്കാം. പക്ഷികളെ പാര്‍പ്പിച്ച ഷെഡിന്റെ മേല്‍ക്കൂര അലൂമിനിയം, ടിന്‍ ഷീറ്റ് എന്നിവ കൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ വെള്ള പെയിന്റോ വൈറ്റ് സിമന്റോ ഇന്‍ഫ്രാറെഡ് റിഫ്‌ളക്ടര്‍ പെയിന്റുകളോ അടിച്ചാല്‍  ചൂടല്‍പ്പം നിയന്ത്രിക്കാം.  മേല്‍ക്കൂര നനച്ചും നല്‍കാം. വായുസഞ്ചാരത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവ ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും. ഏവിയറിയുടെ വശങ്ങളിലും അഴികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും തൂവല്‍ അടക്കമുള്ള അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ഏവിയറിക്കും കൂടുകള്‍ക്കും ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കാമെങ്കിലും മരച്ചില്ലകള്‍ തിങ്ങി കൂട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടാതെ ക്രമീകരിക്കണം.

പക്ഷികള്‍ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് വേനലില്‍  ഇരട്ടിയാവുന്നതിനാല്‍ യഥേഷ്ടം ശുദ്ധജലം കൂടുകളിലും ഏവിയറികളിലും ലഭ്യമാക്കണം. ചൂട് പിടിയ്ക്കാന്‍ ഇടയുള്ളതിനാല്‍ കഴിയുമെങ്കില്‍ ഇടയ്ക്കിടയ്ക്ക് കുടിവെള്ളം മാറ്റി നല്‍കണം.  കൂടുകളില്‍ ഒരുക്കിയിരിക്കുന്ന  വെള്ളപ്പാത്രങ്ങളില്‍ ഐസ്‌ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. മണ്‍കലങ്ങളില്‍ വെള്ളം നിറച്ച് കൂടുകളില്‍ ഒരുക്കുകയുമാകാം. പാരക്കീറ്റുകളെ പോലുള്ള പക്ഷികളില്‍ ഐസ് പൊടിച്ച് ചേര്‍ത്ത തണുത്തവെള്ളം കുടിച്ചാല്‍ ശ്വാസകോശ സംബന്ധമായ  അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം  ശ്രദ്ധിക്കണം. ഓട്ടോമാറ്റിക് ഡ്രിംങ്കിംഗ് സംവിധാനമാണെങ്കില്‍ വെള്ളടാങ്കും ജലവിതരണ പൈപ്പുകളും നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടണം. തല താഴ്ത്താന്‍ പാകത്തിന് വാവട്ടവും ആഴവും ഉള്ള  മണ്‍കുടങ്ങളില്‍ തണുത്ത വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കിയാല്‍ പക്ഷികള്‍ക്ക് തലയും കൊക്കും മുക്കി നനച്ച് ശരീരം തണുപ്പിക്കാന്‍ സഹായകരമാവും.

ഫിഞ്ചുകള്‍, ആഫ്രിക്കന്‍ ലൗവ് ബേര്‍ഡ്‌സുകള്‍, ബഡ്ജീസ്,  കാനറികള്‍, പ്രാവുകള്‍ അടങ്ങിയ ചെറുപക്ഷികളിലേറെയും ചിറകുവിരിച്ച് വെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആഴം കുറഞ്ഞ് വാവട്ടം കൂടിയ ചെറിയ  മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക് ട്രേകളിലോ വെള്ളം നിറച്ച് ഇവര്‍ക്ക് ആവോളം നീരാടുന്നതിനായി കൂട്ടില്‍ സജ്ജീകരിക്കാം. കാനറികളെ പോലുള്ള ഇത്തിരി കുഞ്ഞന്‍മാര്‍ക്ക് നീന്തി തുടിക്കാന്‍ കൂടിന്റെ   വാതിലിനോട് ചേര്‍ന്ന് ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് സജ്ജീകരിക്കാം. ഏവിയറുകളുടെ തറയിലും പക്ഷികള്‍ക്ക് കുളിച്ചുല്ലസിക്കാന്‍ വെള്ളം നിറച്ച പാത്രങ്ങളൊരുക്കാം.

തത്തകളടക്കമുള്ള പക്ഷികളുടെ ചിറകില്‍ പകല്‍  കൃത്യമായ ഇടവേളകളില്‍ വെള്ളം സ്‌പ്രേ ചെയ്യുന്നത് അവര്‍ക്ക് പകല്‍ ചൂടില്‍ ഏറെ ആശ്വാസകരമാവും. ഇങ്ങനെ ജലം ചെറുകണികകളായി മേനിയില്‍ വന്നു വീഴുന്നത് മുങ്ങിക്കുളിയേക്കാള്‍ പക്ഷികള്‍ക്കിഷ്ടമാണ്. ചെറുമഞ്ഞുതുള്ളികളെ പോലെ ജലകണികകള്‍ തൂവലില്‍ ഇറ്റിറ്റു വീഴുന്ന മിസ്റ്റ് കൂളിംഗ് സിസ്റ്റം വലിയ ഏവിയറുകളില്‍ ഒരുക്കാം. എങ്കില്‍ മക്കാവു തത്തകളും കൊക്കറ്റു തത്തകളും പാരകീറ്റുകളുമെല്ലാം ഡബിള്‍ ഹാപ്പിയാവും. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേളയില്‍ ഒന്നോ രണ്ടോ മിനിറ്റ് വീതം മിസ്റ്റ് പ്രവര്‍ത്തിപ്പിക്കാം.  സ്പ്രിംഗ്ലറുകളോ, മിസ്റ്റോ, ഫോഗറുകളോ, ഉപയോഗിച്ച് വെള്ളം നനയ്ക്കുമ്പോള്‍  തീറ്റയും തീറ്റപാത്രങ്ങളും മാറ്റണം. പച്ചയുടെ നിറച്ചാര്‍ത്ത് തീര്‍ക്കുന്ന ചെറുമരങ്ങളും മുളകളും അലങ്കാര ചെടികളും വള്ളിച്ചെടികളുമൊക്കെ ഏവിയറിക്ക് ചുറ്റും നട്ടുപിടിപ്പിച്ചാല്‍ ഏവിയറികള്‍ വേനലില്‍ പക്ഷികള്‍ക്ക് ഒരു സുഖവാസ കേന്ദ്രം തന്നെയായിത്തീരും. പ്ലാസ്റ്റിക് പെര്‍ച്ചറുകള്‍ മാറ്റി ഏവിയറികളില്‍ മരംകൊണ്ട് നിര്‍മ്മിച്ച പെര്‍ച്ചുകള്‍ ഒരുക്കണം.

വേനല്‍തീറ്റ

ധാന്യതീറ്റകള്‍  കൂടുതലായി ഇഷ്ടപ്പെടുന്ന പക്ഷികളുടെ തീറ്റയില്‍ രണ്ടോ മൂന്നോ തരം ധാന്യങ്ങള്‍ മാത്രം  ഉള്‍പ്പെടുത്തുന്നതിന് പകരം വ്യത്യസ്തങ്ങളായ കൂടുതല്‍ എണ്ണം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ധാന്യങ്ങളുടെ എണ്ണം കൂടും തോറും പക്ഷികള്‍ക്ക് തീറ്റയോടുള്ള താല്‍പര്യം കൂടുമെന്ന് മാത്രമല്ല പോഷകലഭ്യതയും ഉയരും. തത്തകളും ഫിഞ്ചുകളും പ്രാവുകളും അലങ്കാരക്കോഴികളുമെല്ലാം ധാന്യം കൂടുതലായി  ഇഷ്ടപ്പെടുന്നവരാണ്. ധാന്യങ്ങള്‍ അടങ്ങുന്ന മുഖ്യാഹാരം രാവിലെയോ വൈകീട്ടോ ചൂട് കുറഞ്ഞ വേളകളില്‍ വേണം നല്‍കാന്‍. ?അല്‍ഫാല്‍ഫ? പോലുള്ള പയര്‍വര്‍ഗ്ഗചെടികളും ഇലകളും മുളപ്പിച്ച ധാന്യങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന  പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാം. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നതായതിനാല്‍ സംഭരിച്ച് ദീര്‍ഘനാള്‍ സൂക്ഷിച്ച് വെച്ച തീറ്റകളിള്‍ കുമിള്‍ ബാധയ്ക്ക് സാധ്യത കൂടുതലാണ്. ഈ കുമിളുകള്‍ ഉത്പാദിപ്പിക്കുന്ന അഫ്‌ളാടോക്‌സിന്‍ എന്ന വിഷവസ്തു പക്ഷികള്‍ക്ക് മാരകമാണ്. തീറ്റ വസ്തുക്കള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും നനവില്ലാത്ത പാത്രങ്ങള്‍ ഉപയോഗിച്ച് തീറ്റയെടുക്കാനും ശ്രദ്ധിക്കണം.

ധാന്യങ്ങള്‍ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടുന്ന മിശ്രഭോജികളായ  ലോറികള്‍, ലോറികിറ്റുകള്‍, മക്കാവു തത്തകള്‍, ആഫ്രിക്കന്‍ ചാരതത്തകള്‍, കൊക്കറ്റു തുടങ്ങിയ ഇനം പക്ഷികളുടെ തീറ്റയില്‍ തണുപ്പിച്ച് അരിഞ്ഞ പഴവും പച്ചക്കറികളും കൂടുതലായി  നല്‍കണം. ഓറഞ്ച്, പേരയ്ക്ക്, ആപ്പിള്‍, മാങ്ങ, പപ്പായ, ഏത്തപ്പഴം, മാതള നാരങ്ങ, തക്കാളി, കാരറ്റ്, ബീന്‍സ്, അച്ചിങ്ങ, പച്ചമുളക്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക, കാബേജ്, മത്തന്‍, എന്നിവയെല്ലാം ഈ പക്ഷികള്‍ക്കിഷ്ടപ്പെടുന്ന പഴങ്ങളും, പച്ചക്കറികളുമാണ്. മൃദുവായ പച്ചപ്പുല്ലും, പനികൂര്‍ക്ക, തുളസി, മുരിങ്ങയില, ചീര, ചുവന്ന ചീര, അസോള, മള്‍ബറിയില, പപ്പായയില, മല്ലിയില, കറുക, അല്‍ഫാല്‍ഫ, കീഴാര്‍നെല്ലി തുടങ്ങിയ പച്ചിലകളും ചെറുതായി അരിഞ്ഞ്  പകല്‍ സമയങ്ങളില്‍ പക്ഷികള്‍ക്ക് നല്‍കാം.  ധാരാളം ജലാംശം അടങ്ങിയ പുല്ലും പച്ചിലകളും പക്ഷികളുടെ ശരീരത്തിന് ഒരു ?കൂളിംഗ് ഇഫക്ട്? നല്‍കും. പ്രജനനവേളയിലുള്ള പക്ഷികള്‍ക്ക് നിര്‍ബന്ധമായും മൃദു തീറ്റ നല്‍കണം. റൊട്ടിപ്പൊടി, പുഴുങ്ങിയ മുട്ട, സോയാബിന്‍ പിണ്ണാക്ക് എള്ളെണ്ണ, ധാതുമിശ്രിതങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത്  എന്നിവയെല്ലാം ചേര്‍ത്ത് മൃദു തീറ്റ തയ്യാറാക്കാം. വേനല്‍ക്കാലത്ത്   പഴങ്ങളും പച്ചക്കറികളുമടക്കമുള്ള ജലാംശം ഏറെയുള്ള തീറ്റകള്‍ 2 മണിക്കൂറിലധികം പക്ഷികള്‍ കഴിയ്ക്കാതെ  കൂട്ടില്‍ സൂക്ഷിച്ചാല്‍ അത്തരം തീറ്റകളില്‍ ബാക്ടീരിയല്‍ അണുക്കള്‍ പെരുകാന്‍ സാധ്യത കൂടുതലാണ്. തീറ്റയും തീറ്റ അവശിഷ്ടങ്ങളും കൃത്യസമയങ്ങളില്‍ കൂട്ടില്‍ നിന്ന് മാറ്റാന്‍  ശ്രദ്ധിക്കണം. ശരീരസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ധാതുജീവക മിശ്രിതങ്ങള്‍ പതിവായി തീറ്റയിലോ വെള്ളത്തിലോ ചേര്‍ത്ത് നല്‍കണം. ജീവകം എ, ബി, സി, ഡി, ഇ എന്നിവയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷകങ്ങള്‍ ദിനേനെ നല്‍കണം. ഒപ്പം കണവനാക്ക്, കക്കപ്പൊടി, മരക്കരി, കരികട്ടപ്പൊടി, ചുടുകട്ടപ്പൊടി, ചുവന്ന മണ്ണ്, ചെങ്കല്‍പ്പൊടി എന്നിവ കൂട്ടില്‍ ലഭ്യമാക്കിയാല്‍ ധാതു അപര്യാപ്തത പരിഹരിക്കാം. ലിവര്‍ ടോണിക്കുകളും (കരള്‍ ഉത്തേജന മരുന്നുകള്‍), യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍  എന്നിവയും തീറ്റയില്‍ നല്‍കാം.

 സൂര്യാഘാതമേറ്റാല്‍

പക്ഷികള്‍ ഉഷ്ണസമ്മര്‍ദ്ദത്തിലാണെങ്കില്‍ അവയുടെ ചിറകിനടിയിലെ തൂവലുകള്‍ കുറവുള്ള ഭാഗത്തും കാലുകളിലും കൈവെച്ച് പരിശോധിച്ചാല്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടും. പക്ഷികള്‍ ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ തണുപ്പുള്ള  ഇടങ്ങളിലേക്ക് മാറ്റി അവയുടെ മേനിയില്‍ ഇളം തണുപ്പുള്ള വെള്ളം നനച്ച് കുളിപ്പിക്കണം. ഐസ്‌ക്യൂബുകളിട്ട്  നന്നായി തണുപ്പിച്ച  വെള്ളം കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്. കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ഒരല്പം സോപ്പ് ചേര്‍ത്താല്‍ എണ്ണമയം കലര്‍ന്ന തൂവല്‍പാളികള്‍ക്കിടയിലൂടെ വെള്ളം എളുപ്പത്തില്‍ വാര്‍ന്ന് പക്ഷികളുടെ ഉള്‍മേനിയെ തണുപ്പിക്കും.  ചെറുപക്ഷികളെ ഒന്നോ രണ്ടോ മിനിറ്റ് നേരം തല മുങ്ങാതെ ഇളം തണുപ്പുള്ള വെള്ളത്തില്‍ മുക്കിപിടിക്കാം. ഐസ്‌ക്യൂബുകള്‍ ഒരു ടവ്വലില്‍ പൊതിഞ്ഞ് കൊക്കുകളോടും കാല്‍പാദങ്ങളോടും ചിറകിനടയിലെ തൂവലുകള്‍ കുറഞ്ഞ ഭാഗങ്ങളോടും ചേര്‍ത്ത് അല്പ സമയം വെയ്ക്കണം. ഗ്ലൂക്കോസും, ഇലക്ട്രോ ലൈറ്റുകള്‍ ചേര്‍ത്ത തണുത്ത വെള്ളം ആവോളം കുടിക്കാന്‍ പക്ഷികള്‍ക്ക് നല്‍കണം. ഉഷ്ണ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷികള്‍ക്ക് ഉടന്‍ ഈ പ്രഥമശുശ്രൂഷകള്‍ നല്‍കിയില്ലെങ്കില്‍ അവ വിറയലോടെ തറയില്‍ തളര്‍ന്ന് വീഴും. തുടര്‍ന്ന് മരണപ്പെടുകയും ചെയ്യാം.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs