ആടുവളര്‍ത്തല്‍ സംരംഭം വിജയിക്കാന്‍ ബ്രീഡിങില്‍ ശ്രദ്ധിക്കാം

വളര്‍ത്തുമൃഗങ്ങളെ അപേക്ഷിച്ച് പെണ്ണാടുകളുടെ പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട്

By ഡോ. എം.മുഹമ്മദ് ആസിഫ്

ആടുവളര്‍ത്തല്‍ സംരംഭങ്ങളുടെ മുതല്‍ക്കൂട്ടാണ് മികച്ച മുട്ടനാടുകള്‍. സ്വന്തം ഫാമിലെ ബ്രീഡിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു മാത്രമല്ല വാണിജ്യാടിസ്ഥാനത്തില്‍ പുറമെ നിന്നുള്ള ബ്രീഡിങ് സേവനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ബ്രീഡിങ് ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മാംസവിപണിയിലെത്തിച്ച് ആദായമുണ്ടാക്കുകയും ചെയ്യാം. മറ്റ് വളര്‍ത്തുമൃഗങ്ങളെ അപേക്ഷിച്ച് പെണ്ണാടുകളുടെ പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട് . മുട്ടനാടുകളുടെ ശരീരത്തിലെ കോര്‍ന്വല്‍ ( Cornual sebaceous gland ) ഗ്രന്ധികളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഫിറമോണുകളുടെ (Pheromones ) ഗന്ധം പെണ്ണാടുകളുടെ പ്രത്യുല്പാദനപ്രക്രിയയെ ഉത്തേജിപ്പിക്കും . ബക്ക് എഫക്ട് (Buck effect) എന്നാണ് ഈ പെണ്ണാടുകളുടെ പ്രത്യുല്പാദനപ്രവര്‍ത്തനങ്ങളിലുള്ള ഈ ആണ്‍ സ്വാധീനം അറിയപ്പെടുന്നത്. പെണ്ണാടുകള്‍ നേരത്തെ മദിയിലെത്താനും, തീവ്രമായി മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും പ്രസവാനന്തര മദി വേഗത്തിലാവാനും കൂടുതല്‍ അണ്ഡങ്ങള്‍ ഉത്സര്‍ജിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുമൊക്കെ മുട്ടനാടിന്റെ സാന്നിധ്യം അഥവാ ബക്ക് എഫക്ട് ഏറെ പ്രധാനമാണ് . മുട്ടനാടുകള്‍ ഇല്ലാത്ത ഫാമുകളില്‍ കാണുന്ന പെണ്ണാടുകളിലെ കൃത്യമായ മദി ചക്രത്തിന്റെ അഭാവവും ഉയര്‍ന്ന വന്ധ്യതയും മറ്റ് പ്രത്യുല്‍പ്പാദനപ്രശ്‌നങ്ങളും ആടുകളില്‍ ആണ്‍ സ്വാധീനം എത്രമാത്രം പ്രധാനമെന്ന് വസ്തുത അടിവരയിടുന്നു .

ഓരോ ആട് ഇനങ്ങളുടെയും ജനിതക പ്രത്യേകതകള്‍ അനുസരിച്ച് അവയുടെ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതടക്കമുള്ള പ്രജനനസ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ചെറിയ ജനുസുകളില്‍ പെട്ട ആടുകള്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രത്യുത്പാദനശേഷി കൈവരിക്കുമ്പോള്‍ വലിയ ജനുസുകളില്‍ കാലതാമസം കൂടും. മലബാറി ഇനത്തില്‍ പെട്ട ആടുകള്‍ 7 – 8 മാസം പ്രായമെത്തുമ്പോള്‍ തന്നെ മദിലക്ഷണങ്ങള്‍ (Heat signs) കാണിച്ച് തുടങ്ങും . ആദ്യത്തെ രണ്ട് മദികളില്‍ (ഈസ്ട്രസ്) ഇണചേര്‍ക്കുന്നതും കൃത്രിമ ബീജാധാനം നടത്തുന്നതും ഒഴിവാക്കുന്നതാണ് ഉചിതം . ആദ്യ രണ്ടുമദികളില്‍ ഗര്‍ഭധാരണം നടക്കാന്‍ ആവശ്യമായ അണ്ഡോല്‍സര്‍ജനം നടക്കാന്‍ സാധ്യത കുറവായതാണ് പ്രധാന കാരണം. മലബാറി ആടുകളില്‍ 9 -10 മാസം പ്രായം ഇണചേര്‍ക്കാനും കൃത്രിമ ബീജാധാനം നടത്താനും ഉത്തമമായ സമയമാണ് . ഈ ഘട്ടത്തില്‍ ആടുകള്‍ പൂര്‍ണ്ണവളര്‍ച്ചയില്‍ കൈവരിക്കുന്ന ശരീരതൂക്കത്തിന്റെ 60 ശതമാനം ( മലബാറി ആടുകളില്‍ 18 – 20 കിലോഗ്രാം ശരീരതൂക്കം, പൂര്‍ണ്ണവളര്‍ച്ചയില്‍ മലബാറി പെണ്ണാടുകള്‍ 30 -35 കിലോഗ്രാം വരെ തൂക്കമെത്തും ) എങ്കിലും എത്തിയിട്ടുണ്ട് എന്നത് ഉറപ്പാക്കണം . മതിയായ ശരീരവളര്‍ച്ചയെത്തിയിട്ടില്ലാത്ത പെണ്ണാടുകളെ ഇണചേര്‍ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീര്‍ണ്ണതകള്‍ക്കും കുഞ്ഞിനെയും അമ്മയാടിനെയും നഷ്ടപ്പെടാനും സാധ്യതയേറെയാണ്.

പെണ്ണാടുകളെ എപ്പോള്‍ ഇണചേര്‍ക്കണം

പൊതുവെ നല്ലരീതിയില്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിനാല്‍ ആടുകളില്‍ മദി (Heat )തിരിച്ചറിയാന്‍ എളുപ്പമാണ്. നല്ല പോഷകാഹാരം നല്‍കി വളര്‍ത്തി പ്രായപൂര്‍ത്തിയെത്തിയ പെണ്ണാടുകള്‍ സാധാരണഗതിയില്‍ എല്ലാ 18 – 24 ദിവസം ഇടവേളയില്‍ മദിലക്ഷണങ്ങള്‍ കാണിക്കും. ശരാശരി ഇത് 21 ദിവസമാണ് . രോഗങ്ങള്‍, കാലാവസ്ഥ, തീറ്റയുടെ ഗുണമേന്മ , മുട്ടനാടിന്റെ സാമീപ്യം എന്നിവയെല്ലാം പെണ്ണാടുകളുടെ മദിചക്രത്തിന്റെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മുട്ടനാടുകളുടെ അരികില്‍ ചെന്ന് നില്‍ക്കല്‍, മറ്റ് പെണ്ണാടുകളുടെ പുറത്ത് ചാടികയറാന്‍ ശ്രമിക്കല്‍ , മറ്റ് ആടുകള്‍ക്ക് പുറത്ത് കയറാന്‍ പാകത്തിന് അനങ്ങാതെ നിന്ന് കൊടുക്കല്‍ എന്നിവയാണ് ഏറ്റവും പ്രധാനമായ മദി (ഈസ്ട്രസ്) ലക്ഷണങ്ങള്‍. സ്റ്റാന്‍ഡിങ് ഹീറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ മദി ( ഈസ്ട്രസ് കാലം) ആരംഭിച്ചെന്ന് മനസിലാക്കാം. വാല്‍ തുടരെത്തുടരെ ഇരു വശങ്ങളിലേക്കും ചലിപ്പിക്കല്‍, തുടര്‍ച്ചയായി കരയുക , അസ്വസ്ഥത , വെപ്രാളം, യോനിയില്‍ നിന്ന് തെളിഞ്ഞ ശ്ലേഷ്മം ഒഴുകല്‍, യോനീദ്വാരവും ഈറ്റവും ചുവന്ന് തുടുക്കല്‍, തുടരെ തുടരെ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കല്‍ , തീറ്റ കഴിക്കുന്നത് കുറയുക, കറവയാടുകളില്‍ പാലുത്പാദനം കുറയുക, തുടങ്ങിയവയാണ് അനുബന്ധ മദി (Secondary heat signs ) ലക്ഷണങ്ങള്‍. പെണ്ണാടുകള്‍ എല്ലാ ലക്ഷണങ്ങളും ഒരേസമയം പ്രകടിപ്പിക്കണം എന്നില്ല. പരിപാലനരീതികളും കാലാവസ്ഥയുമൊക്കെ അനുസരിച്ച് മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം . സാധാരണഗതിയില്‍ മദിയുടെ ദൈര്‍ഘ്യം 18 മുതല്‍ പരാമാവധി 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. പ്രജനനസ്വഭാവമനുസരിച്ച് മദിക്കാലം 48 മണിക്കൂര്‍ വരെ നീളാനും ഇടയുണ്ട് . മുന്‍പ് സൂചിപ്പിച്ച ഏറ്റവും സുപ്രധാന മദി ലക്ഷണമായ സ്റ്റാന്‍ഡിങ് ഹീറ്റ് തുടങ്ങി 18 മണിക്കൂറിനും 24 മണിക്കൂറിനും ഇടയില്‍ അഥവാ മദിയുടെ രണ്ടാം പകുതിയില്‍ കൃത്രിമ ബീജാധാനം നടത്താം . ഈ സമയത്ത് മേല്പറഞ്ഞ അനുബന്ധ മദി ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായിരിക്കും. ഇണചേര്‍ക്കല്‍ രീതിയാണ് സ്വീകരിക്കുന്നതെങ്കിലും അതിന് പറ്റിയ സമയവും ഇത് തന്നെ .

മുട്ടനാടുകള്‍ക്ക് വേണം ബ്രീഡിംഗ് റെസ്റ്റ്

പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ പരമാവധി ശുദ്ധജനുസ്സ് തന്നെയായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. നല്ല ആരോഗ്യവും വളര്‍ച്ചയും ഇവര്‍ക്ക് ഉറപ്പാക്കണം. പെണ്ണാടുകളുമായി യാതൊരു തരത്തിലുള്ള രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. സ്ഥിരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ 2 ദിവസമെങ്കിലും ബ്രീഡിംഗ് റെസ്റ്റ് നല്‍കണം. പ്രജനനാവശ്യത്തിനായുള്ള മുട്ടനാടുകളെ ഒരുമിച്ച് പാര്‍പ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍. ഇണചേരാന്‍ താത്പര്യം കാണിച്ചുതുടങ്ങുന്ന പ്രായമാവുമ്പോള്‍ മുട്ടന്‍ കുട്ടികളെ പെണ്ണാടുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കണം. പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി ( ബ്രീഡിങ് യൂണിറ്റ് ) വേണം ഫാമിനെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ച് മുതല്‍ പതിനഞ്ച് വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. ഇത് പരമാവധി 25 -30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. അഞ്ച് വയസ്സിനു മുകളിലുള്ള മുട്ടനാടുകളെയും എട്ട് വയസ്സിന് മുകളിലുള്ള പെണ്ണാടുകളെയും പ്രജനനാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ആടുകളെ പ്രജനനത്തിനായി ഉപയോഗിക്കുമ്പോള്‍ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടത് പ്രധാനമാണ്. 2-14 മാസം പ്രായമെത്തുമ്പോള്‍ മലബാറി മുട്ടനാടുകളെയൂം, 8 – 9 മാസം പ്രായമെത്തുമ്പോള്‍ മലബാറി പെണ്ണാടുകളെയും പ്രജനനത്തിനായി ഉപയോഗിക്കാം. ബീറ്റല്‍, സിരോഹി പോലുള്ള വലിയ ഇനം ആടുകളാണെങ്കില്‍ 12-14 മാസം പ്രായമെത്തുമ്പോള്‍ പെണ്ണാടുകളെയും 16-18 മാസം പ്രായമെത്തുമ്പോള്‍ മുട്ടനാടുകളെയും പ്രജനനത്തിനായി ഉപയോഗിച്ച് തുടങ്ങാം. ഒരു മുട്ടനാടിന്റെ 2 മുതല്‍ 5 വയസ് വരെയുള്ള പ്രായയളവാണ് അവയെ പ്രജനനാവശ്യത്തിന് ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമം.

അന്തര്‍പ്രജനനം തടയാം

കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്കും രോഗങ്ങളും മൂലം ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍ അഥവാ അന്തര്‍പ്രജനനം. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളര്‍ച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ പ്രധാന സൂചനകളാണ് . അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്. ഒരേ വംശാവലിയില്‍ പെട്ടതും രക്തബന്ധമുള്ളതുമായ ആടുകള്‍ തമ്മില്‍ ഇണചേരാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണം. പ്രജനനപ്രവര്‍ത്തങ്ങള്‍ കൃത്യവും ശാസ്ത്രീയവുമാവാന്‍ ഫാമില്‍ പ്രജനന റെജിസ്റ്ററുകള്‍ സൂക്ഷിക്കണം . കൂടുതല്‍ ആടുകളുള്ള ഫാമുകളാണെങ്കില്‍ ആടുകളുടെ കാതില്‍ പ്രത്യേകം നമ്പറുകളുള്ള പോളിയൂറിത്തേന്‍ ചെവിക്കമ്മലുകള്‍ അടിക്കുന്നത് തിരിച്ചറിയല്‍ എളുപ്പമാക്കും. പെണ്ണാടുകളെ വാങ്ങിയ സ്ഥലത്ത് നിന്നോ പ്രസ്തുത പ്രദേശത്തോ നിന്നോ തന്നെ മുട്ടനാടുകളെയും വാങ്ങുന്നത് ഒഴിവാക്കണം . ഫാമില്‍ അന്തര്‍പ്രജനനം നടക്കാനുള്ള ചെറിയ സാധ്യതകള്‍ പോലും ഒഴിവാക്കുന്നതിനായി ഓരോ ഒന്നേകാല്‍ – ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി (ആൗരസ ൃീമേശേീി) പുതിയ മുട്ടന്‍മാരെ പ്രജനനാവശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്.

മുട്ടനാടുകളിലെ രോഗങ്ങള്‍

പ്രജനനത്തിനുപയോഗിക്കുന്ന മുട്ടനാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഉപാപചയ രോഗങ്ങളില്‍ പ്രധാനമാണ് യൂറോലിത്തിയാസിസ്സ് അഥവാ മൂത്രാശയകല്ല്. ഫോസ്ഫറസ്, പൊട്ടാസ്യം , മഗ്‌നീഷ്യം,കാത്സ്യം തുടങ്ങിയ ധാതുക്കള്‍ ചെറുപരലുകളായി മൂത്രാശയത്തില്‍ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന കല്ലുകളാണ് രോഗത്തിന് കാരണം. മുട്ടനാടിന്റെ അഗ്രം നീണ്ടതും ദ്വാരം വളരെ ചെറുതുമായ മൂത്രനാളിയുടെ അറ്റത്ത് ഈ കല്ലുകള്‍ അടിഞ്ഞുകൂടിയാണ് സാധാരണ തടസ്സമുണ്ടാകുക. ഫോസ്ഫറസ് അധിക അളവില്‍ അടങ്ങിയ ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ നിത്യവും ധാരാളമായി നല്‍കല്‍ , തീറ്റയില്‍ പുല്ലും വൃക്ഷയിലകളും അടക്കമുള്ള പരുഷാഹാരങ്ങളുടെ കുറവ്, മതിയായ അളവില്‍ വെള്ളം നല്‍കാതിരിക്കല്‍ , എന്നിവയെല്ലാം ഈ രോഗത്തിന് വഴിയൊരുക്കും . പ്രായം കൂടിയ മുട്ടനാടുകളിലാണ് കൂടുതല്‍ രോഗസാധ്യത. മൂത്രം തുള്ളി തുള്ളികളായി മൂത്രം ഇറ്റിറ്റു വീഴല്‍ , മൂത്രത്തോടൊപ്പം രക്തത്തുള്ളികള്‍ , മൂത്രമൊഴിക്കാന്‍ കഠിനമായ പ്രയാസം , മൂത്രമൊഴിക്കുമ്പോള്‍ ശരീരം വില്ലുപോലെ വളച്ചു പിടിക്കല്‍, മൂത്രമൊഴിക്കുമ്പോള്‍ അസഹനീയമായ വേദനയോടെയുള്ള കരച്ചില്‍, കാലുകൊണ്ട് വയറ്റില്‍ തൊഴിക്കല്‍, മൂത്രാശയവും മൂത്രനാളിയും വീര്‍ക്കല്‍, വയറിന്റെ അടിഭാഗത്ത് നീര്‍ക്കെട്ട് എന്നിവയെല്ലാം മൂത്രാശയകല്ലിന്റെ ലക്ഷണങ്ങളാണ് . രോഗം തീവ്രമാവും തോറും അത് മുട്ടനാടുകളുടെ പ്രജനനപ്രവര്‍ത്തനങ്ങളെയും ബാധിക്കും. മൂത്രം പുറന്തള്ളാന്‍ കഴിയാതെ ഗുരുതരമാവുന്ന സാഹചര്യത്തില്‍ മൂത്രാശയവും മൂത്രനാളിയും പൊട്ടി ആട് മരണപ്പെടാന്‍ പോലും സാധ്യതയുണ്ട്.

ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് രോഗം തടയാനുള്ള പ്രധാന മാര്‍ഗ്ഗം . ഉയര്‍ന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉള്‍പ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നല്‍കേണ്ടത് . മുതിര്‍ന്ന ഒരു മലബാറി മുട്ടനാടിന് പച്ചപ്പുല്ലും പച്ചിലകളും അടക്കമുള്ള പരുഷാഹാരങ്ങള്‍ ദിവസം 4 -5 കിലോഗ്രാം എങ്കിലും ആവശ്യമാണ് . ആടുകള്‍ നാരടങ്ങിയ തീറ്റകള്‍ നന്നായി ചവച്ചരക്കുമ്പോള്‍ കൂടുതല്‍ ഉമിനീര്‍ ഉല്പാദിപ്പിക്കപ്പെടുകയും ഈ ഉമിനീര്‍ വഴി കൂടുതല്‍ ധാതുക്കള്‍ ഉത്സര്‍ജിക്കുകയും കാഷ്ഠത്തിലൂടെ പുറന്തള്ളുകയും ചെയ്യുമെന്നതിനാല്‍ മൂത്രാശയകല്ലിനുള്ള സാധ്യത കുറയും. ചവച്ചരയ്ക്കലും ഉമിനീര്‍ ഉല്പാദനത്തിന്റെ തോതും കുറയ്ക്കുന്ന ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ അധിക അളവില്‍ നിത്യവും ആടുകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം . മുട്ടനാടുകളുടെ കൂട്ടില്‍ എപ്പോഴും വൃത്തിയുള്ള കുടിവെള്ളം ലഭ്യമാക്കണം . മൂത്രത്തിന്റെ അമ്ല നില ഉയര്‍ത്താന്‍ സഹായിക്കുന്ന അമോണിയം ക്ലോറൈഡ് പൗഡര്‍ ഒരു കിലോഗ്രാം ശരീരതൂക്കത്തിന് 300 മില്ലി. ഗ്രാം എന്ന അളവില്‍ തീറ്റയില്‍ നല്‍കുന്നത് കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ ചെറുപരലുകളായി അടിഞ്ഞുകൂടി മൂത്രാശയകല്ല് ഉണ്ടാവുന്നത് തടയാന്‍ ഉത്തമമാണ്.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs