ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ആറര സെന്റിലാണ് അനിതയുടെ വീട്. ആ വീടിന്റെ മുകള്‍ നിലയിലും വീടിനോട് ചേര്‍ന്നുള്ള ചെറിയ മുറ്റത്തുമായാണ് കൃഷി ചെയ്യുന്നത്. 65 ഇനം പച്ചക്കറികളുടെ വിവിധ വെറൈറ്റികളും 45-ലധികം ഫലവൃക്ഷങ്ങളും കൃഷിത്തോട്ടത്തിലുണ്ട്.

By നൗഫിയ സുലൈമാന്‍
2024-05-14

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും ഫലവൃക്ഷങ്ങളും  കൃഷി ചെയ്യുന്നുണ്ട് അനിത. സ്വന്തം ആവശ്യത്തിനുള്ളതു മാത്രമല്ല വില്‍പ്പനയ്ക്കുള്ളതും മട്ടുപ്പാവിലെ ഗ്രോബാഗുകളിലും ബോക്‌സുകളിലും വിളയിക്കുന്നു.  ആറര സെന്റിലാണ് അനിതയുടെ വീട്. ആ വീടിന്റെ മുകള്‍ നിലയിലും വീടിനോട് ചേര്‍ന്നുള്ള ചെറിയ മുറ്റത്തുമായാണ് കൃഷി ചെയ്യുന്നത്. 65 ഇനം പച്ചക്കറികളുടെ വിവിധ വെറൈറ്റികളും 45-ലധികം ഫലവൃക്ഷങ്ങളും കൃഷിത്തോട്ടത്തിലുണ്ട്. ഇക്കൂട്ടത്തില്‍ നാടന്‍ തൈകള്‍ക്കൊപ്പം വിദേശ ഇനങ്ങളുമുണ്ട്.

 പിതാവിന്റെ വഴിയേ  

കാര്‍ഷികപാരമ്പര്യമൊന്നുമുള്ള പശ്ചാത്തലമായിരുന്നില്ല എന്റേത്. വീട്ടാവശ്യത്തിനുള്ള കൃഷിയൊക്കെ ചെയ്യുന്നൊരു കൊച്ചു കര്‍ഷകനായിരുന്നു പിതാവ് അബ്ദുല്‍ കാസിം. അദ്ദേഹം ചെയ്യുന്നതൊക്കെ കണ്ടും അറിഞ്ഞും എനിക്കും താത്പ്പര്യം തോന്നുകയായിരുന്നു.  കടകളില്‍ നിന്ന് ലഭിക്കുന്ന വിഷമടിച്ച പച്ചക്കറികള്‍ കൊടുക്കാന്‍ ഒട്ടും താത്പ്പര്യമില്ലായിരുന്നു.  പത്ത് ഗ്രോ ബാഗുകളിലാണ് കൃഷി ആരംഭിക്കുന്നത്. പിന്നീട് മെല്ലെ കൃഷി വ്യാപിപ്പിക്കുകയായിരുന്നു. കൃഷി മെച്ചപ്പെടുത്തുന്നതിന് സാമൂഹികമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മകളില്‍ ചേര്‍ന്നു. കൃഷി രീതികളൊക്കെ പഠിക്കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ സഹായകമായിട്ടുണ്ട്. വളരെ പതുക്കെയാണ് ഓരോ പുതിയ കൃഷി അറിവും പരീക്ഷിച്ചു നോക്കുന്നത്. കൃഷി വീഡിയോകള്‍ കണ്ടും കര്‍ഷകരുടെ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം 10 ഗ്രോബാഗില്‍ നിന്ന് വളര്‍ന്ന് 450 ഗ്രോ ബാഗുകളിലെത്തി നില്‍ക്കുകയാണിപ്പോള്‍. വെണ്ടയ്ക്ക, കുക്കുംബര്‍, ചീര, വെള്ളരിക്ക, ക്വാളിഫ്‌ലവര്‍, തക്കാളി, പടവലം, പയര്‍, ചുരയ്ക്ക, പാവയ്ക്ക, കോവയ്ക്ക തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, നാരങ്ങ, മാവ്, കശുമാവ്, ചാമ്പ മരം എന്നിവയും ഡ്രമ്മറുകള്‍ നട്ടിട്ടുണ്ട്.

ആറര സെന്റിലെ കൃഷി ലോകം

വീട് ഉള്‍പ്പടെ ആറര സെന്റ് സ്ഥലമാണുള്ളത്. പച്ചക്കറി കൃഷിക്കായി പൂര്‍ണമായും ടെറസിനെയാണ് ആശ്രയിച്ചിരിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള കുറച്ചു സ്ഥലത്താണ് ഫലവൃക്ഷങ്ങള്‍ നട്ടിട്ടുള്ളത്. തെങ്ങ്, റംമ്പൂട്ടാന്‍, സപ്പോട്ട, സീതപ്പഴം, ലൂബിക്ക, പപ്പായ തുടങ്ങി വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളാണ് കൃഷി ചെയ്യുന്നത്. ആദ്യ കാലങ്ങളില്‍ വിത്തുകള്‍ പാകി മുളപ്പിച്ചാണ് തൈകളുണ്ടാക്കിയിരുന്നത്. നല്ല ഗുണമേന്മയുള്ള വിത്തുകള്‍ ഫെയ്‌സ്ബുക്കിലെ കൃഷി കൂട്ടായ്മകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നല്ല തൈകള്‍ വാങ്ങി ഉപയോഗിക്കുന്ന പതിവും അനിതയ്ക്കുണ്ട്. കാര്‍ഷിക യൂണിവേഴ്‌സിറ്റികളില്‍ നിന്നൊക്കെയാണ് തൈകള്‍ വാങ്ങുന്നത്. ഗ്രോ ബാഗിലും ഡ്രമ്മുകളിലും പെയിന്റ് ബക്കറ്റുകളിലുമാണ് തൈകള്‍ നട്ടിരിക്കുന്നത്. പച്ചക്കറി കൂടുതലും ഗ്രോ ബാഗിലാണ്. ഫലവൃക്ഷങ്ങള്‍ ഡ്രമ്മിലും പെയിന്റ് ബക്കറ്റുകളിലും എയര്‍പോട്ടിലുമായാണ് കൃഷി ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ളത് മാത്രമല്ല അതിലും കൂടുതല്‍ പച്ചക്കറി ഇവിടെ ടെറസിലെ കൃഷിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്. പച്ചക്കറികള്‍ വില്‍പ്പനയുമുണ്ട്. പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നതു കൊണ്ടു തന്നെ ആവശ്യക്കാരുമുണ്ട്. ദിവസവും കൃത്യമായ പരിചരണം നല്‍കുന്നുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവുമാണ് പരിചരണ സമയം. രാവിലെ എട്ടിനും ഒമ്പതിനും ഇടയിലും വൈകുന്നേരങ്ങളില്‍ എട്ടര മുതല്‍ പത്ത് മണി വരെയുമാണ് പരിചരണ സമയം. കൃഷിപ്പണികള്‍ തന്നെയാണ് ചെയ്യുന്നത്. രണ്ടാം നിലയുടെ മുകളിലായതിനാല്‍ ചാണകപ്പൊടി, ചകിരിച്ചോറ് പോലുള്ള ഭാരമുള്ളവ മുകളിലേക്കെത്തിക്കാന്‍ ഭര്‍ത്താവാണ് സഹായിക്കുന്നത്. 

സര്‍വം ജൈവമയം

തോട്ടത്തിലേക്കുള്ള എല്ലാത്തരം ജൈവവളങ്ങളും വീട്ടില്‍ തന്നെയുണ്ടാക്കുന്നതാണ് അനിതയുടെ പതിവ്. പുറത്ത് നിന്ന് വളങ്ങള്‍ വാങ്ങാറില്ലെന്നാണ് അനിത പറയുന്നത്. തൈകള്‍ നടുമ്പോള്‍ പ്രധാനമായും അടിവളമിടും. പിന്നീട് സ്ലറി രൂപത്തിലുള്ള വളമാണ് ചെടികള്‍ക്ക് നല്‍കുന്നത്. പല തരത്തില്‍ വളങ്ങളുണ്ടാക്കുന്നുണ്ട്. പ്രധാനമായും കടലപ്പിണ്ണാക്ക് സ്ലറിയാണ് നല്‍കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, പച്ച ചാണകം, എല്ല്‌പ്പൊടി, ഉണ്ട ശര്‍ക്കര എന്നിവ തുല്യ അളവില്‍ കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിക്കും. മുരിങ്ങയിലയും ചീമകൊന്നയുടെ ഇലയും കൂടി ഈ മിക്‌സിലേക്ക് ചേര്‍ക്കും. നന്നായി ഇളക്കി എഴുദിവസം ക്ലോക് വൈസ് ഡയറക്ഷനില്‍ ഇളക്കി കൊടുക്കുന്നു. ഏഴ് ദിവസം കഴിയുമ്പോള്‍ ഒരു കപ്പ് സ്ലറി ഇതില്‍ നിന്നെടുത്ത് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ നല്‍കും. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ നുറുക്കിയ ശേഷമുള്ള തൊലിയും അവശിഷ്ടങ്ങളും പഴത്തൊലിയും മുട്ടത്തോടും മിക്‌സിയില്‍ നന്നായി അരച്ചെടുക്കും.  ഇതിലേക്ക് ശര്‍ക്കര കൂടി ചേര്‍ക്കും. ഈ കൂട്ട് ഒരു ബക്കറ്റിലേക്ക് ഒഴിച്ചു വയ്ക്കും. ഇതിലേക്ക് വീട്ടില്‍ ഉപയോഗിക്കുന്ന തേങ്ങാവെള്ളം, മോര്, കേടായ പാല്‍, പാത്രം കഴുകുന്ന വെള്ളം ഇതൊക്കെ ഒഴിച്ചു കൊടുക്കും. 

മൂന്നു ദിവസം ഇളക്കി കൊടുക്കുകയും ചെയ്യും. ശേഷം ഈ മിശ്രിതം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കും. ഈ കൂട്ട് ചെടികള്‍ക്ക് വെള്ളം നല്‍കുന്നതിനൊപ്പം ഒഴിച്ചു നല്‍കും. ഈ വളം ചെടികള്‍ക്ക് പ്രയോജനപ്പെടുന്നതായിട്ടാണ് എനിക്ക് അനുഭവമുള്ളതെന്ന് അനിത കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ് അനിതയുടെ വളമുണ്ടാക്കല്‍ രീതികള്‍. കായ്ഫലം കൂടുന്നതിലും പൂക്കൊഴിച്ചില്‍ ഇല്ലാതാകുന്നതിനും വേണ്ടി മോരും ശര്‍ക്കരയും ഉപയോഗിച്ച് ഇവര്‍ സ്ലറി നിര്‍മിക്കുന്നുണ്ട്. മോരിലേക്ക് ഒരു ഉണ്ട ശര്‍ക്കര ഇട്ടുവെയ്ക്കും, ശര്‍ക്കര അലിയുന്നവരെ വയ്ക്കും. അലിഞ്ഞ ശേഷം 15 എംഎല്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ചേര്‍ക്കും, ഇത് ചെടികളുടെ ഇലകളില്‍ സ്‌പ്രേ ചെയ്യും. ചുവട്ടിലും ഒഴിച്ചു കൊടുക്കാം. പൂക്കളും കായ്കളും ഉണ്ടാക്കുന്നതിനും പൂ കൊഴിച്ചില്‍ തടയുന്നതിനുമൊക്കെ ഈ സ്ലറി പ്രയോജനപ്രദമാണ്.

മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക, മത്തി അരിഞ്ഞും ശര്‍ക്കര പൊടിച്ചും എടുക്കുക, ഒരു ലെയര്‍ മത്തി, ഒരു ലെയര്‍ ശര്‍ക്കര എന്ന രീതിയില്‍ ഒരു ബോട്ടിലില്‍ ഇതു നിറയ്ക്കുക, ശേഷം 40 ദിവസം കുപ്പി അടച്ചു വയ്ക്കുക. ഇടയ്ക്കിട് കുപ്പി കുലുക്കി കൊടുത്താല്‍ മതിയാകും. 40ാം ദിവസം ഫിഷ് അമിനോ ആസിഡ് റെഡി. ഇതില്‍ നിന്ന് 3 എംഎല്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ഇലകളില്‍ സ്‌പ്രേ ചെയ്തു കൊടുക്കാം. അഞ്ച് എംഎല്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് ചെടികളുടെ ചുവട്ടിലും ഒഴിച്ചു കൊടുക്കാം. നല്ല വളര്‍ച്ചയ്ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ചെറിയൊരു യൂനിറ്റ് മണ്ണിര കംപോസ്റ്റ് ഇവിടെയുണ്ട്. ഇതില്‍ നിന്ന് ഊറി വരുന്ന സ്ലറി നാലഞ്ച് ഇരട്ടി വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് തൈകളുടെ ഇലകളില്‍ സ്‌പ്രേ ചെയ്തു നല്‍കാറുണ്ട്. കീടശല്യത്തിന് വളരെ ഉത്തമമാണിത്. വേസ്റ്റ് ഡി കംപോസര്‍ വീട്ടില്‍ തയാറാക്കാറുണ്ട്. ഇതും വെള്ളവുമായി നേര്‍പ്പിച്ച് മാസത്തിലൊരിക്കല്‍ ചെടികള്‍ക്ക് നല്‍കാറുണ്ട്. കീടങ്ങളെ പ്രതിരോധിക്കാന്‍ ജൈവമാര്‍ഗമാണ് ഉപയോഗിക്കുന്നത്. മിത്ര കുമിളകളായ സ്യൂഡോമോണസ്, വെര്‍ട്ടിസീലിയ, ട്രൈകോഡര്‍മ ഇതൊക്കെ കൃത്യമായ ഇടവേളകളില്‍ നല്‍കാറുണ്ട്.

കൃഷി വിപുലീകരണം  

കൃഷി വിപുലമാക്കണമെന്ന ആഗ്രഹമുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വിരമിച്ച ശേഷം കൃഷി കൂടുതല്‍ സജീവമാക്കാനാണ് ആലോചിക്കുന്നത്. ഭര്‍ത്താവും രണ്ടു മക്കളും എന്റെ വാപ്പയും അടങ്ങുന്നതാണ് കുടുംബം. വാപ്പയുടെ പേര് അബ്ദുല്‍ കാസിം. ഭര്‍ത്താവ് ഡോ.കെ.റ്റി ഷാനവാസ്, ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫസാറാണ്. രണ്ട് പെണ്‍മക്കളാണുള്ളത്, ഫാത്തിമ ഷാനവാസും ആമിന ഷാനവാസും. മൂത്തമകള്‍ വിവാഹമൊക്കെ കഴിഞ്ഞു ക്യാനഡയിലാണ്. ബി എ അനിമേഷന്‍ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയാണ് ഇളയമകളെന്നും അനിത കാസിം. സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ മട്ടുപ്പാവ് കൃഷിക്കുള്ള അക്ഷയശ്രീ അവാര്‍ഡ് ഉള്‍പ്പടെ പത്തോളം പുരസ്‌കാരങ്ങള്‍ അനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

Leave a comment

ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
Leave a comment

© All rights reserved | Powered by Otwo Designs