റബ്ബറിന്റെ വിലയിടിവ് മറക്കാം, കൊക്കോ നടാം

By Harithakeralam

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഉഷ്ണ മേഖല സസ്യമാണ് കൊക്കോ. എഴുപതുകളില്‍ കേരളത്തില്‍ കൊക്കോകൃഷി വ്യാപകമായി ആരംഭിച്ചു. തുടക്കത്തില്‍ നല്ല വില ലഭിച്ചിരുന്നതിനാല്‍ ധാരാളം പേര്‍ ഈ കൃഷിയില്‍ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവില്‍ മിക്കവരും കൃഷി ഉപേക്ഷിച്ചു. കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് 200 രൂപവരെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. തെങ്ങ്, കമുക് തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോ കൃഷി ചെയ്താല്‍ മൊത്ത ആദായം മെച്ചപ്പെടും. പ്രധാന വിളകളില്‍നിന്നുമുള്ള വിളവു വര്‍ധനയും ഉറപ്പാണ്. റബറിന് വിലയിടിവു തുടരുന്നതിനാല്‍ കേരളത്തില്‍ ഇനിയും കൊക്കോ കൃഷിക്ക് വലിയ സാധ്യതകളാണുള്ളത്. ചോക്ലേറ്റ് അടക്കമുള്ള നിരവധി വസ്തുക്കള്‍ ഉണ്ടാക്കാന്‍ കൊക്കോ ഉപയോഗിക്കുന്നു.


കൃഷി രീതികള്‍


ജൂണ്‍,ജൂലൈ മാസങ്ങളില്‍ കൊക്കോ കൃഷിയാരംഭിക്കാം. ഇതിനായി നല്ല നടീല്‍വസ്തുക്കള്‍ വിശ്വസ്തമായ ഏജന്‍സികളില്‍നിന്നും വാങ്ങണം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള വില്‍പന കേന്ദ്രത്തില്‍നിന്നും തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതിടങ്ങളിലെ കൃഷിഭവനുകളുമായി കൂടി ബന്ധപ്പെടുക.അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. ഇടവിളയാണെങ്കില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഇരുനൂറു ചെടികള്‍ നടാന്‍ പറ്റും. ചെടികളുടെ എണ്ണം കുറയുകയും ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.


നടുന്ന രീതി


ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൂടയില്‍ തൈകള്‍ തയ്യാറാകും. ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്ത് അതില്‍ കുറച്ചു വളപ്പൊടിയും മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഷം തൈകള്‍ നടുക. ബഡ് തൈകളാണെങ്കില്‍ നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.


പഴം/കായ്


കൊക്കോയുടെ കായിനെ പോട് (ജീറ) എന്നാണ് അറിയപ്പെടുന്നത്. 10-32 സെ.മീ. വരെ നീളം വരുന്ന ഇത് പല വലിപ്പത്തിലും ഉണ്ടാകാം. ഏകദേശം ദീര്‍ഘവൃത്താകൃതിയുള്ള ഈ കായ് കൂര്‍ത്തതോ/ഉരുണ്ടതോ മാര്‍ദ്ദവമുള്ളതോ/പരുപരുത്തതോ ആകാം. 5-10 വരെ തിട്ടുകളോ ചാലുകളോ (Ridges and furrows) ഇവയുടെ പ്രതലത്തില്‍ കാണാറുണ്ട്. വെള്ള/പച്ച/ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞയോ ചുവന്നതോ പര്‍പ്പിള്‍ നിറത്തിലുള്ളതോ ആകുന്നു. കായുടെ പുറംതൊണ്ട് സാധാരണയായി മാംസളവും മധ്യകഞ്ചുകം വിവിധ അളവില്‍ ലിഗ്നിന്റെ നിക്ഷേപം ഉള്ളതുമാണ്. ബീജസങ്കലനത്തിനുശേഷം 45 മാസത്തെ വളര്‍ച്ചകൊണ്ട് കായ്കള്‍ പൂര്‍ണമായ വലിപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്.


വിത്ത്


ബീന്‍സ് (beans) എന്നു വിളിക്കുന്ന വിത്തുകള്‍ ഒരു കായയില്‍ 2060 എണ്ണം വരെ ഉണ്ടാകും. ഫെറാസ്റ്റിറോ ഇനത്തില്‍ ക്രയോളയേക്കാള്‍ കൂടുതല്‍ ബീന്‍സ് ഉണ്ടായിരിക്കും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകള്‍ക്കു പല വലിപ്പമാണ് ഉണ്ടാകുക. ദീര്‍ഘ വൃത്താകൃതിയിലുള്ള ഇവയ്ക്കു വെള്ള മുതല്‍ കടുത്ത പര്‍പ്പിള്‍ നിറം വരെയുള്ള ബീജപത്രങ്ങള്‍ (പരിപ്പ്) ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു വിത്തില്‍ 2 വലിയ ബീജപത്രവും ഒരു ചെറിയ ബീജാങ്കുരവും ആന്തരിക കഞ്ചുകത്തിന്റെയും ബീജാങ്കുരത്തിന്റെയും കനം കുറഞ്ഞ പാടയുമാണ് (testa) ഉണ്ടായിരിക്കുക. പഴുത്ത കായ്കള്‍ മരത്തില്‍നിന്നും അടര്‍ന്നു വീഴുകയോ കായ് പൊട്ടി വിത്ത് പുറത്തുവരികയോ ചെയ്യുന്നില്ല. അണ്ണാന്‍, കുരങ്ങുകള്‍, എലികള്‍ എന്നിവ വഴിയാണ് സ്വാഭാവികമായി വിത്തിന്റെ വ്യാപനം നടക്കുന്നത്. ഈ ജന്തുക്കള്‍ കായ്കളുടെ തൊണ്ട് കരണ്ടു മുറിച്ചു വിത്തിനെ പൊതിഞ്ഞ മധുരമുള്ള മാംസളഭാഗം തിന്നശേഷം രുചിയില്ലാത്ത വിത്ത് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുന്നു


Leave a comment

Leave a comment

© All rights reserved | Powered by Otwo Designs