പത്ത് സെന്റിലെ മായാജാലം

പത്ത് സെന്റ് സ്ഥലത്ത് പഴങ്ങളും പച്ചക്കറികളും വിളയിക്കുന്ന വീട്ടമ്മയായ മായയുടെ കൃഷി വിശേഷങ്ങള്‍

By നൗഫിയ സുലൈമാന്‍
2023-09-20

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം പച്ചക്കറികളും ഫലവൃക്ഷങ്ങളും പശു വളര്‍ത്തലും നിറയുന്ന കൃഷിലോകം മാത്രമല്ല മായയുടേതെന്ന് മാത്രം. കര്‍ഷകയായ മായ ഒരു സംരംഭക കൂടിയാണ്. ''കര്‍ഷകയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല, 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായാണ് കൃഷിയിലേക്ക് എത്തിയത്.''  മായ ഹരിതകേരളം ന്യൂസിനോട് കൃഷിവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ബാങ്ക് ജീവനക്കാരിയില്‍  

നിന്ന് കൃഷിയിലേക്ക്

 കൃഷിക്കാരിയാകുമെന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ബികോം കഴിഞ്ഞ ശേഷം ടാലിയും എംഎസ് ഓഫീസുമൊക്കെ പഠിച്ചു. സ്വകാര്യ ബാങ്കിലും കോ ഓപ്പറേറ്റീവ് ബാങ്കിലുമൊക്കെയായി അഞ്ചെട്ട് വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് കൃഷിയിലേക്കെത്തുന്നത്. കര്‍ഷകയായതില്‍ സന്തോഷവും അഭിമാനവും മാത്രമേയുള്ളൂ. മറ്റ് ഏതൊരു ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തെക്കാള്‍ കൂടുതല്‍ സന്തോഷം കൃഷി എനിക്ക് നല്‍കുന്നുണ്ട്.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദം വന്നിരുന്നു. അതിനു  ശേഷമാണ് കൃഷി ചെയ്യാന്‍ ആരംഭിക്കുന്നത്. ചെറുപ്പത്തില്‍ എന്റെ വീട്ടില്‍ കൃഷിയുണ്ടായിരുന്നു. നെല്ല്, തെങ്ങ്, ജാതി, വാഴ, വിവിധതരം പച്ചക്കറികളുമൊക്കെയായി എല്ലാത്തരം കൃഷിയും ഉണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയുമൊക്കെയാണ് കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്നത്. കൃഷിപ്പണിക്ക് സഹായത്തിന് ജോലിക്കാരുമുണ്ടായിരുന്നു. ആ കൃഷിയൊക്കെ കണ്ടും കേട്ടും അറിഞ്ഞുമുള്ള അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂവെന്നും മായ വ്യക്തമാക്കി. എന്നാല്‍ നാളുകള്‍ക്കിപ്പുറം അഗ്രിക്കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹോപ്പിന്റെ പുരസ്‌കാരം, പഞ്ചായത്തില്‍ നിന്ന് മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം, കൃഷി ഗ്രൂപ്പില്‍ നിന്നുള്ള സമ്മാനങ്ങളുമൊക്കെ സ്വന്തമാക്കി കൃഷി ലോകത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് മായ.

മട്ടിപ്പാവിലും വീട്ടുമുറ്റത്തും

മട്ടുപ്പാവിലും വീട്ടുമുറ്റത്തുമൊക്കെയായാണ് മായ കൃഷി ചെയ്യുന്നത്. പത്ത് സെന്റ് ഭൂമിയിലാണ് വീടുള്ളത്. വീടിന്റെ മുകളിലും മുറ്റത്തുമൊക്കെയാണ് ഓരോന്ന് നട്ടിരിക്കുന്നത്. ഗ്രോ ബാഗിലും ചാക്കിലും ചട്ടിയിലുമാണ് കൃഷി . പശു തൊഴുത്തു കൂടി പറമ്പിലുണ്ട്. വീടും തൊഴുത്തുമൊക്കെ കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. പറമ്പില്‍ തെങ്ങ്, പ്ലാവ്, മാവ്, മുരിങ്ങ മരം, കവുങ്ങ്, പേര മരം ഇതൊക്കെയുണ്ട്. ഇതെല്ലാം വലിയ മരങ്ങളൊന്നും അല്ലെങ്കിലും കായ്ഫലം നല്‍കുന്നവയാണ്. റംമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, മുന്തിരി പോലുള്ളവയും കൃഷി ചെയ്യുന്നുണ്ട്. ലേഡി പപ്പായയും നാടന്‍ പപ്പായകളും നട്ടിട്ടുണ്ട്. കപ്പ, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ഇവിടുണ്ട്. ചീര ചേമ്പ്, കണ്ട് ചേമ്പ് തുടങ്ങിയവ വ്യത്യസ്ത ഇനങ്ങളിലുള്ളവയുണ്ട്.  ടെറസിലെ കൃഷിയില്‍ കൂടുതലും പച്ചക്കറികളാണ്. പാവല്‍, ചുരയ്ക്ക, കോവല്‍, പീച്ചില്‍, വെണ്ട, വഴുതനകള്‍, കത്തിരികള്‍, നിത്യ വഴുതന, ക്യാബേജ്, പയര്‍, പച്ചമുളക്, കൊത്തരവ, തക്കാളി, ചീര, പനിക്കൂര്‍ക്കകള്‍, തുളസി, ക്യാബേജ്, ക്വാളിഫ്‌ലവര്‍, ബ്രോക്കോളി ഇതൊക്കെ കൃഷി ചെയ്യുന്നുണ്ട്. പൊന്നാങ്കണ്ണി ചീര കൂറേയുണ്ട്. തായ്‌ലന്റ് ഇഞ്ചി, ആഫ്രിക്കന്‍ മല്ലി, കസ്തൂരി മഞ്ഞള്‍, കരിമഞ്ഞള്‍, രാമച്ചം, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവയും മായയുടെ തോട്ടത്തിലുണ്ട്.

വിപണനം നേരിട്ട്

''ഞാനാദ്യം കടകളിലൊക്കെ നേരിട്ട് കൊടുക്കുമായിരുന്നു.'' പച്ചക്കറി വില്‍ക്കുന്നതിനെക്കുറിച്ച് മായ പറയുന്നു. കടകളില്‍ പച്ചക്കറികള്‍ നല്‍കിയാലും അധികം വിലയൊന്നും ലഭിക്കാറില്ല. കൂടുതല്‍ വിളവ് കിട്ടുന്ന അവസരങ്ങളിലാണ് കടകളിലേക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കുകയാണ് പതിവ്. രാസവളമിടാതെ പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അത്തരം പച്ചക്കറി ആവശ്യമുള്ളവര്‍ക്ക് നേരിട്ട് നല്‍കുകയാണിപ്പോള്‍. പൂര്‍ണമായും ജൈവവളങ്ങളാണ് കൃഷിത്തോട്ടത്തില്‍ ഉപയോഗിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നത്. നൂറു ശതമാനവും ജൈവവിളയാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന വളമാണ് തൈകള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത്. വേപ്പിന്‍ പിണ്ണാക്ക്, എല്ലുപ്പൊടി, കുമ്മായം എന്നിവയാണ്  പുറമേ നിന്നു വാങ്ങുന്നത്. പച്ചക്കറി കൃഷി കൂടാതെ രണ്ട് പശുക്കളെ വളര്‍ത്തുന്നുണ്ട്. ചാണകവും ഗോമൂത്രവും വളമായി ഉപയോഗിക്കും. ആവശ്യക്കാര്‍ക്ക് നേരിട്ട് നമ്മള്‍ തീരുമാനിക്കുന്ന വിലയിലാണ് നല്‍കുന്നത്. അതുകൊണ്ട് ലാഭം ലഭിക്കുന്നുണ്ട്. എല്ലാ പച്ചക്കറികള്‍ക്ക് അല്ലെങ്കിലും തക്കാളി, പച്ചമുളക്, ക്യാബേജ്, ക്വാളിഫ്‌ളവറിനൊക്കെ നല്ല വില ലഭിക്കുന്നുണ്ട്. വിത്തുകളും തൈകളും വാങ്ങിക്കുകയാണ് പതിവ്. നഴ്‌സറികളില്‍ നിന്നും ഹൈബ്രിഡ് തൈകള്‍ വാങ്ങി നടാറുണ്ട്. നാടന്‍ ഇനങ്ങള്‍ പാകി മുളപ്പിച്ച് കൃഷി ചെയ്യാറുമുണ്ട്. കര്‍ഷക സുഹൃത്തുക്കളില്‍ നിന്നും കൃഷി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന മീറ്റുകളില്‍ നിന്നുമൊക്ക വിത്തും തൈയും ലഭിക്കാറുണ്ട്.  

നടീലും പരിപാലനവും

സ്യൂഡോമോണസില്‍ തൈകളും വിത്തുകളും മുക്കി കുറച്ചു നേരം വയ്ക്കും. ശേഷമാണ് നടുന്നതും പാകുന്നതുമൊക്കെ.  ഗ്രോബാഗില്‍ കരിയില നിറച്ച ശേഷം അതിലാണ് മണ്ണ് മിക്‌സ് ചെയ്തിടുന്നത്. കോഴിക്കാഷ്ടം, ചാണകം, ഗോമൂത്രം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം, എല്ലുപ്പൊടി എന്നിവ മിക്‌സ് ചെയ്ത് സ്യൂഡോമോണസില്‍ മുക്കിയ തൈയും വിത്തും നടാറുണ്ട്. വളരുന്നതിന് അനുസരിച്ച് മണ്ണും വളവും ചേര്‍ക്കും. ഇടയ്ക്ക് സ്ലറി നല്‍കാറുണ്ട്. പയര്‍പ്പൊടി, ശര്‍ക്കര, ഗോമൂത്രം, ചാണകം എന്നിവ ഒരുമിപ്പിച്ച് വയ്ക്കും. രണ്ട് മൂന്നു ദിവസത്തിന് ശേഷം ഇതിലേക്ക് പത്തിരിട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കും. ശേഷം ചെടികള്‍ക്ക് നല്‍കും. ഇതുമാത്രമല്ല ഗോമൂത്രവും കാലിതൊഴുത്ത് കഴുകുന്ന വെള്ളവും ഒരുമിച്ച് വെള്ളം ചേര്‍ത്ത് കലക്കി ചെടികള്‍ക്ക് ഒഴിച്ച് നല്‍കാറുണ്ട്. ഇതൊക്കെയാണ് എന്റെ തോട്ടത്തിലെ തൈകള്‍ക്ക് നല്‍കുന്ന വളം. വേപ്പിന്‍ പിണ്ണാക്ക്, കഞ്ഞിവെള്ളം എന്നിവ പുളിപ്പിച്ചു പത്തിരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കും.  കീടശല്യം പരിഹരിക്കുന്നതിന് പുകയില കഷായം തളിക്കാറുണ്ട്. ബാര്‍ സോപ്പും പുകയിലയും കൂടി ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ചേര്‍ത്താണ് പുകയില കഷായം ഉണ്ടാക്കുന്നത്.

കൃഷി നല്‍കുന്ന ആവേശം

അസുഖ ശേഷമാണ് കൃഷിയിലേക്കെത്തിയതെന്നു പറഞ്ഞല്ലോ, ഇപ്പോഴും അസുഖത്തിന്റെ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. പക്ഷേ അതൊക്കെ മറന്ന് എന്നെ കൊണ്ട് സാധിക്കുന്ന പോലെ കൃഷിപ്പണികള്‍ ചെയ്യാനാണ് ശ്രമം. രാവിലെ വീട്ടുകാര്യങ്ങളും പശുവിന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരിക്കും. അതൊക്കെ കഴിയുമ്പോഴേക്കും വെയിലാകും. അപ്പോ പിന്നെ ടെറസിലേക്ക് കയറാന്‍ പറ്റില്ല. ചെറിയ തൈകളൊക്കെ അന്നേരം നനച്ചു കൊടുക്കും. വൈകീട്ട് മൂന്നര നാലു മണിയാകുമ്പോഴാണ് കൃഷിക്കാര്യങ്ങള്‍ ചെയ്യുന്നത്, ആറര വരെയാണ് ഇതു തുടരും.

മായാസ് ഓര്‍ഗാനിക്

കൃഷിത്തിരക്കുകള്‍ക്കിടയില്‍ സംരംഭകരംഗത്തും മായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച മായാസ് ഓര്‍ഗാനികിലൂടെയാണ് സംരംഭകയായിരിക്കുന്നത്. ആയൂര്‍വേദ സോപ്പ്, കാച്ചെണ്ണ എന്നിവയാണ് നിര്‍മിച്ചു നല്‍കുന്നത്. സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്നതേയുള്ളൂവെന്നാണ് മായയുടെ അഭിപ്രായം. കുറേ സ്ഥലം ഇല്ലെങ്കിലും ചെറിയൊരു അടുക്കളത്തോട്ടം ആര്‍ക്കും പരീക്ഷിക്കാം. എന്നാല്‍ ജൈവകൃഷി രീതി പിന്തുടരണമെന്നേ എനിക്ക് പറയാനുള്ളൂ. രാസവളം ഉപയോഗിച്ചുള്ള കൃഷി പല അസുഖങ്ങളും വരുത്തുന്നുണ്ട്. ജൈവവളം വീട്ടില്‍ തന്നെയുണ്ടാക്കുകയും ചെയ്യാമല്ലോ. അടുക്കള മാലിന്യവും കരിയിലയും ഉപയോഗിച്ച് കംപോസ്റ്റ് ഉണ്ടാക്കുക. അതില്‍ നിന്ന് സ്ലറിയും കിട്ടും. ഇങ്ങനെ ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ മതിയെന്നാണ് മായയ്ക്ക് കൃഷി ചെയ്യാനാഗ്രഹമുള്ളവരോട് പറയാനുള്ളത്. വിപുലമായ രീതിയില്‍ കൃഷി ചെയ്യണമെന്നു ആഗ്രഹമുണ്ട്. രാസവളം ഉപയോഗിക്കാതെ പൂര്‍ണമായും ജൈവകൃഷി ചെയ്യണമെന്നാണ് മായയുടെ ആഗ്രഹം. കൃഷിക്കാര്യങ്ങളില്‍ മായയ്ക്ക് ഒപ്പം കുടുംബവുമുണ്ട്. ഗായകനായ രാജശേഖരനാണ് ഭര്‍ത്താവ്. ഹരികൃഷ്ണന്‍, ഗൗരി പാര്‍വതി എന്നിവരാണ് മക്കള്‍.

Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs