മികവില്‍ മുന്നില്‍ മലബാറി ആടുകള്‍

അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം.

By ഡോ. എം.മുഹമ്മദ് ആസിഫ്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളില്‍പ്പെട്ട അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു. ഈ മറുനാടന്‍ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗ്ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ജനുസ്സ് ആടുകളാണ് മലബാറി ആടുകള്‍ . അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. വടകര ആടുകള്‍ , തലശ്ശേരി ആടുകള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നതും മലബാറി ആടുകള്‍ തന്നെ . ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകള്‍ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കേരളമൊട്ടാകെയും എന്തിന് തമിഴ് നാട്ടിലേക്ക് വരെ മലബാറി ആടുകള്‍ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

എങ്ങനെ തിരിച്ചറിയാം

ഇടത്തരം ശരീര വലിപ്പവും വളര്‍ച്ചയുമുള്ളവയാണ് മലബാറി ആടുകള്‍ . വര്‍ണ്ണവൈവിധ്യമാണ് ഒരു സവിശേഷത . വെളുപ്പാണ് പ്രധാനനിറം, എങ്കിലും വെളുപ്പില്‍ കറുപ്പ് ,വെളുപ്പില്‍ തവിട്ട് , പൂര്‍ണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ വര്‍ണങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം . ഈ വര്‍ണ്ണവൈവിധ്യം ഒരു പക്ഷെ തലമുറകളായി വിവിധ ജനുസ്സുകള്‍ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം . ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളില്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകള്‍ അഥവാ ആടകള്‍ കാണാം. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്റെ മാതൃകയില്‍ മധ്യഭാഗം വരെ നിവര്‍ന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടി മാത്രം നീളമുള്ള ചെവികളും മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസ്സിലുണ്ട് .വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല .

മലബാറി ആടുകളുടെ മികവ്

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതല്‍ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനുമാണ് മലബാറി ആടുകള്‍ ഏറ്റവും അനിയോജ്യം. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനം കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും പരിപാലനരീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്. മലബാറി പെണ്ണാടുകളെ ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസ്സുകളില്‍പ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിന്‍കുട്ടികളും വളര്‍ച്ചാനിരക്കിലും മാംസോല്‍പ്പാദനത്തിലും രോഗപ്രതിരോധഗുണത്തിലും എറെ മികച്ചവയാണ് . മാത്രമല്ല, ജനിതകമേന്മ കുറഞ്ഞ നാടന്‍ ആടുകളുടെ വര്‍ഗ്ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം മലബാറി മുട്ടനാടുകളുമായുള്ള പ്രജനനമാണ് .

മലബാറി ആടുസംരംഭം തുടങ്ങുമ്പോള്‍

പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി ( ബ്രീഡിങ് യൂണിറ്റ് ) മലബാറി ആട് വളര്‍ത്തല്‍ സംരംഭം തുടങ്ങുന്നതാണ് ഉത്തമം. ഇരുപത് പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് അഭികാമ്യമായ ലിംഗാനുപാതം. ഇത് പരമാവധി 25 – 30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. 8 – 9 മാസം പ്രായമെത്തുമ്പോള്‍ അല്ലെങ്കില്‍ 15 – 20 കിലോഗ്രാം ശരീരതൂക്കം കൈവരിക്കുമ്പോള്‍ മലബാറി പെണ്ണാടുകളെ ആദ്യമായി ഇണ ചേര്‍ക്കാം. പെണ്ണാടുകളുമായി രക്തബന്ധം ഇല്ലാത്ത, 12 മാസമെങ്കിലും പ്രായമെത്തിയ മുട്ടനാടുകളെ പ്രജനനത്തിന് വേണ്ടി ഉപയോഗിക്കാം . കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലഭ്യമാക്കുന്ന മേല്‍ത്തരം മലബാറി ആടുകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യവും തിരഞ്ഞെടുത്ത മൃഗാശുപത്രികളിലുണ്ട് . ഈ സേവനം കര്‍ഷകര്‍ക്ക് തീര്‍ത്തും സൗജന്യമാണ്. 

മലബാറി പെണ്ണാടുകളില്‍ 13 – 14 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ വീണ്ടും ഇണ ചേര്‍ക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി 7 – 8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ് . മൂന്ന് കുഞ്ഞുങ്ങള്‍ക്കുള്ള സാധ്യത 25 ശതമാനവും നാല് കുഞ്ഞുങ്ങള്‍ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ് . ശാസ്ത്രീയമായി പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങള്‍ ലഭിക്കും . പകുതിയിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ് മേന്മ . ഇപ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് മുതല്‍ ഒന്‍പത്- പത്ത് വരെ കുഞ്ഞുങ്ങളെ ഒരു മലബാറി ആടില്‍ നിന്നുമാത്രം ലഭിക്കും.

ആദായം മലബാറി ആടുകള്‍

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക് ശരാശരി 35 – 40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക് ശരാശരി 55 – 60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടില്‍ നിന്നും ദിവസം ശരാശരി 750 മുതല്‍ 900 മില്ലിലിറ്റര്‍ വരെ പാല്‍ ലഭിക്കും . പാലുല്പാദനദൈര്‍ഘ്യം പരമാവധി നാല് മാസമാണ്. മറ്റ് ജനുസ്സ് ആടുകളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ശരീരതൂക്കവും പാലുത്പാദനവും അല്‍പ്പം കുറവാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ കിട്ടുന്ന കൂടുതല്‍ കുട്ടികളാണ് മലബാറി ആടുകളുടെ മികവ്. വളര്‍ച്ച നിരക്കില്‍ ഈ കുഞ്ഞുങ്ങള്‍ ഒട്ടും പിന്നിലല്ല . മൂന്ന് മാസം പ്രായമെത്തുമ്പോള്‍ പത്തുകിലോഗ്രാം വരെ ശരീരതൂക്കം കുഞ്ഞുങ്ങള്‍ കൈവരിക്കും. മലബാറി ആടുകളില്‍ ഓരോ പ്രസവത്തിലെയും പാലുല്പാദനദൈര്‍ഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുത്പാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകള്‍ പെട്ടന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകള്‍ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തിയ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. മലബാറി ആടുകളില്‍ നിന്നും ചുരുങ്ങിയ കാലയളവില്‍ കിട്ടുന്ന കൂടുതല്‍ ആട്ടിന്‍കുട്ടികളും സാമാന്യം നല്ല വളര്‍ച്ചാനിരക്കും തീറ്റ പരിവര്‍ത്തനശേഷിയും ഉയര്‍ന്ന രോഗപ്രതിരോധഗുണവും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും സംരംഭകന് ആദായം നേടിത്തരും.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs