കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് (എഫ്.എം.ഡി) സംസ്ഥാനത്ത് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പശുക്കളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍
ക്ഷീരമേഖലയില്‍ ഏറ്റവും കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന സാംക്രമിക രോഗമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് (എഫ്.എം.ഡി) സംസ്ഥാനത്ത് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പശുക്കളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പശുക്കള്‍ കുളമ്പുരോഗബാധയേറ്റ് മരണപ്പെട്ടതായും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കശാപ്പിനായും മറ്റും എത്തിച്ച രോഗവാഹകരായ, വാക്‌സിന്‍ ചെയ്യാത്ത കന്നുകാലികളില്‍ നിന്നാവാം ഇപ്പോള്‍ രോഗം പടര്‍ന്നിട്ടുണ്ടാവുക. ആറുമാസത്തെ ഇടവേളയില്‍ നല്‍കുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവെയ്പ് സംസ്ഥാനത്ത് ഭൂരിഭാഗം പശുക്കള്‍ക്കും നല്‍കിയതിനാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നിരുന്നാലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ രോഗം വരാതിരിക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപനം ഉണ്ടാകാതിരിക്കാനും കര്‍ഷകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കാരണവും പകര്‍ച്ചയും
പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്, പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. രോഗബാധിതരോ രോഗാണുവാഹകരോ ആയ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസവായുവിലൂടെയുമെല്ലാം വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസിന് ധാരാളമായി പെരുകാനുള്ള കഴിവുണ്ട്. ഈ കാരണത്താല്‍ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസവായുവിലൂടെ ധാരാളമായി രോഗാണുക്കള്‍ പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്ജ്യവസ്തുക്കള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പര്‍ക്കത്തിലൂടെയോ മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയേല്‍ക്കും. അനുകൂല കാലാവസ്ഥയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ കാറ്റിലൂടെ വ്യാപിക്കാന്‍ വൈറസിന് കഴിയും.
എങ്ങനെ തിരിച്ചറിയാം
കുളമ്പുരോഗ വൈറസ് പശുക്കളിലെത്തിയാല്‍ രണ്ട് മുതല്‍ പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയല്‍, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, അയവെട്ടാതിരിക്കല്‍, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങല്‍,മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലുംനാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവ് പരിശോധിച്ചാല്‍ നാവിലെ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം. ഇത് കുളമ്പുരോഗം സ്ഥിരീകരിക്കാവുന്ന പ്രധാനലക്ഷണമാണ്. കൈകാലുകളിലെ വ്രണങ്ങളില്‍ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റാല്‍ പശുക്കള്‍ കൈകാല്‍ നിരന്തരം കുടയുന്നതായി കാണാം.
വ്രണങ്ങളില്‍ മുറിവുണക്കത്തിന് മതിയായ ചികിത്സ നല്‍കിയില്ലങ്കില്‍ കുളമ്പ് അടര്‍ന്നു പോവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ വരാം. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പശുക്കള്‍ക്ക് അടിയന്തിര പ്രതിരോധ കുത്തിവെയ്പ് നടത്താന്‍ വേണ്ടിയാണിത്. രോഗം വന്ന കന്നുകാലികളുമായി മറ്റുള്ളവയ്ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ചവയെ മാറ്റി പാര്‍പ്പിക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലില്‍ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാല്‍ പശുക്കിടാക്കളെ കുടിപ്പിക്കരുത്. പാല്‍ തിളപ്പിക്കാതെ പുറത്തുകൊണ്ടുപോവുന്നതും ഒഴിവാക്കണം. തിളപ്പിക്കുമ്പോള്‍ വൈറസ് പൂര്‍ണ്ണമായും നശിക്കുന്നതിനാല്‍ പാല്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം രോഗം ബാധിച്ച കന്നുകാലികളെ പാര്‍പ്പിച്ച തൊഴുത്തും പരിസരവും ഫാമിനുള്ളില്‍ ഉപയോഗിക്കുന്ന പാദരക്ഷയുള്‍പ്പെടെ എല്ലാ ഉപകരണങ്ങളും 4- % അലക്കുകാര ലായനി, 3- % ബ്ലീച്ചിങ് പൗഡര്‍ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൈറസ് വിമുക്തമാക്കണം. രോഗമില്ലാത്ത പശുക്കളെ പരിപാലിച്ചതിന് ഒടുവില്‍ മാത്രമേ രോഗം ബാധിച്ചവയുമായി ഇടപഴകാന്‍ പാടുള്ളു. ആരംഭത്തില്‍ തന്നെഅനുബന്ധ അണുബാധകള്‍ക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനുംവിദഗ്ധ ചികിത്സയും,ശാസ്ത്രീയ പരിചരണവും ഉറപ്പുവരുത്തിയാല്‍ സാധാരണനിലയില്‍ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും പഴയ ഉത്പാദനമികവും പ്രത്യുത്പാദന ക്ഷമതയും വീണ്ടെടുക്കാന്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് കഴിയാറില്ല.
ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്
1- വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയുമാണ് കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസ് പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാര്‍ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് നേരിട്ടല്ലാതെയും രോഗം പടരാം. തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും.രോഗവ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഡയറി ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാരലായനിയോ ഫോര്‍മലിന്‍ ലായനി നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയര്‍ ബാത്ത് ടാങ്ക് എന്നിവ ക്രമീകരിക്കാം. ഫോര്‍മലിന്‍ ലായനി 3 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ ചേര്‍ത്ത് ടയര്‍ ഡിപ്പ് ,ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയര്‍ നനഞ്ഞ് വാഹനങ്ങളെയും ഫാമില്‍ പ്രവേശിപ്പിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ.ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി തൊഴുത്തും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
2- രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം.
3- രോഗം ബാധിച്ച പശുക്കളുള്ള ഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളില്‍ കയറി പശുക്കളുമായി ഇടപഴകരുത്. ഫാമിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.
4 - പുതിയ പശുക്കളെ വാങ്ങുമ്പോള്‍ ആറുമാസം മുമ്പ് വരെ കുളമ്പ് രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവെയ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡില്‍ നിന്നും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് / ക്വാറന്റൈന്‍ പരിചരണം നല്‍കണം. ഇങ്ങനെ പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതില്‍ ഒരു പിഴവും വരാന്‍ പാടില്ല.അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നകുളമ്പ്രോഗപ്രതിരോധകുത്തിവെയ്പ് നല്‍കിയതായി ഉറപ്പില്ലാത്ത കന്നുകാലികള്‍ ആണെങ്കില്‍ അവയ്ക്ക് ക്വാറന്റൈന്‍ കാലയളവില്‍ പ്രതിരോധകുത്തിവെയ്പ് നല്‍കണം.കുത്തിവെയ്പ് നല്‍കി മൂന്നാഴ്ചക്ക് ശേഷം മാത്രം ഇവയെ ഫാമിലെ മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
5- ആറ് മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ.പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോഴും ആദ്യകുളമ്പ്രോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. 4 മുതല്‍ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനില്‍ക്കും.പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവര്‍ത്തിക്കണം.എത്ര പ്രാവശ്യംരോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കല്‍ കുത്തിവെയ്പ് എടുക്കുന്ന പശുക്കള്‍ക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയുംരോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവെയ്പ് എടുത്തതുകൊണ്ടു മാത്രംരോഗം വരാതിരിക്കണമെന്നില്ല. ഇവയില്‍ തീവ്രത കുറഞ്ഞ രീതിയില്‍രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാള്‍രോഗസാധ്യതയുമുണ്ട്. കുളമ്പ്രോഗവാക്‌സിന്‍ തങ്ങളുടെ കന്നുകാലികള്‍ക്കും പന്നികള്‍ക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. 7 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെകുളമ്പ്രോഗവാക്സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment