പിറ്റ്ബുള്‍ മുതല്‍ റോട്ട് വീലര്‍ വരെ; അരുമകളിലെ അപകടകാരികള്‍ വീടിന് പുറത്താവുമോ... ?

ശരിയായ പരിശീലനം നല്‍കി അച്ചടക്കം പഠിപ്പിച്ചില്ലങ്കില്‍ പ്രകൃത്യാ ശൗര്യവും ക്രൗര്യവും കൂടിയ നായ ജനുസ്സുകള്‍ അപകടകാരികള്‍ ആയി തീരുമെന്നത് വസ്തുതയാണ്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-03-17

അമേരിക്കന്‍ പിറ്റ് ബുള്‍ ടെറിയര്‍ നായയുടെ കടിയേറ്റ് ഉടമയുടെ അമ്മ കൊല്ലപ്പെട്ട സംഭവം ഉണ്ടായത് 2022- ല്‍ നോയിഡയിലായിരുന്നു. ഓമനിച്ചു വളര്‍ത്തിയിരുന്ന ഉടമയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ 69- കാരിയായ അമ്മയെ നായ കടിച്ചുകീറുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ധാരാളം ആളുകള്‍ അവര്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ നായ്ക്കളെ ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. പൊതുവെ ക്രൗര്യം കൂടിയവയായി കണക്കാകുന്ന നായയിനങ്ങള്‍ കാരണം ഉണ്ടായ സമാനമായ നിരവധി അപകടങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ശരിയായ പരിശീലനം കിട്ടിയില്ലങ്കില്‍ ഏറ്റവും അപകടകാരിയായി പരിഗണിക്കുന്ന പിറ്റ് ബുള്‍ ഇനം നായയുടെ ആക്രമണമാണ് അതിലേറേയും. ഹരിയാന, ഡല്‍ഹി, പഞ്ചാബ് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പിറ്റ് ബുള്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും അപകടകാരിയായ രണ്ടാമത്തെ നായ ജനുസ്സായി കണക്കാക്കുന്ന റോട്ട് വീലര്‍  നായയുടെ ആക്രമണത്തെ തുടര്‍ന്നുള്ള അപകടങ്ങള്‍ കേരളത്തില്‍ അടക്കം സംഭവിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ വൈത്തിരിയില്‍ 2018- ല്‍ റോട്ട് വീലറിന്റെ കടിയേറ്റ് വയോധിക കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കാമെങ്കിലും ശരിയായ പരിശീലനം നല്‍കി അച്ചടക്കം പഠിപ്പിച്ചില്ലങ്കില്‍ പ്രകൃത്യാ ശൗര്യവും ക്രൗര്യവും കൂടിയ നായ ജനുസ്സുകള്‍ അപകടകാരികള്‍ ആയി തീരുമെന്നത് വസ്തുതയാണ്.

അരുമകളില്‍ നിന്നുണ്ടായ ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ആക്രമണകാരികളും മനുഷ്യജീവന് അപകടകാരികളും എന്ന് വിദഗ്ധസമിതി കണ്ടെത്തിയ 23-ഇനം നായയിനങ്ങളുടെ ഇറക്കുമതിയും പ്രജനനവും വില്‍പനയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മാത്രമല്ല, മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം പുറത്തുവന്ന ഉത്തരവ്. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് അപകടകാരികളായ നായ്ക്കളെ നിരോധിക്കണമെന്നും അവയെ വളര്‍ത്താന്‍ അനുവദിച്ച ലൈസന്‍വുകള്‍ റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ചില ജനുസ്സില്‍ ഉള്‍പ്പെട്ട വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ അവയെ വളര്‍ത്തുന്നതില്‍ നിയന്ത്രണം വേണമെന്ന്  ചില പൗരാവകാശ, പെറ്റ (People for the Ethical Treatment of Animals (PETA) India) ഉള്‍പ്പെടെ മൃഗസംരക്ഷണ സംഘടനകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കടിയന്‍ നായ്ക്കള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം സജീവമായത്.

പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട് വീലര്‍, മാസ്റ്റിഫുകള്‍ തുടങ്ങി നിരോധിതപട്ടികയില്‍പ്പെട്ട നായ്ക്കളെ വളര്‍ത്താനുള്ള ലൈസന്‍സും അവയെ പ്രജനനവും വില്‍പ്പനയും ചെയ്യാനുള്ള പെര്‍മിറ്റും തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും നല്‍കരുതെന്ന് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ഇനം നായ്ക്കളെ നിലവില്‍ കൈവശം വച്ചിരിക്കുന്നവര്‍ അവയുടെ വന്ധ്യംകരണം നടത്തണമെന്നും തുടര്‍ പ്രജനനം തടയണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നായ്ക്കളുടെ നിരോധനം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കേന്ദ്രനിര്‍ദ്ദേശത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മാത്രമല്ല, ഈ നിര്‍ദ്ദേശങ്ങള്‍  നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്.

നിരോധിത പട്ടികയില്‍ ഈ ഇനങ്ങള്‍

കേന്ദ്രമൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപികരിച്ച വിദഗ്ധസമിതിയാണ് അതീവ അപകടകാരികളും മനുഷ്യജീവന് ഭീഷണിയുമായ നായ് ജനുസ്സുകളുടെ പട്ടിക തയ്യാറാക്കിയത്. പിറ്റ്ബുള്‍ ടെറിയര്‍, ടോസ് ഇനു, അമേരിക്കന്‍ സ്റ്റാഫഡ്ഷയര്‍ ടെറിയര്‍,  ഫില ബ്രസിലിയേറോ, ഡോഗോ അര്‍ജന്റിനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കാന്‍ഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യന്‍ ഷെപ്പേഡ് ഡോഗ്, ടോണ്‍ജാക്, സര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ്, അകിറ്റ, മാസ്റ്റിഫ്സ്, റോട്ട് വീലര്‍, ടെറിയേഴ്‌സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വുള്‍ഫ് ഡോഗ്സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്‌കോ ഗാര്‍ഡ് ഡോഗ്, കെയ്ന്‍ കോര്‍സോ തുടങ്ങിയ ജനുസ്സുകളും കൂടാതെ ബാന്‍ഡോഗ് എന്നു പൊതുവെ വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും നിരോധിതപട്ടികയില്‍ ഉള്‍പ്പെടുന്നു. ശുദ്ധജനുസ്സുകള്‍ക്ക് മാത്രമല്ല ഇവയുടെ സങ്കരയിനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.

ശരിയായ അച്ചടക്കവും അനുസരണയും പരിശീലിപ്പിച്ച് വരച്ചവരയില്‍ നിര്‍ത്തിയില്ലങ്കില്‍ ഉടമസ്ഥരെ തന്നെ ആക്രമിക്കാനുള്ള പ്രവണത ഇവ കാണിക്കുന്നവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട നായയിനങ്ങള്‍. മാത്രമല്ല, അപകടകാരികളായ നായ്ക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയില്‍ നല്ലൊരുപങ്കും യജമാനനെ മാത്രം അനുസരിക്കാനുള്ള  സ്വഭാവം കാണിക്കുന്നവയാണ്. തുടരെ തുടരെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ പഞ്ച്കുള, യു.പിയിലെ ഗാസിയാബാദ്, കാണ്‍പൂര്‍ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ നേരത്തെ തന്നെ പിറ്റ്ബുള്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങളെ വളര്‍ത്തുന്നത് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.  വേട്ടയാടല്‍ ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന ഡോഗോ അര്‍ജന്റീനോസ് നായ്ക്കള്‍ റോട്ട്വീലറിന്റെ സമാന സ്വഭാവസവിശേഷതകളുള്ളവയാണ്. വലിയ തോട്ടങ്ങളുടെയും എസ്റ്റേറ്റുകളുടെയും കാവലിനായി വിവിധ ഇനങ്ങളുടെ ജനിതക മിശ്രണത്തിലൂടെ ഉരുത്തിരിച്ചെടുത്ത മാസ്റ്റിഫ് നായ്ക്കളെ ചെറുപ്രായത്തില്‍ തന്നെ കൃത്യമായ പരിശീലനം നല്‍കി  സാമൂഹികവല്‍ക്കരിച്ചില്ലെങ്കില്‍ അവ അക്രമാസക്തരാകും.

ഇന്ത്യയില്‍ മാത്രമല്ല നിരോധനം

അപകടകാരി നായ്ക്കളുടെ പട്ടികയില്‍ ഒന്നാമതുള്ള പിറ്റ് ബുള്‍ നായ്ക്കളെ വളര്‍ത്തുന്നതിന് യു.കെ. , ഡെന്‍മാര്‍ക്ക്, കൊളംബിയ, നോര്‍വേ, ജര്‍മ്മനി, ഹോങ്കോംഗ്, ഇസ്രായേല്‍, ഇറ്റലി, മാള്‍ട്ട, സ്‌പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളില്‍ നിരോധനവും നിയന്ത്രണങ്ങളുമുണ്ട്. റോട്ട് വീലര്‍ നായ്ക്കള്‍ക്ക്  ഇക്വഡോര്‍, ഫ്രാന്‍സ്, ഇസ്രായേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, റൊമാനിയ, റഷ്യ, സ്‌പെയിന്‍, ഖത്തര്‍, ഉക്രെയ്ന്‍, മലേഷ്യ അടക്കം പതിനെട്ടോളം രാജ്യങ്ങളിലും അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും നിരോധനമുണ്ട്. ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ഹോങ്കോംഗ്, ഇസ്രായേല്‍, ന്യൂസിലാന്‍ഡ്, യു.കെ, എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഡോഗോ അര്‍ജന്റീനോസ് നായ്ക്കള്‍ക്ക് വിലക്കുകളും നിയന്ത്രണങ്ങളുമുണ്ട്. ഓസ്ട്രേലിയ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഹോങ്കോംഗ്, മലേഷ്യ, ഖത്തര്‍, സിംഗപ്പൂര്‍, തായ്ലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടെറിയര്‍ നായ്ക്കള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. മലേഷ്യ, ഖത്തര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിള്‍ മാസ്റ്റിഫുകള്‍ക്ക് നിരോധനമുണ്ട്.

വേണ്ടത് ഉത്തരവാദിത്ത നായപരിപാലനം

ഒരു ജനുസ്സില്‍ ഉള്‍പ്പെട്ടതുകൊണ്ട്  ആ ഇനത്തിലെ എല്ലാ നായ്ക്കളും ഒരുപോലെ അപകടകാരിയാണന്ന് വിലയിരുത്തുന്നത് ശാസ്ത്രീയമല്ല.ഒരു ജനുസ്സിലെ എല്ലാ നായ്ക്കളും ഒരേ സ്വഭാവ രീതികള്‍ പ്രകടിപ്പിക്കുന്നവയല്ല. ജനിതകസ്വഭാവത്തോടൊപ്പം നായ്ക്കളുടെ സ്വഭാവ രീതികളെ സ്വാധീനിക്കുന്ന അനുബന്ധ ഘടകങ്ങള്‍ അനവധിയുണ്ട്. ഉദാഹരണത്തിന് ശാസ്ത്രീയ ബ്രീഡിങ് നടത്തി, മികച്ച ജനിതകഗുണമുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത്, ചെറുപ്രായത്തില്‍ തന്നെ ശരിയായ പരിശീലനം നല്‍കി വളര്‍ത്തി കുടുംബത്തിന് മികച്ച കാവല്‍ക്കാരായി മാറ്റിയെടുത്ത റോട്ട് വീലര്‍ നായ്ക്കള്‍ കേരളത്തില്‍ അനേകമനേകം വീടുകളിലുണ്ട്. കുട്ടികളോട് പോലും അതീവ ഇണക്കവും കൂട്ടുമുള്ളവയാണ് അവ. പൊതുവെ ശാന്തസ്വഭാവക്കാരും അച്ചടക്കവും അനുസരണയുമുള്ളവരായി കണക്കാക്കുന്ന ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് പോലുള്ള നായ്ക്കള്‍ വളര്‍ത്തുരീതിയിലെ പിഴവുകൊണ്ട് അപകടകാരികളായി തീര്‍ന്നതിനും ഉദാഹരണമുണ്ട്. ഏത് ഇനം  നായ്ക്കളായാലും മോശം പരിപാലനം നടത്തുന്ന ഉടമകളുടെ കൈയ്യിലെത്തിയാല്‍  പ്രശ്‌നക്കാരായി തീരും എന്നതും യാഥാര്‍ത്ഥ്യമാണ്. ജനുസ്സുകളുടെ പ്രത്യേകതകളും സ്വഭാവങ്ങളും കൃത്യമായി മനസ്സിലാക്കാതെ സ്വതസിദ്ധമായി ആക്രമണത്വരയും പ്രവചനാതീത സ്വഭാവവുമുള്ള നായ്ക്കളെ  വളര്‍ത്താനായി തിരഞ്ഞെടുക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവയെ ചെറുപ്രായത്തില്‍ തന്നെശാസ്ത്രീയപരിശീലനം നല്‍കി സാമൂഹികവത്കരിക്കാതെ വളര്‍ത്തുന്നതും നായ്ക്കളെ കൂടുതല്‍ അപകടകാരികളാക്കും എന്നതും നായ നിരോധനങ്ങളുടെ കാലത്ത് നാം തിരിച്ചറിയേണ്ടതുണ്ട്. ഉത്തരവാദിത്ത പരിപാലനം എന്നത് നായ വളര്‍ത്തലില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു.

( മൃഗസംരക്ഷണവകുപ്പില്‍ വെറ്ററിനറി സര്‍ജനാണ് ലേഖകന്‍)

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs