വെള്ളമൊഴികെ മനുഷ്യര്‍ കഴിക്കുന്നൊരു ഭക്ഷണവും വേണ്ട; കന്നുകാലിക്ക് തീറ്റയൊരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പൊറോട്ടയും ചക്കയും പോലുള്ള അന്നജസമൃദ്ധമായ ആഹാരങ്ങള്‍ പശുക്കള്‍ക്കും ആടുകള്‍ക്കും നല്‍കിയാല്‍ അവയുടെ ആമാശയത്തില്‍ അത് ശരിയായ ദഹനം നടക്കാതെ പുളിക്കുകയും അധിക തോതില്‍ അമ്ലം ഉല്പാദിക്കപ്പെടുകയും അമ്ല-ക്ഷാര നില താഴുകയും ദഹനപ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും ചെയ്യും

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-06-17

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചാവുകയും ഒമ്പത് എണ്ണം അവശനിലയിലായ വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദുരന്തമുണ്ടായത്. പൊറോട്ടയും ചക്കയും അമിതമായി തീറ്റയില്‍ ചേര്‍ത്തതു മൂലം വയര്‍കമ്പനം നേരിട്ടാണ് പശുക്കള്‍ ചത്തതെന്നാണ് പോസ്റ്റുമോര്‍ട്ടം പരിശോധനക്ക് ശേഷം മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്.

പൊറോട്ടയും ചക്കയും പശുക്കളില്‍

മരണമുണ്ടാക്കുന്നത് എങ്ങനെ ?

പൊറോട്ടയും ചക്കയും പോലുള്ള അന്നജസമൃദ്ധമായ ആഹാരങ്ങള്‍ പശുക്കള്‍ക്കും ആടുകള്‍ക്കും നല്‍കിയാല്‍ അവയുടെ ആമാശയത്തില്‍ അത് ശരിയായ ദഹനം നടക്കാതെ പുളിക്കുകയും അധിക തോതില്‍ അമ്ലം ഉല്പാദിക്കപ്പെടുകയും അമ്ല-ക്ഷാര നില താഴുകയും ദഹനപ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും ചെയ്യും. അക്യൂട്ട് ലാക്ടിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ എന്ന ഗുരുതരമായ രോഗാവസ്ഥക്ക് ഇടയാക്കുകയും ചെയ്യും. അമ്ലവിഷബാധ ഗുരുതരമായാല്‍വയറ്റില്‍അമ്ലം ഉയര്‍ന്ന് കന്നുകാലികള്‍ തളര്‍ന്ന് വീഴുകയും ഒരുപക്ഷെ മരണം വരെ സംഭവിക്കുകയും ചെയ്യാം.ഈ അപകടത്തെ കുറിച്ചറിയാതെകര്‍ഷകര്‍ ചോറും ചപ്പാത്തിയും പൊറോട്ട ഉള്‍പ്പെടെ മറ്റ് ധാന്യവിഭവങ്ങളും സദ്യയുടെയും സല്‍ക്കാരത്തിന്റെയും ബാക്കി ആഹാരവുമെല്ലാം ആടുകള്‍ക്കും പശുക്കള്‍ക്കും നല്‍കുന്നതാണ് ഇത്തരം തീറ്റദുരന്തങ്ങള്‍ക്ക് കാരണമാവുന്നത്.

വെള്ളമൊഴികെ മനുഷ്യര്‍ കഴിക്കുന്ന  

ഒരു ഭക്ഷണവും കന്നുകാലിക്ക് വേണ്ട

ആടുമാടുകളില്‍ അമ്ലവിഷബാധ എന്ന ഉപാപചയപ്രശ്‌നം ഉണ്ടാവുന്നതിന്റെ കാരണം അറിയണമെങ്കില്‍ അവയുടെ ദഹനവ്യൂഹത്തിലെ പ്രത്യേകതകളെ കുറിച്ചറിയണം. മനുഷ്യരില്‍ നിന്നും മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ നാല് അറകളില്‍ ഒന്നാമത്തെ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. അയവെട്ടുന്ന മൃഗങ്ങളുടെ പ്രധാന തീറ്റയായ പുല്ലില്‍ അടങ്ങിയ നാരുകളുടെ ദഹനത്തിനും മാംസ്യനിര്‍മാണത്തിനും വേണ്ടിയുമാണ് സൂക്ഷമാണുസംവിധാനം മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.

പൂര്‍ണ്ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ പോലും ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്.  പണ്ടത്തില്‍  ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് നല്‍കുന്ന നാരുകളാല്‍ സമൃദ്ധമായ പുല്ലും വൈക്കോലും മാംസ്യസമൃദ്ധമായ പെല്ലറ്റും, പിണ്ണാക്കുമെല്ലാം മണിക്കൂറുകള്‍ സമയമെടുത്ത് തരാതരംപോലെ  ദഹിപ്പിച്ചും പുല്ലിലടങ്ങിയ നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും(മൈക്രോബിയല്‍ പ്രോട്ടീന്‍ ) പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് മിത്രാണുക്കള്‍ തയ്യാറാക്കി നല്‍കും.

നാരുകള്‍ ധാരാളം അടങ്ങിയ പുല്ലില്‍ നിന്നും വ്യത്യസ്തമായി അന്നജം ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയ ചോറ്, ചപ്പാത്തി, പൊറോട്ട ഉള്‍പ്പെടെ തീറ്റകള്‍ നല്‍കുമ്പോള്‍ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയവ്യൂഹത്തിലെ ഒന്നാം അറയായ റൂമനില്‍ വെച്ച് ശരിയായ സൂക്ഷമാണുദഹനം നടക്കില്ല. ശരിയായ ദഹനം നടക്കാതെ പുളിച്ച്  ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉത്പാദിപ്പിക്കപെടുന്നതിനും ആമാശയം അമ്ലം കൊണ്ട് നിറയുന്നതിനും അമ്ല-ക്ഷാര നില സ്വാഭാവികപരിധിയില്‍ താഴുന്നതിനും ഇടയാക്കും. ഇതാണ് അമ്ലവിഷബാധക്ക് കാരണമാവുന്നത്. അയവെട്ടല്‍ നിലയ്ക്കല്‍, വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട് , വയറിളക്കം, തളര്‍ച്ച, തീറ്റമടുപ്പ് , ദഹനക്കേട്, നടക്കാനുള്ള ബുദ്ധിമുട്ട്, വേദന കൊണ്ട് വയറ്റില്‍ കൈകാലുകള്‍ കൊണ്ട് ചവിട്ടല്‍ തുടങ്ങിയവ അമ്ലവിഷബാധയുടെ ആരംഭലക്ഷണങ്ങളാണ്.

രോഗലക്ഷണങ്ങള്‍ അസിഡോസിസിന്റെ തീവ്രത അനുസരിച്ച് വ്യത്യാസപ്പെടും. അമിതമായി അമ്ലം നിറഞ്ഞാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. അതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും. പണ്ടത്തില്‍ നിന്നും പുളിച്ച് തികട്ടിയ പച്ചനിറത്തിലുള്ള ദ്രാവകം വായിലൂടെ പുറത്തേയ്ക്ക് ഒഴുകുകയും നിര്‍ജലീകരണം മൂര്‍ച്ഛിക്കുകയും നാഡീസ്പന്ദനം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ് എന്നിവയെല്ലാം സാധാരണ നിലയില്‍ നിന്നും താഴുകയും ക്രമേണ പശുക്കളും ആടുകളും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണുപോവുകയും ചെയ്യും. ശ്വാസനതടസ്സവും ഉണ്ടാവും. വേഗത്തില്‍ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി മനുഷ്യര്‍ കഴിക്കുന്ന ആഹാരങ്ങള്‍ ഒന്നും തന്നെ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാതിരിക്കുക എന്നതാണ്.

 അമ്ലവിഷബാധ തടയാന്‍

1. ചോറും കഞ്ഞിയും ചപ്പാത്തിയും പൊറോട്ടയും മാത്രമല്ല, ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ ചക്ക, മാങ്ങ, പച്ചക്കറി അവശിഷ്ടങ്ങള്‍, ധാന്യപ്പൊടികള്‍, കപ്പ അടക്കമുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം അധിക അളവില്‍ നല്‍കുമ്പോഴും സംഭവിക്കുന്നത്അമ്ലവിഷബാധ തന്നെയാണ്. അധിക അമ്ലത മൂലം ഉണ്ടാവുന്ന കുഴപ്പങ്ങള്‍ തടയാന്‍ അന്നജം കൂടുതല്‍ അടങ്ങിയ തീറ്റകള്‍ കഴിച്ചുശീലമില്ലാത്ത ആടുകള്‍ക്കും പശുക്കള്‍ക്കും ഇത്തരം തീറ്റകള്‍ ഒറ്റയടിക്ക് നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. സ്ഥിരമായി പാലിച്ചുപോരുന്ന തീറ്റക്രമം തന്നെ തുടരുക. പെട്ടെന്ന് ഒരു ദിവസം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് തീര്‍ച്ചയായും ഒഴിവാക്കുക.

2.  തീറ്റക്രമത്തില്‍ മാറ്റം വരുത്തുകയോ പുതിയ തീറ്റ ഉള്‍പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തീറ്റ ക്രമമായി ശീലിപ്പിച്ച് ഘട്ടം ഘട്ടമായി മാത്രം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുക. സാന്ദ്രീകൃത തീറ്റകള്‍ നല്‍കുമ്പോള്‍ ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) 100 -150 ഗ്രാം വരെ പശുക്കള്‍ക്കും 50 ഗ്രാം വരെ ആടുകള്‍ക്കും നല്‍കാം.

3.  നാരുകളാല്‍ സമൃദ്ധമായ തീറ്റപ്പുല്ലും, വൈക്കോല്‍ വൃക്ഷയിലകള്‍ കന്നാരയില തുടങ്ങിയ മറ്റ് പരുഷാഹാരങ്ങളും കന്നുകാലികളുടെ ദൈനംദിന തീറ്റയില്‍ കൂടുതല്‍ ഉള്‍പെടുത്തുക .പെല്ലറ്റ്, ധാന്യപ്പൊടികള്‍,ബിയര്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ള സാന്ദ്രീകൃതതീറ്റകള്‍ ക്രമം പാലിച്ച് ഉല്പാദനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്‍കുക. തീറ്റക്രമം ശാസ്ത്രീയമായി ചിട്ടപ്പെടുത്താന്‍ ഈ മേഖലയിലെ വിദഗ്ധരുടെയോ അനുഭവസമ്പന്നരായ കര്‍ഷകരുടെയോ സേവനം തേടുക.

4.  ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ തീറ്റകള്‍ അബദ്ധവശാല്‍ നല്‍കിയതിന് ശേഷം മുന്‍പ് സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സര്‍ജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അധിക അമ്ല നിലയെ നിര്‍വീര്യമാക്കാനുള്ള പ്രതിമരുന്നുകള്‍ ആമാശയത്തിലേക്കും സിരകളിലേക്കും നല്‍കുന്നതാണ് പ്രധാന ചികിത്സ.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs