സെലിബ്രിറ്റികളുടെ കല്യാണ പന്തലിലെ താരം സോനയുടെ ഉദ്യാനത്തിലെ പൂക്കള്‍

രണ്ട് പതിറ്റാണ്ടിലേറെയായി അലങ്കാരപ്പൂക്കൃഷിയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പെരുമ്പാവൂര്‍കാരി സോന ഷെല്ലി

By നൗഫിയ സുലൈമാന്‍
2024-10-04

മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ അലങ്കരിക്കാനുള്ള പൂക്കള്‍ നല്‍കിയ അതേ പൂകര്‍ഷക തന്നെയാണ് ഇക്കുറിയും പൂക്കള്‍ നല്‍കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി അലങ്കാര പ്പൂക്കൃഷിയില്‍ നിറഞ്ഞു നില്‍ക്കുന്ന പെരുമ്പാവൂര്‍കാരി സോന ഷെല്ലിയാണത്. പൂക്കളെയും പൂച്ചെടികളെയും ഇഷ്ടപ്പെടുന്ന കര്‍ഷകയായ സോന ഷെല്ലിയുടെ വിശേഷങ്ങളിലേക്ക്.

തുടക്കം കുറ്റിമുല്ലയില്‍  

എറണാകുളം കൊരട്ടി സ്വദേശിയായ സോന കഴിഞ്ഞ 30 വര്‍ഷമായി പെരുമ്പാവൂര്‍കാരിയാണ്. ബിസിനസുകാരനായ ഷെല്ലിയുമായുള്ള വിവാഹശേഷമാണ് പെരുമ്പാവൂരിലേക്കെത്തുന്നത്. കൃഷിയൊക്കെയുള്ള കുടുംബമാണെങ്കിലും രണ്ടു മക്കളുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കുകള്‍ക്കിടയില്‍ സോനയ്ക്ക് അതിനൊന്നും സമയം കിട്ടിയില്ല. കുഞ്ഞുങ്ങള്‍ വളര്‍ന്നശേഷമാണ് പൂച്ചെടി കൃഷിയെന്ന ആശയം മനസിലേക്കെത്തുന്നതെന്നു സോന. കൃത്യമായി പറയുകയാണെങ്കില്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിമുല്ല കൃഷി ചെയ്തു കൊണ്ടായിരുന്നു തുടക്കം. ചെടികളോടും പൂക്കളോടുമൊക്കെ കുറച്ച് ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് മുല്ലച്ചെടി കൃഷി ചെയ്തു നോക്കുന്നത്. അതൊരു വിജയമായിരുന്നു. നൂറു ചട്ടിയില്‍ മുല്ലപ്പൂവ് കൃഷി ചെയ്തിരുന്നു. ദിവസം രണ്ട് കിലോ വരെ മുല്ലപ്പൂവ് ലഭിക്കുകയും ചെയ്തിരുന്നു.

കുറ്റിമുല്ല കൃഷി വിജയമായിരുന്നുവെങ്കിലും അതിനൊപ്പം കുറേ സമയവും അധ്വാനവും വേണമായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വലിയ പ്രശ്‌നം തന്നെയായിരുന്നു. രണ്ടു മക്കള്‍ക്കും ചെറിയ പ്രായമാണ്. മുല്ലപ്പൂവ് അതിരാവിലെ തന്നെ പറിച്ചെടുക്കണം. പെരുമ്പാവൂരില്‍ തന്നെയായിരുന്നു വിറ്റിരുന്നത്. പക്ഷേ പൂ പറിക്കലും പരിചരണവും മക്കളെ സ്‌കൂളിലേക്ക് അയക്കുന്നതിന്റെ തിരക്കുകളുമൊക്കെയായി കഷ്ടപ്പാടായി. മാത്രമല്ല മുല്ലച്ചെടികള്‍ക്ക് എപ്പോഴും മരുന്നു തളിക്കണം. എനിക്കാണേല്‍ രാസവളം നല്‍കാന്‍ വലിയ ഇഷ്ടമില്ല. മുല്ലച്ചെടികള്‍ക്ക് എപ്പോഴും ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. അങ്ങനെയാണ് മുല്ലകൃഷി ഒഴിവാക്കി അലങ്കാരച്ചെടികള്‍ നട്ടു പിടിപ്പിച്ച് തുടങ്ങുന്നത്. ഹെലികോണിയ പോലുള്ള ചെടികള്‍ നട്ടുകൊണ്ടാണ് അലങ്കാരച്ചെടികളുടെ കൃഷി ആരംഭിക്കുന്നത്. മിനി എന്ന കൂട്ടുകാരിയാണ് ആദ്യമായി ഹെലികോണിയ ചെടി നല്‍കുന്നത്. ഹെലികോണിയ കൃഷി എന്നല്ല പൂകൃഷി തന്നെയും അന്നാളില്‍ അത്ര സുപരിചിതമല്ല. കുറ്റിമുല്ല ചെടി പോലെ നിത്യേന വലിയ പരിചരണമൊന്നും  നല്‍കേണ്ടതില്ലെന്നതാണ് ഹെലികോര്‍ണിയ കൃഷി വിപുലമാക്കാനുള്ള പ്രധാന കാരണങ്ങളെന്നു സോന ഷെല്ലി പറഞ്ഞു.  

പരിചരണം എളുപ്പം  

ഹെലികോണിയ നട്ടുപിടിപ്പിക്കുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകളുണ്ടെന്നേയുള്ളൂ. പിന്നീടുള്ള പരിചരണം വലിയ പ്രശ്‌നമല്ലെന്നാണ് സോന പറയുന്നത്. വളമൊക്കെയിട്ട് ഹെലികോണിയ നട്ടുപിടിപ്പിക്കണം. തുടക്കത്തില്‍ ഏതാണ്ട് 15 തണ്ടുകളാണ് നട്ടത്. 22 വര്‍ഷം മുന്‍പ് നട്ടു പിടിപ്പിച്ച വെറൈറ്റി ഹെലികോണിയയ്ക്ക് ഇന്നും ആവശ്യക്കാരുണ്ട്. എനിക്കൊപ്പം വേറെ ചിലര്‍ ഹെലികോണിയ കൃഷി ആരംഭിച്ചിരുന്നു. പക്ഷേ അവരൊക്കെ പാതിവഴിയില്‍ അവസാനിപ്പിച്ചു. ഓഫ് സീസണ്‍ വരുമ്പോള്‍ ഓര്‍ഡറുകള്‍ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. തുടര്‍ച്ചയായി വിളവും വരുമാനവും കിട്ടാതെ വരുമ്പോള്‍ നഷ്ടമൊക്കെ വരാനും സാധ്യതയുണ്ടല്ലോ. അങ്ങനെയാണ് പലരും ഹെലികോണിയ കൃഷി അവസാനിപ്പച്ചത്. ചെറിയ നഷ്ടങ്ങളൊക്കെ സഹിച്ച് ഞാന്‍ കൃഷി തുടരുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ഡര്‍ ലഭിക്കുന്നതിലൊന്നും ഒരു കുറവ് ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ചിലപ്പോഴൊക്കെ ഓര്‍ഡര്‍ വരുന്നതിന് അനുസരിച്ച് കൊടുക്കാനുള്ള പൂക്കള്‍ ലഭിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം, സോന വ്യക്തമാക്കി.

ഇടവിളയായി ഹെലികോണിയ

ഒരേക്കര്‍ പറമ്പില്‍ തെങ്ങും തേക്കും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മാങ്കോസ്റ്റിനും റംബൂട്ടാനും മാവുകളും മുട്ടിപ്പഴവുമൊക്കെയായി ഫലവൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. തേക്കിന്റെയും മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയുമൊക്കെ ഇടവിള കൃഷിയാണ് ഹെലികോണിയ അടക്കമുള്ള ചെടികള്‍. തുടക്കത്തില്‍ പറമ്പില്‍ നിറയെ തേക്കുകളായിരുന്നു. അവയുടെ ഇടവിളയായിരുന്നു ഹെലികോണിയ. പിന്നീട് തേക്ക് വെട്ടിയതോടെ ഒരു ഭാഗം മുഴുവനും ഹെലികോണിയ ചെടികളായി മാറി. ആവശ്യക്കാരേറെയുള്ള നാലു വ്യത്യസ്ത ഇനങ്ങളാണ് തോട്ടത്തിലെ താരങ്ങള്‍. ടോര്‍ച്ച് ജിഞ്ചര്‍ പത്ത് വര്‍ഷം മുന്‍പ് നട്ടുപ്പിടിപ്പിച്ചവയാണ്. മൂന്നു വ്യത്യസ്ത നിറത്തിലുള്ള ടോര്‍ച്ച് ജിഞ്ചര്‍ ഇവിടുണ്ട്. ഈ ചെടി നട്ട കാലം മുതല്‍ ഇതിന് വലിയ ഡിമാന്റ് ഉണ്ട്. ഹെലികോണിയയിലെ ഐറിഷ് വിനോസ്‌കി, സെക്‌സി പിങ്ക്, റെഡ് എക്‌സ്  എന്നീ മൂന്നു നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.  പടക്കവാഴ എന്ന പേരിലറിയപ്പെടുന്ന ചെടിയുണ്ട്. താഴേക്ക് നീണ്ടു കിടക്കുന്ന തരത്തിലുള്ള പൂവുള്ളത്. ഇതൊരു വ്യത്യസ്ത ചെടിയാണ്. ഈ ചെടിയ്ക്ക് ഇടയ്‌ക്കൊക്കെ നല്ല ഡിമാന്റ് ഉണ്ടാകും. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ളവയാണിത്.

 കീടനാശിനി ആവശ്യമില്ലാത്ത പൂച്ചെടികളാണ് സോനയുടെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. തൈ നട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവയ്ക്ക് ചുറ്റും കള പിടിക്കും. അതൊക്കെ വെട്ടി വൃത്തിയാക്കണം. എന്നാല്‍ ചെടി കുറച്ച് വളര്‍ന്നു കഴിഞ്ഞാല്‍ ആ പ്രശ്‌നമില്ലാതാകും. വേനലില്‍ മൂന്നു ദിവസം കൂടുമ്പോള്‍ നന്നായി നനയ്ക്കും. ഇവിടുത്തെ കിണറ്റില്‍ വെള്ളം കുറഞ്ഞപ്പോ പറമ്പില്‍ തന്നെ മറ്റൊരു കിണര്‍ കുത്തുകയായിരുന്നു. കൃഷിഭവന്‍ സബ്‌സിഡി ഉപയോഗിച്ച് സ്പിംഗ്‌ളര്‍ ഇട്ടിട്ടുണ്ട്. ഗാര്‍ഡന്‍ ഗോള്‍ഡ് ഓര്‍ഗാനിക് എന്ന വളമാണ് ചെടികള്‍ക്ക് നല്‍കുന്നത്. മണ്ണിന്റെ പി എച്ച് ലെവല്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളൊക്കെ വര്‍ഷത്തില്‍ രണ്ട് തവണ ചെയ്യും

ഹെലികോണിയയില്‍ ഐറിഷും സെക്‌സി പിങ്കും 22 വര്‍ഷമായി സ്ഥിരമായി ഓര്‍ഡര്‍ ലഭിക്കുന്ന പൂക്കളാണെന്നു സോന പറയുന്നു. പുതിയ വെറൈറ്റീസും വരാറുണ്ട്. തിരുവനന്തപുരം പോലുള്ള ഇടങ്ങളില്‍ നിന്നാണ് തൈ ശേഖരിച്ചത്. ചെടികളില്‍ പലതും വിദേശീയരാണ്. അവിടെ നിന്ന് ഇംപോര്‍ട്ട് ചെയ്യുന്ന ചെടികളാണ് നമുക്ക് ഇവിടെ ലഭിക്കുന്നതിലേറെയും. കൃഷിയുടെ ആരംഭകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ഈ ചെടികളൊക്കെ പലരും കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ തോട്ടത്തില്‍ നിന്നുള്ള ചെടികളില്‍ നിന്നുള്ള ഇലകളും പൂക്കളുമൊക്കെയാണ് വില്‍ക്കുന്നതും ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌സിന് ഉപയോഗിക്കുന്നതും. ഹെലികോണിയ ചെടികളുടെ വെറൈറ്റികള്‍ക്കാണ് എന്നും ആവശ്യക്കാര്‍ കൂടുതല്‍. ഈ ചെടിയുടെ പൂവും തണ്ടും കുറേ സമയം വാടാതെ നില്‍ക്കുമെന്നതു തന്നെയാണ് ഡിമാന്റ് കൂട്ടുന്നതും. നല്ല ഉയരത്തില്‍ വയ്ക്കാവുന്ന തരത്തില്‍ ഈ ചെടി കട്ട് ചെയ്‌തെടുക്കാനും സാധിക്കുമല്ലോ. ഇവന്റ് മാനെജ്‌മെന്റ് നടത്തുന്നവരാണ് ഹെലികോണിയ കൊണ്ടുപോകുന്നവരിലേറെയും.

സെലിബ്രിറ്റികളുടെ കല്യാണങ്ങള്‍

 പടക്ക വാഴ ചെടിയുടെ ഒരു വ്യത്യസ്ത ഇനമാണ് ഐശ്വര്യ റായ് ബച്ചന്റെ വിവാഹത്തിന് ഇവിടെ നിന്നു കൊണ്ടുപോയത്. അന്നാളില്‍ ഈ ചെടി ഇവിടെ നിന്ന് അയക്കുമ്പോള്‍ ഏതു പരിപാടിയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇവന്റ് മാനെജ്‌മെന്റ് ടീമാണല്ലോ ചെടി വാങ്ങുന്നതൊക്കെ. കല്യാണചിത്രങ്ങള്‍ കണ്ട് നമ്മുടെ തോട്ടത്തിലെ ചെടികളാണിതെന്നു തിരിച്ചറിയുകയായിരുന്നു. ഇവിടെ നിന്നു മാത്രമല്ല കേരളത്തിലെ വ്യത്യസ്ത തോട്ടങ്ങളില്‍ നിന്നാണ് ഐശ്വര്യയുടെ കല്യാണത്തിന് വേണ്ടി പൂക്കള്‍ കൊണ്ടുപോയത്. അതിന് ശേഷം അത്രയും വലിയ മറ്റൊരു സെലിബ്രിറ്റി കല്യാണത്തിന് പൂക്കള്‍ അയക്കുന്നത് അംബാനി കുടുംബത്തിലേക്കാണ്. പക്ഷേ എവിടേക്കുള്ള ഓര്‍ഡറാണിതെന്നു പൂക്കള്‍ നല്‍കുമ്പോള്‍ തന്നെ നമുക്ക് അറിയാമായിരുന്നു. ടോപ്പ് ജിഞ്ചറാണ് അവര്‍ക്കായി അയച്ചത്. എന്റെയൊരു സുഹൃത്തിന് ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് ഉണ്ട്. അവരിലൂടെയാണ് നമ്മള്‍ പൂക്കള്‍ വില്‍ക്കുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിലേക്ക് മാത്രമല്ല വിദേശത്തേക്കും പൂക്കളും ചെടികളും ഇലകളും അയക്കും. ഏറെയും ഉത്തരേന്ത്യയില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിക്കുന്നത്.  ഹെലികോണിയ 30 രൂപ മുതല്‍ ഇവിടെ ലഭ്യമാണ്. കട്ട് ലീവ്‌സ് 30 രൂപ മുതല്‍ വില്‍ക്കുന്നുണ്ട്. 35 രൂപ മുതല്‍ പൂവുകള്‍ ലഭിക്കും. 1000 രൂപ വരെയുള്ള ടോര്‍ച്ച് ജിഞ്ചര്‍ ചെടിയുണ്ട്. ടോര്‍ച്ച് ജിഞ്ചറില്‍ മൂന്നു കളറുണ്ട്, ഡാര്‍ക് പിങ്ക്, ലൈറ്റ് പിങ്ക്, റെഡ് ഇതിന് മൂന്നിനും ഡിമാന്റുണ്ട്. നവംബര്‍ മുതല്‍ മേയ് വരെ  നിറയെ പൂക്കളുണ്ടാകുന്ന കാലമാണ്. മറ്റു സമയങ്ങളില്‍ പൂക്കളുണ്ടെങ്കിലും കുറവായിരിക്കുമെന്നും സോന പറഞ്ഞു.

ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്  

പൂക്കളും ഫ്‌ളവര്‍ അറേഞ്ച്‌മെന്റും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് കുറച്ചൊക്കെ അറിയുന്നൊരു വ്യക്തിയാണെങ്കില്‍ പൂകൃഷിയിലൂടെ മികച്ച വരുമാനം നേടാനാകും. പൂക്കളും വില്‍ക്കാം, ഒപ്പം പുറമേ നിന്നു ലഭിക്കുന്ന ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് വര്‍ക്കുകളും ഏറ്റെടുത്ത് ചെയ്തു കൊടുക്കാം. െ്രെബഡല്‍ ബൊക്കേകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ഹെലികോണിയ ഉപയോഗിച്ച് ബൊക്കേ ചെയ്യാനാകില്ല. സ്റ്റാന്‍ഡില്‍ വയ്ക്കുന്ന അറേഞ്ച്‌മെന്റ്‌സിനാണ് ഹെലികോണിയ ഉപയോഗിക്കുന്നത്. ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌സ് നാട്ടില്‍ മാത്രമേ നല്‍കുന്നുള്ളൂ. 2000-2500 രൂപ വിലയുള്ള ടോപ്പ് ജിഞ്ചര്‍ ബൊക്കേകളുണ്ട്. ഇതില്‍ മിക്‌സ് ചെയ്യാനുപയോഗിക്കുന്ന മറ്റു പൂക്കള്‍, വലിപ്പം എന്നിവയെ ആശ്രയിച്ചാണ് വില കൂടുന്നതും കുറയുന്നതും. പലരും ഗുഗിളില്‍ ഫോട്ടോ കാണിച്ച്് അതുപോലെ വേണമെന്നാണ് പറയുന്നത്. ആ കാണിക്കുന്ന ചിത്രത്തില്‍ ഇപോര്‍ട്ടഡ് പൂക്കളൊക്കെയാകും ഉണ്ടാകുക. അതൊക്കെ എടുക്കുമ്പോള്‍ നല്ല വില വരും. ടുലിപ്‌സ് ഒക്കെ വിദേശത്ത് നിന്നു കൊണ്ടുവരണമല്ലോ. അപ്പോ എന്തായാലും വില കൂടും. സാധാരണ നമ്മുടെ നാട്ടില്‍ ലഭ്യമായ പൂക്കള്‍ കൊണ്ടൊക്കെ ഫില്‍ ചെയ്തു ബൊക്കേ തയാറാക്കും, അതിന് അപ്പോ അത്ര വിലയാകില്ല. ബൊക്കേയും മാലയും കൊടുക്കാറുണ്ട്.  

പൂക്കളും ഫ്‌ലവര്‍ അറേഞ്ച്‌മെന്റും മോശമല്ലാത്ത വരുമാനം നല്‍കുന്നുണ്ട്. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയും തോട്ടത്തിലുണ്ട്. ഓര്‍ക്കിഡും തുടങ്ങിയവയും തോട്ടത്തിലുണ്ട്. ഓര്‍ക്കിഡും ആന്തൂറിയവും വിപുലമായ അളവില്‍ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന അവസരങ്ങളില്‍ തോട്ടത്തിലുള്ളവ തികയാതെ വരുന്ന സാഹചര്യമുണ്ട്. ആ സമയങ്ങളില്‍ പുറമേ നിന്നു വാങ്ങിക്കും. ജിഞ്ചര്‍ ലില്ലി, സിഗാര്‍ ജിഞ്ചര്‍, റെഡ് ജിഞ്ചര്‍  ഇതൊക്കെയുണ്ട്. വൈറ്റിലയില്‍ സര്‍ക്കാരിന്റെ ആര്‍ എ സി റ്റി സി എന്ന സ്ഥാപനത്തില്‍ നിന്നാണ് പൂച്ചെടികളുടെ കാര്യങ്ങളൊക്കെ പഠിച്ചത്. എന്റെയൊരു ഫ്രണ്ട് ഫ്‌ലവര്‍ അറേഞ്ച്‌മെന്റ് ക്ലാസ് നടത്തിയിരുന്നതിലും പങ്കെടുത്തിട്ടുണ്ട്.  പൂക്കൃഷിക്ക് കൃഷി ഭവന്റെ പിന്തുണയ്ക്കും സോനയ്ക്ക് ലഭിക്കുന്നുണ്ട്. 2010ല്‍ ഡോ.എം.എസ് സ്വാമിനാഥന്റെ മികച്ച പുഷ്പ കര്‍ഷക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മക്കളായ എല്‍ദോ ഷെല്ലിയും അശ്വിന്‍ ഷെല്ലിയും മരുമകള്‍ സോന എല്‍ദോയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.

Leave a comment

സെലിബ്രിറ്റികളുടെ കല്യാണ പന്തലിലെ താരം സോനയുടെ ഉദ്യാനത്തിലെ പൂക്കള്‍

മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…

By നൗഫിയ സുലൈമാന്‍
കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
തെങ്ങിന് ഇടവിളയായി പൂക്കൃഷി

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…

By Harithakeralam
ഹൈഡ്രാഞ്ചിയ നിറയെ പൂക്കള്‍

നമ്മുടെ പൂന്തോട്ടത്തില്‍ സ്ഥിരമായുണ്ടാകുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. കുറ്റിച്ചെടികളായി വളരുന്ന ഈയിനത്തില്‍ കുലകളായിട്ടാണ് പൂക്കളുണ്ടാകുക. വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍…

By Harithakeralam
ഏതു കാലാവസ്ഥയിലും വസന്തമൊരുക്കി ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs