വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

നല്ല ഉല്‍പാദനക്ഷമതയുള്ള രോഗ-കീട ബാധയില്ലാത്ത കുരുമുളക് വള്ളികളില്‍ നിന്ന് ഏകദേശം ഒരു വര്‍ഷം പ്രായമായ ചെറുമുകുളങ്ങളോട് കൂടിയ പാര്‍ശ്വശിഖരങ്ങള്‍ മുറിച്ചെടുക്കുക.

By Harithakeralam
2024-11-05

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക് ലഭ്യമാകും, വിളവെടുപ്പ് സുഗമവും ചെലവ് കുറഞ്ഞതുമാണ്.  ഏകദേശം ആറുമാസം വളര്‍ച്ചയെത്തുമ്പോള്‍ തന്നെ വിളവെടുക്കാം.

തൈകള്‍ തയ്യാറാക്കുന്ന രീതി

നല്ല ഉല്‍പാദനക്ഷമതയുള്ള രോഗ-കീട ബാധയില്ലാത്ത കുരുമുളക് വള്ളികളില്‍ നിന്ന് ഏകദേശം ഒരു വര്‍ഷം പ്രായമായ ചെറുമുകുളങ്ങളോട് കൂടിയ പാര്‍ശ്വശിഖരങ്ങള്‍ മുറിച്ചെടുക്കുക. ശാഖകളില്‍ തളിരില്ലാത്ത സമയത്തും വിളവെടുപ്പിനു ശേഷവും പാര്‍ശ്വ ശിഖരങ്ങള്‍ ശേഖരിക്കുന്നതാണ് ഉത്തമം. ഇവ അതിരാവിലെയോ വൈകുന്നേരമോ വള്ളികളില്‍ നിന്ന് മുറിച്ചെടുത്ത് ബക്കറ്റിലെടുത്ത വെള്ളത്തില്‍ ശേഖരിച്ചാല്‍ ശാഖകള്‍ ജലനഷ്ടം മൂലം വാടുന്നത് ഒഴിവാക്കാം. ശാഖകള്‍ ദശാംശം രണ്ടു ശതമാനം (2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) വീര്യമുള്ള കോപ്പര്‍  ഓക്സി ക്ലോറൈഡ് ലായനിയില്‍ 20-30 മിനിറ്റ് വരെ മുക്കി വെക്കുക. അതിനുശേഷം 3 മുതല്‍ 4 വരെ മുട്ടുകളുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇപ്രകാരം തയ്യാറാക്കിയ ശിഖരങ്ങളുടെ അടിഭാഗം മൂര്‍ച്ചയുള്ള കത്തികൊണ്ട്  ചരിച്ചു മുറിച്ചശേഷം മുറിഭാഗം ഐ.ബി.എ അല്ലെങ്കില്‍ ഐ.എ.എ. ഹോര്‍മോണ്‍ ലായനിയില്‍ അല്ലെങ്കില്‍ അവ അടങ്ങിയിട്ടുള്ള ഹോര്‍മോണ്‍ പൊടിയില്‍ മുക്കിയതിനുശേഷം (കെരാഡിക്സ്, റൂട്ടെക്സ് പോലുള്ളവ).

കൂടുതലായുള്ള ഹോര്‍മോണ്‍ പൊടി നീക്കം ചെയ്ത ശേഷം ചെറിയ നനവുള്ള അഴുകിയ ചകിരിച്ചോറ് - കമ്പോസ്റ്റ് മൂന്നിലൊരു ഭാഗം നിറച്ച പോളിത്തീന്‍ കൂടുകളില്‍ (45X30 സെ.മീ) നടുക. നടുന്നതിനു മുന്‍പ് ഇത്തരം ശാഖകളുടെ ഇലകളുടെ പകുതി നീക്കം ചെയ്യുന്നത് ഇലകളില്‍ നിന്നുള്ള ജലനഷ്ടം കുറയ്ക്കാന്‍ സാധിക്കും. ഒന്നു മുതല്‍ നാലുവരെ ശിഖരങ്ങള്‍ ഒരു കവറില്‍ നടാം. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ കൂടിന്റെ വായ്ഭാഗം ചരടുപയോഗിച്ചു ബന്ധിച്ച ശേഷം ചിത്രത്തില്‍ കാണുന്ന വിധം തണലില്‍ തൂക്കിയിടുക. 35 ദിവസം മുതല്‍ 50 ദിവസമാവുമ്പോഴേക്ക് ഏതാണ്ട് അഞ്ചോ ആറോ വേരുകളുണ്ടാകും. ഈ സമയമാകുമ്പോള്‍ ബാഗ് തുറന്നു വേരുപിടിച്ച ശിഖരങ്ങള്‍ മണ്ണ്, മണല്‍, ചാണകപ്പൊടി തുല്യ അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളിലേക്ക് (25X15 സെ.മി) മാറ്റി നട്ടതിനു ശേഷം തണലില്‍ വെച്ച് ആവശ്യത്തിനു ജലസേചനം നല്‍കുക. ഇവ മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും നല്ല വേരുകളുള്ള കുറ്റികുരുമുളക് തൈകളായി തീരും.

ചകിരിച്ചോറിനു പകരം തുല്യാനുപാതത്തില്‍ കൂട്ടി ചേര്‍ത്ത മണ്ണ്, മണല്‍, ചാണകപ്പൊടി മിശ്രിതം ഉപയോഗിച്ചു വേരു പിടിപ്പിക്കാവുന്നതാണ്. ഇതനുസരിച്ച് 15X10 സെ.മി വലിപ്പമുള്ള പോളിത്തീന്‍ ബാഗുകളില്‍ മേല്‍ മിശ്രിതം നിറച്ചു ശേഷം ഹോര്‍മോണ്‍ ലായനിയില്‍ മുക്കിയ പാര്‍ശ്വശിഖരങ്ങള്‍ നട്ടതിനുശേഷം മറ്റൊരു കവര്‍ ഉപയോഗിച്ചു മേല്‍ഭാഗം മൂടി തണലില്‍ വെച്ച് നനച്ച് കൊടുക്കുക. വന്‍തോതില്‍ തൈകള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ഓരോ പോളിത്തീന്‍ ബാഗും മൂടുന്നതിനു പകരം ഈ ബാഗുകളെല്ലാം തന്നെ ഒരു ഈര്‍പ്പ ചേംബറിലും വെച്ച് വേരു പിടിപ്പിച്ചേക്കാം. ഇതിനായി പി.വി.സി പൈപ്പുകള്‍ റ ആകൃതിയില്‍ വളച്ചെടുത്ത് പോളിത്തീന്‍ ഷീറ്റ് ഇതിനു മുകളിലായി വിരിച്ചു തറ നിരപ്പിനു മുകളിലായി ഈര്‍പ്പ അറ നിര്‍മിക്കാം. അല്ലെങ്കില്‍ 75 സെ.മി ആഴത്തിലും ഒന്നര മീറ്റര്‍ വീതിയിലും ആവശ്യത്തിന് നീളത്തിലും തറനിരപ്പിനു താഴെയായി കുഴികളെടുത്ത് ഈര്‍പ്പ അറകള്‍ തയ്യാറാക്കാം. ഇതിനുളളില്‍ പോളിത്തീന്‍ കവറുകള്‍ തയ്യാറാക്കി തൈകള്‍ വെച്ച് പോളിത്തീന്‍  ഷീറ്റുകള്‍ കൊണ്ട് മൂടിവെക്കണം. രണ്ട് രീതിയിലും അറകളിലെ ഈര്‍പ്പം കുറയുമ്പോള്‍ ജലസേചനം നല്‍കേണ്ടതാണ്. കൂടാതെ ഇവയില്‍ ഒരിക്കലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുവാന്‍ പാടുള്ളതല്ല.

സപ്റ്റംബര്‍ മുതല്‍ ജനുവരിവരെ അനുയോജ്യം

സപ്റ്റംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളാണ് കുറ്റിക്കുരുമുളക് തൈ ഉല്‍പാദിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യം.  ഏതിനം വേണമെങ്കിലും കുറ്റികുരുമുളകാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ശ്രീകര, ശുഭകര, തേവം തുടങ്ങിയവയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പന്നിയൂര്‍ 1 മുതല്‍ 9 വരെയുള്ള ഇനങ്ങളും ഇതിന് അനുയോജ്യമാണ്. പാര്‍ശ്വശാഖകള്‍ വേരുപിടിപ്പിക്കുന്നത് കൂടാതെ ദ്യുതവാട്ടത്തെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള ബ്രസീലിയന്‍ കാട്ടുകുരുമുളകില്‍ (പെപ്പര്‍, കോളുബ്രിനം)  ഒട്ടിച്ചും കുറ്റികുരുമുളക് താഫ്റ്റ് ചെടികള്‍ ഉണ്ടാക്കാം. ഇതിനായി പാര്‍ശ്വ ശാഖകള്‍ ഒട്ടിച്ച് ഒട്ടു കുരുമുളകും ചെന്തല അല്ലെങ്കില്‍ കേറുതല ഒട്ടിച്ച് സാധാരണ മരത്തില്‍ വളര്‍ത്താവുന്ന കുരുമുളകും തയ്യാറാക്കാം. രണ്ട് - മൂന്ന് മാസം പ്രായമായ വേരു പിടിപ്പിച്ച ബ്രസീലിയന്‍ കാട്ടുകുരുമുളകാണ് രണ്ട് രീതിയിലും മൂലകാണ്ഡമായി ഉപയോഗിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഒട്ട് ചെടികള്‍ തയ്യാറാകും.

ചട്ടിയില്‍ നടുന്ന വിധം

ഏകദേശം 4-6 മാസം പ്രായമായ കുറ്റികുരുമുളക് ചെടികള്‍ ഏകദേശം 10 കി.ഗ്രാം നടീല്‍ മിശ്രിതം (മണ്ണ്, മണല്‍, ചാണകപൊടി എന്നിവ തുല്യ അനുപാതത്തില്‍ കൂട്ടികലര്‍ത്തിയത്) നിറച്ച ചട്ടിയിലേക്ക് മാറ്റി നടുക. നട്ടതിനു ശേഷം പുതയിട്ട് രണ്ടു നേരം നനയ്ക്കണം. ഇവ രണ്ട് ആഴ്ചയെങ്കിലും തണലില്‍ വെക്കണം. പിന്നീട് ഈ ചെടികള്‍ ഭാഗികമായ 50 ശതമാനം തണലില്‍ പൂന്തോട്ടങ്ങളില്‍ അല്ലെങ്കില്‍ ടെറസുകളില്‍ വെക്കാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ ചട്ടിയൊന്നിന് 100 ഗ്രാം ഉണക്കിപൊടിച്ച ചാണകം, രണ്ടുമാസത്തിലൊരിക്കല്‍ രണ്ട് ഗ്രാം യൂറിയ, 3 ഗ്രാം വീതം സൂപ്പര്‍ ഫോസ്‌ഫേറ്റ്, മുറിയേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കില്‍ എന്‍.പി. കെ. മിശ്രിതം (18:18:18) ഒരു ടീസ്പൂണ്‍ എന്ന തോതില്‍ വളം ചെയ്യാം. രാസവളങ്ങള്‍ക്ക് പകരമായി വിവിധ ജൈവവളങ്ങളായ മണ്ണിരകമ്പോസ്റ്റ്, കടലപിണ്ണാക്ക്, വേപ്പില്‍ പിണ്ണാക്ക്, എല്ലു പൊടി നേര്‍പ്പിച്ച ബയോഗ്യാസ് സ്ലറി തുടങ്ങിയവയും ഉപയോഗിക്കാം. ആറ് മാസത്തിലൊരിക്കല്‍ ചട്ടിയൊന്നിന് 50 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്.

നിലത്ത് നടുന്ന വിധം

2X2 മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തിലുള്ള കുഴികളെടുത്ത് മേല്‍മണ്ണ്. കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി ചേര്‍ത്ത് കുഴികള്‍ നിറയ്ക്കുക, അതില്‍ തൈകള്‍ നടുക. ഒരു ഹെക്ടറില്‍ 2500 തൈകള്‍ നടാം. ചെടികള്‍ക്ക് തണല്‍ നല്‍കുന്നതിനായി 6 മീറ്റര്‍ അകലത്തില്‍ കൊന്ന പോലെയുള്ള തണല്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കേണ്ടതാണ്. 7.5 മീറ്റര്‍ അകലത്തില്‍ നട്ടിട്ടുള്ള തെങ്ങിന്‍ തോട്ടത്തില്‍ 2×1.8 അകലത്തില്‍ കുറ്റി കുരുമുളക് നടാം.  തറയില്‍ നട്ട ചെടികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ 5 കിലോ ചാണകവും നാലു മാസത്തിലൊരിക്കല്‍ 20 ഗ്രാം യൂറിയ 30 ഗ്രാം പൊട്ടാസ്യം എന്നിവയും നല്‍കാം. വര്‍ഷത്തില്‍ രണ്ട് തവണ (ജൂണ്‍/സെപ്തംബര്‍) ദശാംശം രണ്ട് ശതമാനം (2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി ചെടി ഒന്നിന് 100 മില്ലി.ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചു കൊടുക്കാം. മാസത്തിലൊരിക്കല്‍ അക്കോമിന്‍ 3 മില്ലി.ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കുന്നത് രോഗങ്ങള്‍ വരുന്നത് തടയും.

പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യുന്ന രാസകുമിള്‍ കീടനാശിനികള്‍ക്ക് പകരമായി സുഡോമോണസ് ലായനി (20 ഗ്രാം 1 ലിറ്റര്‍) വെള്ളത്തില്‍ നീം സോപ്പ് (15ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) വേപ്പധിഷ്ഠിത കീടനാശിനികള്‍ (5.7 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാം. കൂടാതെ ട്രൈക്കോഡര്‍മ്മ സമ്പുഷ്ട ചാണകപ്പൊടി വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കുന്നത് വാട്ടരോഗം കുറക്കുന്നതിനു സഹായിക്കും. ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഒരു ചെടിയില്‍ നിന്ന് ഏകദേശം 500 ഗ്രാം മുതല്‍ ഒന്നരകിലോ വരെ പച്ചക്കുരുമുളക് രണ്ടാം വര്‍ഷം മുതല്‍ ലഭ്യമാകും. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ വില്‍പ്പന കൗണ്ടറില്‍ നിന്നും കുറ്റികുരുളക് തൈകള്‍ ലഭ്യമാണ്.

തയ്യാറാക്കിയത് : സി.കെ. തങ്കാണി, എസ്. ഹംസ, പി.എസ്. മനോജ്, വി. ശ്രീനിവാസന്‍

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs